- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയാല്‍ ഇഡി അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കും; പിണറായി പുത്രന്റെ കാര്യത്തില്‍ അത് നടന്നില്ല; മഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു? 'ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു'; ഇഡി നോട്ടീസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി കെ സി വേണുഗോപാല്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത
കണ്ണൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് നല്‍കിയ വിവരം രഹസ്യമാക്കി വെച്ചതില്‍ ദുരൂഹത ആരോപിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇ.ഡി.യും സി.പി.എമ്മും ഈ വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി. 2023-ലാണ് സമന്‍സ് നല്‍കിയത്, എന്നാല്‍ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയാല്‍ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി., മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തില്‍ അത്തരം പ്രചരണത്തിന് മുതിര്‍ന്നില്ല. നാഷണല്‍ ഹെറാള്‍ഡ് കേസ്, ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്റെ കേസ് തുടങ്ങിയവയില്‍ ഇ.ഡി. കാട്ടിയ കോലാഹലം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു, കേസിന്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യല്‍ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഇ.ഡി. മറുപടി പറയണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇ.ഡി.യുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിച്ചാല്‍ പോലും, മുഖ്യമന്ത്രിയും സി.പി.എമ്മും എന്തുകൊണ്ട് അന്ന് ഈ സമന്‍സിനെതിരെ പ്രതികരിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇ.ഡി.യുടേത് പോലെ സമന്‍സിന്റെ വിവരം രഹസ്യമാക്കി വെക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു. ഈ ഒളിപ്പിച്ചുവെക്കല്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും തമ്മില്‍ കേരള ഹൗസിലെ പ്രഭാതഭക്ഷണവും ഉദ്യോഗസ്ഥരില്ലാതെയുള്ള സന്ദര്‍ശനവും നടന്നത് ഇതിനിടയിലാണ്. 'ഇതെല്ലാം കൂട്ടിവായിച്ചാല്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തമാണ്. അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്,' കെ.സി. വേണുഗോപാല്‍ പറഞ്ഞു. 'മടിയില്‍ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും, വസ്തുനിഷ്ഠമായി മറുപടി പറയണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.
2013 ഫെബ്രുവരി 14ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് വിവേക് കിരണ് നോട്ടീസ് അയച്ചത്. വിവാദമായ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്നാണ് പറയപ്പെടുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായ ദിവസമാണ് വിവേക് കിരണനോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളാണ് സാധാരണ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുക. ലൈഫ് മിഷന്‍ കേസില്‍ വിവേക് കിരണിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മകന്റെ പേരും സജീവ ചര്‍ച്ചയാകുകയാണ്.
വിവേക് കിരണിന് നോട്ടീസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസിലെ വിലാസത്തിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ്. നോട്ടീസ് പ്രകാരം വിവേക് കിരണ്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായില്ല എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പിന്നീട് എന്താണ് സംഭവിച്ചത് എന്നും അവ്യക്തമായി തുടരുന്നു.
ഇഡിയുടെ നോട്ടീസ് ലഭിക്കുന്ന വ്യക്തി, ആവശ്യപ്പെടുന്ന തിയ്യതിയില്‍ ഹാജരാകുകയാണ് ചെയ്യുക. അല്ലെങ്കില്‍ തടസം വിശദമാക്കി മറ്റൊരു തിയ്യതി ആവശ്യപ്പെടും. ഇഡി പുതിയ നോട്ടീസ് അയക്കുകയും ചെയ്യും. അല്ലെങ്കില്‍ നോട്ടീസ് ലഭിക്കുന്ന വ്യക്തി കോടതിയെ സമീപിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയാന്‍ ശ്രമിക്കും. എന്നാല്‍ വിവേക് കിരണിന് അയച്ച നോട്ടീസിന് എന്താണ് പിന്നീട് സംഭവിച്ചത് എന്ന് വ്യക്തമല്ല.
പിണറായി വിജയന്‍ എന്‍ഡിഎ മുഖ്യമന്ത്രിയാണോ എന്ന ചോദ്യമാണ് വിവേക് കിരണിനെതിരായ നോട്ടീസ് സംബന്ധിച്ച പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉന്നയിച്ചത്. ഇഡിയുടെ നടപടിയിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്രിവാളിന്റെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായി കണക്കാക്കുന്ന വ്യക്തിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. ഇതേ കാലത്താണ് ഹേമന്ത് സോറനെയും പിന്നീട് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. പിണറായി വിജയന്‍ എന്‍ഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിയാണോ എന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെ അഡ്ജസ്റ്റ്‌മെന്റിനെ തുടര്‍ന്നാണെന്ന ആക്ഷേപം ശക്തമാണ്. ഈ വാദം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതും.