- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും തന്നെ നീക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ ചെക്ക് വെക്കുകയാണ് കെ സുധാകരന്‍ ഇന്ന് ചെയ്തത്. മാധ്യമങ്ങള്‍ക്ക് വിശദമായ അഭിമുഖം നല്‍കിയ സുധാകരന്റെ വാക്കുകള്‍ നല്ല മൂര്‍ച്ഛയോടെ തന്നെയായിരുന്നു. തന്നെ അപമാനിച്ച് ഇറക്കിവിടാന്‍ നോക്കണ്ട എന്നാണ് സുധാകരന്‍ ഇന്ന് വ്യക്തമാക്കിയ കാര്യം. സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റി പകരം മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതേസമയം നേതൃത്വം തന്നോട് മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
കണ്ണൂരില്‍ നിന്നുള്ള എംപികൂടിയായ കെ സുധാകരനെ എഐസിസി സെക്രട്ടറിയാക്കി പ്രശ്നം പരിഹരിക്കാനമെന്ന ധാരണയിലായിരുന്നു ചില നേതാക്കള്‍. എന്നാല്‍ സംസ്ഥാന രാഷ്ട്രീയം വിട്ടുകളിക്കാന്‍ സുധാകരന് താല്‍പ്പര്യമില്ല. തന്നോട് മാറാനേ ഹൈക്കമാന്‍ഡ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോള്‍ അത് സുധാകരന്റെ പൊരുതാന്‍ ഉറച്ച തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേസമയം കേരളത്തിലുള്ള ദീപാ ദാസ് മുന്‍ഷി ഒരിക്കല്‍ കൂടി സുധാകരനുമായി ചര്‍ച്ച നടത്തിയേക്കും.
കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന് ഒരുപോലെ നിര്‍ണായകമാണ്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി കേരളത്തില്‍ കോണ്‍ഗ്രസിന് ഭരണമില്ല. ഒരു ടേം കൂടി ഭരണമില്ലാത്ത അവസ്ഥയുണ്ടായാല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലാവും. എന്നാല്‍, സുധാകരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ പ്രതിപക്ഷനേതാവിന്റെ പോരായ്മകളും ചര്‍ച്ചയാകുന്നുണ്ട്. സഭയ്ക്ക് അപ്പുറത്തേക്ക് ശോഭിക്കാന്‍ വി ഡി സതീശന് സാധിക്കുന്നില്ലെന്നാതാണ് പോരായ്മ. അണികളുമായും നേതാക്കളുമായും ബന്ധം കുറവാണെന്ന ആക്ഷേപവും സതീശനെതിരെയുണ്ട്.
ഇതിനിടെയാണ് നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ കടന്നത് റോജി എം ജോണിന്റെ പേര് മുന്നോട്ടുവെച്ച് പ്രതിപക്ഷത്തെ മുഖ്യ മുഖമായി താന്‍ മാറുക എന്നതായിരുന്നു സതീശന്‍ ഉദ്ദേശിച്ചത്. എന്നാല്‍, മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന നില വന്നതോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഒരാളെ കെപിസിസി അധ്യക്ഷനാക്കമെന്ന ആവശ്യം ഉയര്‍ന്നു. ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്തുക എന്ന ഫോര്‍മുല മുന്നോട്ടു വെച്ചത് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനെയും ശശി തരൂരിനെയും രമേശ് ചെന്നിത്തലയെയും വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.
ഇതിനിടെയാണ് പതിവിന് വിപരീദമായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ നേതൃത്വം രംഗത്തുവന്നു എന്ന വാര്‍ത്ത വന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള എംപി ആന്റോ ആന്റണി, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. സഭാ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചുെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടാണ് ബിഷപ്പുമാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പോലൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനെ നിശ്ചയിക്കാന്‍ സഭ പേര് മുന്നോട്ടുവെച്ചു എന്നത് അസാധാരണമായി കോണ്‍ഗ്രസ് അണികള്‍ കരുതുന്നു.
ക്രൈസ്തവ സഭാ വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയരുന്നതിനിടെയാണ് സഭാ നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അടക്കമുള്ളവരാണ് കെ സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചേക്കും. ആന്റോ ആന്റണിക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.
കത്തോലിക്കാ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമത്തിനിടെ മറ്റു സമുദായങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുമെന്ന അവസ്ഥ വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. സണ്ണിയെയോ ആന്റോയെയോ അധ്യക്ഷനാക്കിയാല്‍ ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് അടുക്കുമോ എന്ന ചോദ്യവും ഒരു വിഭാഗം നേതാക്കല്‍ ചോദിക്കുന്നുണ്ട്. സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. സോഷ്യല്‍ മീഡിയയിലും കെ എസ് ബ്രിഗേഡ് അമര്‍ഷത്തിലാണ്. സൈബറിടതതില്‍ സുധാകനെ അനുകൂലിച്ചു കൊണ്ട് നിരവധി പോസ്റ്റുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കത്തോലിക്കാ സഭ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നോമിനികളെ നിര്‍ദേശിച്ചു എന്ന വാര്‍ത്തകള്‍ കൂടി വന്നതോടെ അമര്‍ഷം കടുക്കുന്ന അസ്ഥയിലാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടി അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കുന്നു എന്നതാണ് പൊതുവില്‍ ഉയരുന്ന വികാരം.
സുധാകരന്‍ എതിര്‍പ്പുയര്‍ത്തിയതോടെ കെ സുധാകരന്റെകൂടി അനുമതിയോടെയായിരിക്കണം നേതൃമാറ്റമെന്നാണ് എഐസിസിയുടെ തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരനെ മാറ്റാനായിരുന്നു പ്ലാന്‍. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയതോടെ എഐസിസി വെട്ടിലായി. സുധാകരനെ പിണക്കിയുള്ള നേതൃമാറ്റത്തിന് ദേശീയ നേതൃത്വം തല്‍ക്കാലം ഒരുക്കമല്ല.
ഗുജറാത്ത് സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടുവെങ്കിലും പ്രത്യേകിച്ച് ഒരു നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാവുമെന്നായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. നേതൃമാറ്റത്തെകുറിച്ച് കെസിയും പ്രതികരിക്കുന്നില്ല.
എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ അനൈക്യമാണ് പ്രധാനമായും ഹൈക്കമാന്റിനെ ധരിപ്പിച്ചിരിക്കുന്നത്. നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാറ്റം ഉണ്ടായാല്‍ അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തിയത്. ഒപ്പം കൊടിക്കുന്നില്‍ സുരേഷും കെ പി സി സി അധ്യക്ഷസ്ഥാനത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമ്പോള്‍ പകരക്കാരനായി ഒരുവിഭാഗം നേതാക്കള്‍ കൊടിക്കുന്നിലിന്റെ പേരായിരുന്നു ഉയര്‍ത്തിക്കാട്ടിയിരുന്നത്. ദലിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ കെ പി സി സി അധ്യക്ഷനായി വരുന്നത് കേരളത്തിലെ ദലിത് വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നായിരുന്നു വാദം. കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി നടത്തിയ കൂടിക്കാഴ്ചകളെല്ലാം ലക്ഷ്യം കാണാതെ വന്നതോടെ നേതാക്കളും ആശങ്കയിലാണ്.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സുധാകരനെ അടിയന്തിരമായി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പകരം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും എതിര്‍പ്പുകള്‍ ശക്തമാവുമെന്ന ആശങ്ക എ ഐ സി സി നേതൃത്വത്തിനുമുണ്ട്.