- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കം
കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കം

കണ്ണൂര്‍: സി.പി.എമ്മിന്റെ കരുത്തരായ നേതാക്കളുടെ കോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ നീക്കം. സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ് മുന്‍ എം.എല്‍.എയുമായ സി.കെ.പി. പത്മനാഭനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കെ. സുധാകരന്‍ നേരിട്ട് രംഗത്തിറങ്ങി. സി.കെ.പിയുടെ വീട്ടിലെത്തി സുധാകരന്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒരു കാലത്ത് സി.പി.എമ്മിന്റെ കരുത്തുറ്റ മുഖമായിരുന്ന സി.കെ.പി പത്മനാഭനെ പാര്‍ട്ടി ഒതുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2011-ല്‍ പി. ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടിക്ക് പരാതി നല്‍കിയതാണ് സി.കെ.പിയുടെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയായത്. പിണറായി വിജയന്റെ വിശ്വസ്തനായ ശശിക്കെതിരെ വിഎസ് പക്ഷക്കാരനായ സി.കെ.പി പട നയിച്ചതോടെ ഔദ്യോഗിക പക്ഷം അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു എന്നാണ് ആക്ഷേപം.
അവഗണനയുടെ നാള്‍വഴി:
2011 ല്‍ എല്ലാ പദവികളില്‍ നിന്നും നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കര്‍ഷകസംഘം ഫണ്ട് തിരിമറി എന്ന പേരില്‍ കള്ളനെന്ന് മുദ്രകുത്തി ബലിയാടാക്കി. 2024 നവംബറില്‍ മാടായി ഏരിയ കമ്മിറ്റിയില്‍ നിന്നുപോലും ഒഴിവാക്കി വെറും പാര്‍ട്ടി അംഗം മാത്രമാക്കി മാറ്റി.
പാര്‍ട്ടി തന്നെ കള്ളനെന്ന് വിളിച്ചതിലുള്ള മാനസിക വിഷമമാണ് തന്നെ രോഗിയാക്കിയതെന്ന് സി.കെ.പി പത്മനാഭന്‍ നേരത്തെ തുറന്നടിച്ചിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലുള്ള അദ്ദേഹത്തെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍, താന്‍ വിഭാഗീയതയുടെ ഇരയാണെന്നും ഓഫീസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും സികെപി വിശ്വസിക്കുന്നു.
സുധാകരന്‍ വീശിയ വലയില്‍ സി.കെ.പി വീഴുമോ?
തളിപ്പറമ്പില്‍ ജനകീയനായ ഒരു നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് കണ്ണൂരില്‍ സി.പി.എമ്മിന് കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് കെ. സുധാകരന് അറിയാം. സി.കെ.പിയെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു കഴിഞ്ഞു.


