തിരുവനന്തപുരം: താന്‍ രോഗി ആണെന്ന് പറഞ്ഞുപരത്തുന്നുവെന്നും തന്നെ മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ടെലിവിഷന്‍ ചാനലിലോടാണ് സുധാകരന്റെ തുറന്നുപറച്ചില്‍. തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചിലര്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

'പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. എത്ര വര്‍ഷത്തെ പാരമ്പര്യം എനിക്കുണ്ട്. ഞാന്‍ എന്നും പാര്‍ട്ടിയ്ക്ക് വിധേയനാണ്. ഡല്‍ഹിയില്‍ വച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ഒന്നര മണിക്കൂര്‍ സംസാരിച്ചു. കേരള രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും ചര്‍ച്ചയായി.

നേതൃമാറ്റം എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. മാറ്റുമെന്ന് സൂചന ഇതുവരെ ലഭിച്ചിട്ടില്ല. സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് എങ്ങനെ വന്നുവെന്ന് അറിയില്ല. സണ്ണി ജോസഫുമായി ഇന്നലെയും സംസാരിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചിലര്‍ മനഃപൂര്‍വം പ്രചരിപ്പിക്കുന്നതാണ്. എന്റെ പ്രവര്‍ത്തനത്തില്‍ എവിടെയെങ്കിലും അനാരോഗ്യം ബാധിച്ചോ? ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ ഞാന്‍ ചികിത്സ തേടില്ലേ? എന്നെ മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. അത് സംസ്ഥാനത്തെ ഒരു നേതാവാണ്. തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലയോ എന്ന് താന്‍ അല്ലെ പറയേണ്ടത്. എന്ത് ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്‌ക്കേണ്ട കാര്യം എന്താണ്. തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും താന്‍ നോര്‍മല്‍ അല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. 'എനിക്ക് ഉറപ്പാണ് എന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ല. മാറുമെന്ന് പറയുന്നവര്‍ സ്വയം നിര്‍ത്തണം. അത് നിര്‍ത്താന്‍ യാചിക്കില്ല',- കെ സുധാകരന്‍ പറഞ്ഞു.

താന്‍ അധ്യക്ഷ സ്ഥനത്ത് നിന്ന് മാറണമെന്ന് പറയുന്നവര്‍ വഷളന്മാരായി സ്വയം നിര്‍ത്തണം. അത് നിര്‍ത്താന്‍ ഞാന്‍ യാചിക്കില്ല. കെപിസിസി കാര്യങ്ങള്‍ നോക്കാന്‍ ലിജുവിനെ ഞാന്‍ നിശ്ചയിച്ചതാണ്. എനിക്ക് സ്ഥിരമായി തിരുവനന്തപുരം എത്താന്‍ കഴിക്കാറില്ല. പക്ഷെ എന്നും രാവിലെ 7 മണിക്ക് ഞാന്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും കെ സുധാകരന്‍ പറയുന്നു. പ്രതിപക്ഷ നേതാവുമായി അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ മുരളീധരന്റെ ഫോട്ടോ പ്രയോഗത്തെയും സുധാകരന്‍ പിന്തുണച്ചു. നേതൃപദവിയില്‍ എത്തുന്നവര്‍ ജനങ്ങള്‍ക്ക് പരിചിതരാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോട്ടോ കണ്ടാല്‍ പ്രവര്‍ത്തകര്‍ക്ക് മനസിലാകുന്ന ആളാകണം കെപിസിസി അദ്ധ്യക്ഷനെന്നാണ് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. ഇതേ അഭിപ്രായം ശശി തരൂര്‍ എംപിയും പ്രകടിപ്പിച്ചു.