തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായും പിന്തുണയ്ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരവരേ പാലക്കാട് എംഎല്‍എക്ക് ശക്തമായ പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിലെയും ലീഗിലെയും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ അടിയുറച്ചു നില്‍ക്കുമ്പോഴാമ് കെ സുധാകരന്‍ തുറന്ന പിന്തുണയുമായി രംഗത്തുവരുന്നത്. ഒരു മുതിര്‍ന്ന നേതാവ് ഇത്തരമൊരു നിലപാട് കൈക്കൊള്ളുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖയെ അവഗണിച്ചു കൊണ്ട് മണ്ഡലത്തില്‍ രാഹുല്‍ സീജവമാകുമ്പോഴാണ് കെ സുധാകരനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്നത്.

രാഹുല്‍ തീര്‍ത്തും നിരപരാധിയാണെന്നും രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നതെന്നുമാണ് സുധാകരന്റെ പക്ഷം. ചീത്തപറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നെന്നും രാഹുലിന്റെ മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസിലായെന്നും സുധാകരന്‍ വ്യക്തമാക്കി.

രാഹുലിനെ കോണ്‍ഗ്രസില്‍ സജീവമാക്കണം. ജനമനസില്‍ സ്ഥാനമുള്ളവനാണ് രാഹുല്‍. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രാസംഗികത്വ കരുത്തുള്ളവനാണ്. അവനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോകണമെന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ളവര്‍ക്ക് മറ്റ് അഭിപ്രായമുണ്ടാകും. രാഹുലിനൊപ്പം താന്‍ വേദി പങ്കിടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കെ.എസ്.സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ:

രാഹുലിനെ അപമാനിക്കാനുള്ള സിപിഎം ബിജെപി ശ്രമമാണ് നടക്കുന്നത്. ഒരു സത്യാവസ്ഥയും അതിലില്ല. അവന്‍ തീര്‍ത്തും നിരപരാധിയാണ്. ഞാന്‍ അതൊക്കെ അന്വേഷിച്ചു. രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. പക്ഷേ അവന്റെ മറുപടിയെല്ലാം കേട്ടപ്പോള്‍ ഞാനാണ് തെറ്റെന്ന് എനിക്ക് തോന്നി. ഞാന്‍ അവനെ വിളിച്ചു സംസാരിച്ചു, അങ്ങനത്തെ പ്രശ്‌നങ്ങളൊന്നുമില്ല. അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല, അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല.

രാഹുലിനെ സജീവമാക്കണം, അവന്‍ സജീവമായി വരണം. കഴിവും പ്രാപ്തിയുമുള്ള ഒരു നേതാവാണ് അവന്‍. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രാസംഗികത്വ കരുത്തുള്ളവനാണ്. അവനെ വേണം എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ആവശ്യം. അവനെതിരായ ശബ്ദ സന്ദേശം ഞാന്‍ കണ്ടിട്ടോ അറിഞ്ഞിട്ടോയില്ല. പക്ഷേ അവന്‍ പറയുന്നുണ്ടല്ലോ, അവന്‍ തന്നെ അതിനെ വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അവനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോകണമെന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ളവര്‍ക്ക് മറ്റ് അഭിപ്രായമുണ്ടാകും. രാഹുലിനൊപ്പം ഞാന്‍ വേദിയും പങ്കിടും.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി വേദികളില്‍ രാഹുലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമാക്കുമ്പോഴാണ് കെ സുധാകരന്‍ വേദി പങ്കിടും എന്നും നിലപാട് അറിയിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും ശക്തമായ നടപടിയാണ് പാര്‍ട്ടി എടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാല്‍ ചോദിച്ചു. വയനാട്ടില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷം പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍. രാഹുലിനെ പാര്‍ട്ടി നേരത്തെ സസ്പെന്‍ഡ് ചെയ്തതാണെന്നും സസ്പെന്‍ഡ് ചെയ്ത ഒരാളെക്കുറിച്ച് എന്തിനാണ് മറുപടി പറയേണ്ടതെന്നും മാധ്യമങ്ങളോട് വേണുഗോപാല്‍ ചോദിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം മുന്നോട്ടുപോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ള്‍ ഉണ്ടാകുന്നത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തിയെന് ആരോപണമായിരുന്നു ഗുരുതരം. ആരോപണം ഉന്നയിച്ചവരോ ഇരയാക്കപ്പെട്ടവരോ പൊലീസില്‍ പരാതി നല്‍കിയില്ല. പിന്നാലെയാണ് ഡിജിപിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ച പൊലീസ് സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. സ്വമേധയാ കേസെടുത്തത് ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം.

പക്ഷെ ആരും രാഹുലിനെതിരെ മൊഴി നല്‍കിയില്ല. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു. ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ യുവതിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. മൊഴിയെടുത്തിന് ശേഷമാണ് രാഹുല്‍ വീണ്ടും പാലക്കാട് സജീവമായത്. എന്നാല്‍ രാഹുലും പെണ്‍കുട്ടിയുമായുള്ള ശബ്ദരേഖയിലേതെന്ന് സംശയിക്കുന്ന കൂടുതല്‍ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലര്‍ ബന്ധപ്പെട്ടിരുന്നു. പക്ഷെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചാല്‍ മാത്രമേ നിയമപരമായി മുന്നോട്ടുപോകാന്‍ ക്രൈം ബ്രാഞ്ചിന് കഴിയൂ.