ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സീറ്റ് ഇപ്പോവും കയ്യാലപ്പുറത്ത് തന്നെ. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരന്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ പുനരാലോചനയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കണ്ണൂരില്‍ മത്സരിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഇനിയും ചര്‍ച്ച നടന്നിട്ടില്ല. നിലവില്‍ കണ്ണൂരിലെ പട്ടികയിലുള്ളത് ടി ഒ മോഹനന്റെ പേര് തന്നെയാണ്. ഈ ലിസ്റ്റില്‍ ഇപ്പോഴും മാറ്റം സംഭവിച്ചിട്ടില്ല.

നാമനിര്‍ദേശ പത്രിക നല്‍കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഇനിയും വന്നിട്ടില്ല. അഞ്ചിലേറെ സീറ്റുകളില്‍ രൂക്ഷമായ ഭിന്നത തുടരുകയാണ്. കണ്ണൂര്‍ സീറ്റ് വേണമെന്ന കെ സുധാകരന്റെ പിടിവാശി കണക്കിലെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ പിരിഞ്ഞത്. മുന്‍ മേയര്‍ ടി ഒ മോഹനനെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. അടൂര്‍ പ്രകാശ് കണ്ണുവെച്ചിരുന്ന കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചു.

അര്‍ധരാത്രിവരെ സീറ്റുനിര്‍ണയ ചര്‍ച്ചകളുടെ വാര്‍ത്തകള്‍ നിരീക്ഷിച്ചിരുന്ന സുധാകരന്‍ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിലായിരുന്നു. പൊട്ടിത്തെറിച്ചാണ് സുധാകരന്‍ രാവിലെ കോണ്‍ഗ്രസ് നേതാക്കളോട് പ്രതികരിച്ചത്. പാര്‍ട്ടിയോട് 'ഗുഡ് ബൈ' പറയുകയാണെന്ന് അദ്ദേഹം കെസി വേണുഗോപാലിനെ അടക്കം അറിയിച്ചു. കണ്ണൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. അപകടം മണത്ത നേതാക്കള്‍ ഇതോടെ അനുനയനീക്കം തുടങ്ങി. എ കെ ആന്റണി തന്നെ വിഷയത്തില്‍ ഇടപെട്ടു.

ഒടുവില്‍ കണ്ണൂരില്‍ കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പുനരാലോചന നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു എന്ന സൂചനകള്‍ പുറത്ത് വന്നു. സുധാകരന് സീറ്റു നല്‍കുമെന്ന വാര്‍ത്ത വന്നതോടെ അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. കോന്നിയില്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അടൂര്‍ പ്രകാശ് ആ പോസ്റ്റ് പിന്‍വലിച്ചു. സുധാകന്‍ മത്സരിക്കുന്നു എങ്കില്‍ തനിക്കും സീറ്റുവേണമെന്ന വാദം അടൂര്‍ പ്രകാശ് ശക്തമാക്കി. ഇതോടെ കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയില്‍ അനിശ്ചിതത്വം തുടരുകയാണ്.

എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന്‍ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

കടുത്ത നിരാശയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അതേസമയം കടുത്ത നിരാശയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡി.സി.സി വിളിച്ചു ചേര്‍ത്തയോഗത്തില്‍ 10 മണ്ഡലങ്ങളിലെ ഭാരവാഹികളും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. സുധാകരന്‍ മത്സരിച്ചാല്‍ ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിന് നേരിടാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

കെ സുധാകരന്‍ എംപിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തിയത് കണ്ണൂര്‍ കോണ്‍ഗ്രസിന് വിഭാഗീയതയുടെ തിരയിളക്കിയിട്ടുണ്ട്. എളയാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിയോജിപ്പുമായി രംഗത്ത് വന്നത്. ഇന്ന്‌നടന്ന യോഗത്തില്‍ 10 മണ്ഡലം പ്രസിഡന്റുമാര്‍ സുധാകരന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കണ്ണൂരില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു കെ. സുധാകരന്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂരില്‍ കെ. സുധാകരനെതിരെ എതിര്‍പ്പ് ഉയരുന്ന സാഹചര്യം കെ.പി.സി.സി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ കെ. സുധാകരനെ പിന്‍തുണക്കാന്‍ മുതിര്‍ന്നനേതാക്കളായ രമേശ് ചെന്നിത്തലയും എ.കെ ആന്റണിയും മാത്രമേ രംഗത്തു വന്നിട്ടുള്ളു.