കണ്ണൂര്‍: കണ്ണൂരില്‍ പാര്‍ട്ടിവിട്ട് മറുകണ്ടം ചാടി സ്ഥാനാര്‍ഥികളായവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തുന്ന സാമ്പത്തിക ആരോപണങ്ങളില്‍ വിയര്‍ത്ത് സിപിഎം നേതാക്കള്‍, കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ സമാനമായ ആരോപണമാണ് നേരിടുന്നത്. തളിപ്പറമ്പില്‍ യു.ഡി.എഫ് സ്വതന്ത്രനായ ടി.കെ ഗോവിന്ദന്‍ ഒരു കാലത്ത് സി.പി.എമ്മിന്റെ കണ്ണൂര്‍ പാര്‍ട്ടിയിലെ നെടുംതൂണായിരുന്നു ടി.കെ ഗോവിന്ദന്‍ അറിയാത്ത രഹസ്യങ്ങളില്ല.

തളാപ്പിലെ അഴീക്കോടന്‍ മന്ദിരമായ പാര്‍ട്ടിജില്ലാ കമ്മിറ്റി ഓഫീസില്‍ ഇപി ജയരാജന്‍ തൊട്ട് ഇങ്ങോട്ട് കെ.കെ രാഗേഷ് വരെ ജില്ലാ സെക്രട്ടറിമാരുടെ കാലങ്ങളില്‍ ടി.കെ ഗോവിന്ദന്‍ ജില്ലാ കമ്മിറ്റിയംഗമായും സെക്രട്ടറിയേറ്റ് അംഗമായും നിറഞ്ഞുനില്‍പ്പുണ്ട്. പി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടിയുടെ മലയോരമേഖലയിലെ സംഘടനാ പ്രവര്‍ത്തങ്ങള്‍ നിയന്ത്രിച്ചത് കെ.എം. ജോസഫും ടി.കെ ഗോവിന്ദനുമായിരുന്നു. മോറാഴ ക്കാരനായ എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതു മുതലാണ് ഇപി ജയരാജന്റെ വിശ്വസ്തരില്‍ ഒരാളായ ടി.കെ ഗോവിന്ദന്റെ കഷ്ടകാലം തുടങ്ങിയത്.

പിണറായി പാര്‍ട്ടി കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് മയ്യില്‍ ഏരിയാ സെക്രട്ടറിയായിരുന്നു ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ മത്സരിക്കാന്‍ ഏറെ യോഗ്യതയുള്ള ടികെ ഗോവിന്ദനെ വെട്ടി സ്വന്തം ഭാര്യയായ പി.കെ ശ്യാമളയെഎം.വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എം.വി ഗോവിന്ദന്‍ സ്വീകരിച്ച കുറുക്കുവഴികളാണ് ടി.കെ ഗോവിന്ദന് മുന്‍പില്‍ പുറത്തേക്കുള്ള വഴി തുറന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ ടി.കെ ഗോവിന്ദന്‍ പ്രതികരിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടും ഒറ്റ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എത്തിച്ചേരുകയായിരുന്നു.

രാഗേഷ് പി.കെ ശ്യാമളയെന്നഒറ്റപ്പേര് മാത്രമാണ് തളിപ്പറമ്പ് മണ്ഡത്തിലെ സ്ഥാനാര്‍ത്ഥിയായിസംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. എന്‍ സുകന്യ, കെ.കെ ശൈലജ എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന അഭിപ്രായം അട്ടിമറിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ കുറെ കാലമായി തളിപറമ്പ് മണ്ഡലം എംഎല്‍എയും തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ മന്ത്രിയുമായ എം.വി ഗോവിന്ദനെ കുറിച്ച് അതീവ ഗുരുതരമായ ആരോപണങ്ങളാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടി.കെ ഗോവിന്ദന്‍ ഉന്നയിക്കുന്നത്. 2000 കോടിയുടെ വികസനം നടന്നുവെന്ന് അവകാശപ്പെടുന്ന തളിപ്പറമ്പില്‍ അതൊന്നും കാണാനില്ലെന്നും വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മീഷന്‍ ഏര്‍പ്പാടുകളാണ് നടന്നതെന്നുമാണ് ആരോപണം.

സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കറക്കുകമ്പനിയുടെ പിടിയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചുള്ള ടികെ ഗോവിന്ദന്റെ വാക്കുകളെ പ്രതിരോധിക്കാന്‍ എം.വി ജയരാജന്‍ ഒഴികെ മറ്റാരും മുന്‍പോട്ട് വന്നിട്ടില്ല. വിമത സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സിപിഎം തന്റെ കുടുംബം തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ടി. കെ ഗോവിന്ദന്റെ ആരോപണം.

അതുകൊണ്ടാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഭാര്യയെ തളിപ്പറമ്പില്‍ തന്റെ പിന്‍ഗാമിയായി സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ പിണറായി പങ്കെടുത്തിരുന്നെങ്കില്‍ പി കെ ശ്യാമള സ്ഥാനാര്‍ഥിയാകില്ലായിരുന്നുമാണ് ടി കെ ഗോവിന്ദന്റെ വാദം. ഇതിനെക്കാള്‍ അതീവ ഗുരുതരമാണ് പയ്യന്നൂരിലെ സാഹചര്യം രക്തസാക്ഷി ഫണ്ട് വെട്ടിപ്പും പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതിയുമാണ് മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സിറ്റിങ് എം.എല്‍.എ ടി.കെ മധുസൂദനനെ വെള്ളം കുടിപ്പിക്കുകയാണ്.

പാര്‍ട്ടിയിലെ നയവ്യതിയാനങ്ങളും ഏകാധിപത്യ സ്വഭാവവും മുതല്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പുവരെ പാര്‍ട്ടിവിട്ട് യുഡിഎഫിനൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കള്‍ അനുദിനം ഉയര്‍ത്തുകയാണ്. പാര്‍ട്ടിക്ക് പുറത്തുപോയവരെക്കുറിച്ചുള്ള പാര്‍ലമെന്ററി വ്യാമോഹികളെന്ന വിമര്‍ശനം സംഘടനാ ദൗര്‍ബല്യത്തിന്റെ കൂടി ഭാഗമാണെന്ന ആത്മവിമര്‍ശനവും സിപിഎമ്മിനുള്ളില്‍ നിന്നും ഉയരുന്നുണ്ട്.

കണ്ണൂരില്‍ പുറത്തുപോയ രണ്ടു നേതാക്കളെ വര്‍ഗ വഞ്ചകരെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ഇവരുടെ പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള ചില നേതാക്കളുടെ പിന്‍തുണയുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

കണ്ണൂരിലെ ഒന്‍പതിലേറെ ജില്ലാ നേതാക്കള്‍ എം വി ഗോവിന്ദനെതിരെ തിരിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ മൗനം പാലിക്കുകയാണ് ഇവരില്‍ പലരും. കഴിഞ്ഞ 10 വര്‍ഷം പിണറായി ഭരിച്ചിട്ടും ഈ നേതാക്കള്‍ക്ക് കാര്യമായ പദവികളൊന്നും ലഭിച്ചില്ല. ചിലരുടെ തലയില്‍ നഷ്ടത്തിലോടുന്ന ബോര്‍ഡുകളും കോര്‍പറേഷനുകളും പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളും വെച്ചുകെട്ടുകയും ചെയ്തു. പാര്‍ട്ടിയിലും ഇവര്‍ക്കാര്‍ക്കും കാര്യമായ സ്ഥാനമാനങ്ങളൊന്നുമില്ല.

ഒന്‍പതിലേറെ മുതിര്‍ന്ന നേതാക്കളുടെ തലയ്ക്കു മുകളിലൂടെയാണ് പിണറായിയുടെ പെട്ടിയെടുപ്പുകാരനെന്ന് വിമര്‍ശിക്കപ്പെടുന്ന കെ.കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കി മാറ്റിയത്. ഇതില്‍ കെ.കെ രാഗേഷ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വരെയുണ്ട്. കെ കെ രാഗേഷ് സെക്രട്ടറിയായതു മുതല്‍ ഇവരില്‍ പലരും പാര്‍ട്ടിയില്‍ സജീവമല്ല പുതിയ ജില്ല കമ്മിറ്റി ഓഫീസില്‍ വരാത്ത നേതാകളുമുണ്ട്. ഇവരില്‍ പലരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും വിട്ടുനില്‍ക്കുകയാണ്.