- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാര്‍ട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് എം എ ബേബി; കുഞ്ഞികൃഷ്ണന്‍ ശത്രുവിന്റെ കോടാലികൈയായി മാറിയെന്ന് എം.വി ജയരാജന്‍; കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാര്‍ട്ടി കണ്ടെത്തിയത്; അതില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചെന്നും ജയരാജന്‍
കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാര്‍ട്ടി പരിശോധിച്ചു,

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടി നേരത്തെ പരിശോധിച്ച കാര്യം. കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ലെന്നും എം എ ബേബി വ്യക്തമാക്കി.
കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ വെളിപ്പെടുത്തല്‍ നടത്തിയ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയില്‍ പോകില്ലെന്നും രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.
ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല. എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ല. വെളിപ്പെടുത്തല്‍ നടത്തിയതില്‍ നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് പരസ്യപ്രസ്താവന. പാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.
നടപടിയെടുക്കുന്നതില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റിയെടുക്കും. കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി. മടിയില്‍ കനമില്ലെന്നും ആരോപിച്ച വിഷയത്തില്‍ നേരത്തെ നടപടിയെടുത്തതാണെന്നും എംവി ജയരാജന്‍ പറഞ്ഞു. ധനാപഹരണം നടത്തിയാലല്ലേ തിരുത്തേണ്ടതുള്ളൂ. യഥാസമയം ധനാപഹരണം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാര്‍ട്ടി കണ്ടെത്തിയത്. അതില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്. കുഞ്ഞികൃഷ്ണന്‍ പറയുന്നതെല്ലാം വാസ്തവിരുദ്ധമാണ്. അതൊന്നും ധനാപഹരണമുണ്ടായെന്ന് കണ്ടെത്തുന്ന കാര്യമല്ല. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയല്ലേ ഈ തീരുമാനമെടുത്തത്. ആ സമയത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ജയരാജന്‍ ചോദിച്ചു.
അതേസമയം, പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എന്ത് നടപടി വന്നാലും നേരിടുമെന്നും പേടിയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന രീതി പാര്‍ട്ടിക്കില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലില്‍ എംഎ ബേബിയുടെ പ്രതികരണം. ഇ എം എസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച ചരിത്രമുണ്ട്. പയ്യന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടി നേരത്തെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്.
സാമ്പത്തിക ക്രമക്കേട് ആര് നടത്തിയാലും അത് അനുവദിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. അതേസമയം, പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ചുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും നടപടി ജില്ലാ ഘടകം പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഫണ്ട് തിരിമറി പാര്‍ട്ടിക്കാര്യം ആണെന്ന് വിചിത്രവാദവും എം വി ഗോവിന്ദന്‍ ഉന്നയിച്ചു.


