- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് റെഡ് സിഗ്നല്‍! പുതുമുഖപ്പടയുമായി കോണ്‍ഗ്രസ്; വിജയസാധ്യതയില്ലെങ്കില്‍ പുറത്തേക്ക്; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പിടിവീഴും; ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം; തരൂരിന്റെ കാര്യത്തില്‍ സസ്പെന്‍സ്; രാഹുലിനെ കാണാന്‍ 'വിശ്വപൗരന്' വരുമോ?
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് റെഡ് സിഗ്നല്‍!

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. എംപിമാര്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് നയരൂപീകരണ സമിതിയില്‍ ഉണ്ടായ പൊതുധാരണ. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി, തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
നിലവിലെ എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് സമിതിയില്‍ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു. തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുഗമമായി പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് നേതാക്കള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ഏക മാനദണ്ഡമെന്ന് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. പാര്‍ട്ടി നടത്തിയ മൂന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഇതിനായി പരിഗണിക്കും. കൂടാതെ, സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുമെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. സജീവമായി നടക്കുന്നുണ്ട്.
പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണം, ഗൃഹസന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളാണ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്തത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായം ഉണ്ടായെങ്കിലും ഇതൊരു അന്തിമതീരുമാനമല്ലെന്നാണ് സൂചന.
ഘടകകക്ഷികളുമായുള്ള ചര്‍ച്ച
മുന്നണിയിലെ ഘടകകക്ഷികളുടെ സീറ്റുകള്‍ പരസ്പര സമ്മതമില്ലാതെ ഏറ്റെടുക്കില്ല. അടുത്ത മാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ചുമതല കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണ് നല്‍കിയിരിക്കുന്നത്.
ശശി തരൂര്‍ പങ്കെടുത്തില്ല
പ്രധാനപ്പെട്ട ഈ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്കും തരൂര്‍ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ ദുബായിലെ ഒരു വ്യവസായി വഴി നീക്കങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തരൂര്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. നിലവില്‍ ദുബായിലുള്ള അദ്ദേഹം ഇന്ന് രാത്രിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. വഴിമാറി നില്‍ക്കാനുള്ള എംപിമാരുടെ തീരുമാനം പുതുമുഖങ്ങള്‍ക്കും യുവനേതാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


