- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന്‍ സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; 'ശൈലജാ ഫാക്ടറില്‍' അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെ
തിരുവനന്തപുരം: മൂന്നാം വട്ടവും അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കടുത്ത മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചക്കൊരുങ്ങി സിപിഎം. പാര്‍ട്ടിയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന 'രണ്ട് ടേം' വ്യവസ്ഥ ഇത്തവണ കര്‍ശനമായി നടപ്പാക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിജയം മാത്രം മാനദണ്ഡമാക്കി, രണ്ട് തവണ കഴിഞ്ഞവരെയും മത്സരരംഗത്ത് നിലനിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
75 വയസ്സ് കഴിഞ്ഞവരെ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറ്റണമെന്ന വ്യവസ്ഥ മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യത്തില്‍ നടപ്പാക്കില്ല. പിണറായി അല്ലാതെ മറ്റാര് എന്ന ചോദ്യം പാര്‍ട്ടി സെക്രട്ടറി തന്നെ ഉന്നയിച്ച സാഹചര്യത്തില്‍, ധര്‍മ്മടത്ത് അദ്ദേഹം തന്നെ ജനവിധി തേടും. മുഖ്യമന്ത്രിക്ക് പുറമെ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഒ.ആര്‍. കേളു തുടങ്ങിയ മന്ത്രിമാരും വീണ്ടും മത്സരരംഗത്തുണ്ടാകും. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കടകംപള്ളി സുരേന്ദ്രന് ഇളവ് ലഭിച്ചേക്കില്ല. അദ്ദേഹത്തിന് പകരം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിനെ കഴക്കൂട്ടത്ത് പരീക്ഷിച്ചേക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് വിവരം. ഗോവിന്ദന്‍ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാറിനെ ഇറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പകരം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയുടെ പേരും സജീവമായി പരിഗണിക്കുന്നു. എം.വി. ജയരാജന്‍, പി. ജയരാജന്‍ എന്നിവരും കണ്ണൂരില്‍ നിന്ന് കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ജയിച്ച ശേഷം മുഖ്യമന്ത്രിയാകാനില്ലെന്ന് പിണറായി പറഞ്ഞാല്‍ ഗോവിന്ദന്‍ മുഖ്യമന്ത്രിയാകില്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
കടുത്ത മത്സരം നേരിടുന്ന 40 ഓളം മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാനോ മണ്ഡലം മാറ്റാനോ ആണ് പാര്‍ട്ടി നീക്കം. പേരാമ്പ്രയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തന്നെ രംഗത്തിറങ്ങും. രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിനെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്. കെ.കെ. ശൈലജയെ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ടെങ്കിലും അവര്‍ക്ക് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ മാറണമെന്ന കര്‍ശന വ്യവസ്ഥ ഇത്തവണ പല പ്രമുഖര്‍ക്കും ബാധകമായേക്കില്ല. ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ച നേമം നിലനിര്‍ത്താന്‍ മന്ത്രി വി. ശിവന്‍കുട്ടിയെ തന്നെ വീണ്ടും നിയോഗിക്കും. പത്തനംതിട്ടയില്‍ നിന്ന് വീണാ ജോര്‍ജും വയനാട്ടില്‍ നിന്ന് ഒ.ആര്‍. കേളുവും വീണ്ടും ജനവിധി തേടും. ഇവര്‍ക്ക് പുറമെ ആന്റണി ജോണ്‍ (കോതമംഗലം), എം. നൗഷാദ് (ഇരവിപുരം), ജി.കെ. മുരളി (വാമനപുരം), ഐ.ബി. സതീഷ് (കാട്ടാക്കട) എന്നിവര്‍ക്കും രണ്ടുടേം വ്യവസ്ഥയില്‍ പ്രത്യേക ഇളവ് നല്‍കി മത്സരിപ്പിക്കാനാണ് ധാരണ.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്‍ അഴിച്ചുപണിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല വിവാദങ്ങളുടെ നിഴലിലുള്ള കടകംപള്ളി സുരേന്ദ്രനെ കഴക്കൂട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കും. പകരം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിനെ കഴക്കൂട്ടത്തേക്ക് മാറ്റി പരീക്ഷിക്കാനാണ് ആലോചന. യൂത്ത് ഐക്കണ്‍ എന്ന പ്രതിച്ഛായ വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍. വര്‍ക്കലയില്‍ ജില്ലാ സെക്രട്ടറി വി. ജോയിക്ക് തന്നെയാവും നറുക്കുവീഴുക.
മുല്ലപ്പള്ളിക്കെതിരെ ടി.പി. രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ യുഡിഎഫ് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം കാക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തന്നെ നേരിട്ടിറങ്ങണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയിലുണ്ട്. വിജയം ഉറപ്പിക്കാന്‍ സിറ്റിങ് എംഎല്‍എമാരെ മണ്ഡലം മാറ്റുന്നതും പൊതുസ്വതന്ത്രരെ രംഗത്തിറക്കുന്നതും അടക്കമുള്ള പരീക്ഷണങ്ങള്‍ ഇത്തവണ പതിവിലും കൂടുതലായി ഉണ്ടാകും.




