പാലക്കാട്: കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വമ്പന്‍ കൂടുമാറ്റങ്ങള്‍ക്ക് പാലക്കാട് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. സി.പി.എമ്മിലെ കരുത്തനായ നേതാവ് പി.കെ. ശശിയും ബി.ജെ.പിയിലെ പ്രമുഖ നേതാവ് പ്രമീള ശശിധരനും കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ സജീവമായതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' പാലക്കാട് എത്തുമ്പോള്‍ വിസ്മയം തീര്‍ക്കാനാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്.

സി.പി.എമ്മുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന പി.കെ. ശശിയെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ശശി വരികയാണെങ്കില്‍ ഷൊര്‍ണ്ണൂര്‍ അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകളില്‍ ഒന്ന് ഉറപ്പായും നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ പുതിയൊരു പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് കരുത്ത് കാട്ടാനുള്ള നീക്കങ്ങളും ശശി രഹസ്യമായി നടത്തുന്നുണ്ട്. ഇടതുപക്ഷത്തെ ഒരു വലിയ വിഭാഗം അണികളെ അടര്‍ത്തിയെടുക്കാന്‍ ശശിയുടെ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തി പാലക്കാട്ട് പുതിയ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്യ. ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന വിമതര്‍ ചേര്‍ന്ന് 'ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി' (ഡി.എം.പി) എന്ന പുതിയ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലകളിലെ സി.പി.എം വിമതര്‍ കൈകോര്‍ക്കുന്നതോടെ പാലക്കാട്ടെ ചുവപ്പ് കോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായി. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പി.കെ. ശശിയാണോ അതോ ശശിയെ പുതിയ പാര്‍ട്ടിയിലേക്ക് ആനയിക്കാനാണോ നീക്കമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഒരുവശത്ത് പുതിയ പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത് പി.കെ. ശശിയെ 'കൈപ്പത്തി' ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഊര്‍ജിത നീക്കം നടത്തുന്നുത്. പാലക്കാട്ടെ ഒരു കോണ്‍ഗ്രസ് എം.പിയുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് വിവരം. വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര' പാലക്കാട് എത്തുമ്പോള്‍ ശശിയെ വേദിയിലിരുത്തി ഞെട്ടിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. ശശിയുടെ തട്ടകമായ ഒറ്റപ്പാലത്ത് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാല്‍ ഇടതുപക്ഷത്തിന് അത് കനത്ത പ്രഹരമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

എന്നാല്‍, പുറത്തുവരുന്ന വാര്‍ത്തകളെല്ലാം പി.കെ. ശശി പാടെ തള്ളിക്കളയുകയാണ്. 'താന്‍ ഇപ്പോഴും പാര്‍ട്ടി മെമ്പറാണ്, സി.ഐ.ടി.യു നേതാവാണ്. കോണ്‍ഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. സതീശന്‍ വന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,' എന്നാണ് ശശി 'പ്രതികരിച്ചത്. പാലക്കാട് ജില്ലയില്‍ ഉടന്‍ തന്നെ വിമത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് പുതിയ പാര്‍ട്ടിക്കാരുടെ തീരുമാനം. പി.കെ. ശശിയെപ്പോലൊരു കരുത്തനായ നേതാവ് കൂടെയുണ്ടെങ്കില്‍ പാര്‍ട്ടി അണികളെ വലിയ തോതില്‍ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് വിമതര്‍ വിശ്വസിക്കുന്നു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വവുമായി പരസ്യമായി കൊമ്പുകോര്‍ത്ത പ്രമീള ശശിധരനെ വലയിലാക്കാന്‍ സന്ദീപ് വാര്യര്‍ നേരിട്ടാണ് ചരടുവലിക്കുന്നത്. ബി.ജെ.പിയിലെ അസംതൃപ്തരായ നേതാക്കളെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കുന്നതിനുള്ള ദൗത്യം സന്ദീപിനാണ്. പ്രമീള കൂടി എത്തുന്നതോടെ പാലക്കാട്ടെ കാവി കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന മുന്‍ പി.എ സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി വിസ്മയം തീര്‍ക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ദീര്‍ഘകാലമായി സി.പി.എമ്മില്‍ നിന്ന് അകന്നു കഴിയുന്ന സുരേഷിന് മലമ്പുഴയില്‍ വലിയ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ഇത്തരം 'ഹൈ പ്രൊഫൈല്‍' നേതാക്കളുടെ വരവ് സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. എന്നാല്‍ സുരേഷ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് വിസ്മയ നീക്കങ്ങളിലൂടെ സി.പി.എമ്മിനെയും ബി.ജെ.പിയെയും ഞെട്ടിക്കാനാണ് കെ.പി.സി.സി തയ്യാറെടുക്കുന്നത്. സതീശന്റെ യാത്ര പാലക്കാട് എത്തുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും.