- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ ഇപ്പോഴും സി.പി.എമ്മുകാരന്, യുഡിഎഫിലേക്കില്ല'; കെ ടി ഡി സി ചെയര്‍മാന്‍ പദവി രാജി വച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.കെ ശശി; ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; സിപിഎമ്മിലെ വെട്ടിനിരത്തലില്‍ തളരാതെ ശശി; കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടയ്ക്കുന്നുവോ? ശശിയുടെ വരവിനെക്കുറിച്ച് അറിയില്ലെന്ന് കെ.സി
പി കെ ശശി യുഡിഎഫിലേക്കില്ല

പാലക്കാട്: യുഡിഎഫിലേക്കില്ലെന്ന് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന പി കെ ശശി.കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ ഇടത് ആശയം മുറുകി പിടിക്കുന്ന വൃക്തിയാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വച്ചത്. താന്‍ ഇപ്പോഴും സിപിഎംകാരനാണെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. എം വി ഗോവിന്ദനും കടുത്ത നിലപാട് ശശിക്കെതിരെ കൈക്കോണ്ടതോടെയാണ് പി കെ ശശി രാജിവെക്കുന്നത്. അതേസമയം പി.കെ ശശിയുടെ രാജി പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എന്‍ സുരേഷ് ബാബു പറഞ്ഞു.
പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പാലക്കാട്ടിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതര്‍ക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ നിന്ന് പി.കെ വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ശശിയുടെ വിശദീകരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നവയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ ശശി 'വിസ്മയം' തീര്‍ക്കുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഇതിനിടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎമ്മും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാജി.
നേരത്തെ ശശിയെ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉള്‍പ്പടെ തരംതാഴ്ത്തിയിരുന്നു. സി.പി.എം വിട്ട് പി.കെ ശശി വന്നാല്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. പി.കെ ശശി മത്സരിച്ചാല്‍ ഒറ്റപ്പാലം സീറ്റില്‍ വിജയിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക് കൂട്ടല്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശശിയെ അനുകൂലിക്കുന്നവര്‍ എന്ന പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മത്സരിച്ചതു പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു ശശിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, തനിക്കൊപ്പം നിന്നവര്‍ക്കെതിരായ നടപടികളും ഒഴിവാക്കണമെന്നാണ് ശശി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിനു താല്‍പര്യമില്ല. ഇതും രാജിയിലേക്ക് നയിച്ചു.
ശശിയുടെ തുടര്‍നീക്കം അറിയില്ലെന്ന് കെ സി
പി.കെ ശശിയുടെ തുടര്‍നീക്കത്തെ കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിന് മുന്‍പില്‍ ഒരു ആലോചനയുമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
'കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നല്ലേ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഇതുവരെയും പറഞ്ഞില്ലല്ലോ. ശശി കോണ്‍ഗ്രസിലേക്ക് വരുമോയെന്ന കാര്യം അനുമാനങ്ങളുടെ മാനദണ്ഡത്തില്‍ പറയേണ്ട കാര്യമല്ല. അങ്ങനെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ തീര്‍ച്ചയായും പാര്‍ട്ടി തീരുമാനമെടുക്കും. നിലവില്‍ അങ്ങനെയൊരു സാഹചര്യം പാര്‍ട്ടിയുടെ മുന്നിലില്ല'. കെ.സി വ്യക്തമാക്കി.


