- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് കെ എസ് നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒരു ജനസാഗരമാകും; നിങ്ങള്‍ക്ക് പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെ എസ്; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ട് കണ്ണൂരില്‍ സുധാകരന് സീറ്റ് നല്കുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് വഴങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ കെ ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യര്‍ഥിച്ചെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.
ഇതിനിടെ കെ സുധാകരനെ അനുകൂലിച്ചും അനുനയിപ്പിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. രക്തസാക്ഷികളുടെ കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പോസ്റ്റിട്ടിട്ടുണ്ട്. ഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് കെഎസ് നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോള്‍ ഒരു ജനസാകരമാകും. നിങ്ങള്‍ക്ക് പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെഎസ് എന്നു ചോദിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരില്‍ മാത്രം എത്രയോ മനുഷ്യര്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി പിടിച്ചതിന്റെ പേരില്‍ രക്തം തേവി ജീവന്‍ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവന്‍ നല്കിയ്ത്.
കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടന്‍. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവര്‍ത്തകരുടെ ഊര്‍ജ്ജമാണ് നിങ്ങള്‍.
കണ്ണൂര്‍ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികള്‍ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ KS നിങ്ങള്‍ ഇന്ന് ഇരിക്കുന്നത്.
പേരിനു പിന്നിലുള്ള അക്ഷരങ്ങള്‍ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാന്‍ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ KS നിങ്ങള്‍ക്കറിയാന്‍.
''ജീവന്‍ വേണേല്‍ തന്നേക്കാം ' എന്ന് പ്രവര്‍ത്തകര്‍ താങ്കള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അര്‍ത്ഥവത്തായത് അല്ലേ
ഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് KS നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോള്‍ ഒരു ജനസാകരമാകും. നിങ്ങള്‍ക്ക് പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ KS
അതൊക്കെയും പക്ഷേ കോണ്‍ഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്‌നേഹമാണ്...
അങ്ങനെ ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ വാര്‍ത്തകളില്‍ കേള്‍ക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും....
കണ്ണൂരില്‍ അങ്ങാണ് സ്ഥാനാര്‍ഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാല്‍ ആഹ്ലാദത്തോടെ ഞങ്ങള്‍ അത് ഏറ്റെടുക്കും. അത് അല്ലെങ്കില്‍ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവര്‍ത്തകരെ. അങ്ങ് കേരളം മുഴുവന്‍ നടന്നു പ്രസംഗിച്ചു പ്രവര്‍ത്തകരെ ആവേശപ്പെടുത്തണം. ഈ ദുര്‍ഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണന്‍ കോളജില്‍ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം.
പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്.
രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീര്‍ച്ച.


