തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോര്‍ഡിന്റെ പഴയ ചെയ്തികള്‍ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും മുറിവേല്‍പ്പിക്കുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിനും ബോര്‍ഡിനും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോടതിയില്‍ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണം.

എന്‍ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ വാദിച്ച സര്‍ക്കാരും ബോര്‍ഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോള്‍ എന്‍എസ്എസ് ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുക തന്നെ വേണം. ശബരിമലയില്‍ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്യപ്പ സംഗമം എങ്കില്‍ പിന്തുണയ്ക്കാമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണ്. അയ്യപ്പഭക്ത സംഗമം നടത്തിപ്പിനുള്ള സമിതി രാഷ്ട്രീയ വിമുക്തമാവണം എന്ന എന്‍ എസ് എസ് നിലപാട് ഹിന്ദു സമൂഹത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊളളുന്നതാണ്.

നടത്തിപ്പ് സമിതിയില്‍ തികഞ്ഞ അയ്യപ്പ ഭക്തര്‍ മാത്രമേ പാടുള്ളൂ എന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡ് പാലിക്കണം. ശബരിമലയിലെ കീഴ് വഴക്കങ്ങള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വരുത്താതെ വേണം കാര്യങ്ങള്‍ നടക്കാനെന്നും യുവതീപ്രവേശനത്തെ ഭക്തജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുമുള്ള എസ് എന്‍ ഡി പി നിലപാടും ദേവസ്വം ബോര്‍ഡ് കണക്കിലെടുക്കണം. മറ്റു ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണം.

സ്ത്രീകളെ ശബരിമല കയറ്റാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ ആയിരക്കണക്കിനാളുകളുടെ പേരില്‍ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാത്തത് സര്‍ക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭക്ത സംഗമത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് സര്‍ക്കാര്‍ ഇടപെടലിന്റെ സൂചനകളാണ്. സനാതന ധര്‍മ്മ വിരോധിയായ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ക്ഷണിച്ച സര്‍ക്കാര്‍ നീക്കം ബി ജെ പി അതിശക്തമായ പ്രതിരോധമുയര്‍ത്തിയതോടെയാണ് പരാജയപ്പെട്ടത്. സമാനമായ രീതിയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പമ്പയിലേക്ക് എത്തിയാല്‍ 'ബോര്‍ഡിന്റെ അയ്യപ്പ ഭക്തസംഗമ'ത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.