തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും ചെന്നിത്തല പറഞ്ഞു. പി ആര്‍ ഏജന്‍സി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല. അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്. ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന് സീറ്റ് നല്‍കണമെന്ന് താന്‍ പറഞ്ഞ കാര്യം ചെന്നിത്തല നിഷേധിക്കുകയും ചെയ്തില്ല. അതേസമയം, ഒരു മുഖ്യമന്ത്രി ചര്‍ച്ചയും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് കര്‍ണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞിരുന്നു. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശനും പറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സീറ്റ് ചര്‍ച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയ സുധാകരന്‍ തന്നെയാണ് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയ്ക്കും തുടക്കമിട്ടത്. പി ജെ കുര്യന്‍ കൂടെ അഭിപ്രായം തുറന്ന് പറഞ്ഞതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരണവുമായി രംഗത്ത് വന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് കെ സുധാകരന്‍ തുറന്നു പറഞ്ഞത്. രമേശ് ചെന്നിത്തലയെ ആണ് താന്‍ ശുപാര്‍ശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരന്‍ പറഞ്ഞു. വി.ഡി. സതീശന്‍, കെ.സി വേണു ഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പരസ്യമായി പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യന്‍ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന. എന്തായാലും ഫലം വരുമ്പോള്‍ നമ്മള്‍ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ഹരിപ്പാട് നിന്ന് 26-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി തുടങ്ങിയ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഇന്ന് നിര്‍ണ്ണായക ഘട്ടത്തിലാണ്. കഴിഞ്ഞ തവണ കിറ്റ് രാഷ്ട്രീയവും കോവിഡ് സാഹചര്യവും ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നല്‍കിയപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല നടത്തിയ പോരാട്ടങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസില്‍ സാധാരണയായി തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങുന്നത് വി.ഡി. സതീശന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം തേടിയും ഹൈക്കമാന്‍ഡ് ഇടപെട്ടുമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ചെന്നിത്തലയെ ഇലക്ഷന്‍ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത് അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള വലിയ സ്വാധീനം കണക്കിലെടുത്താണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ സമയത്ത് തന്നെ ചെന്നിത്തല എന്‍എസ്എസ്, ഓര്‍ത്തഡോക്സ് സഭാ നേതൃത്വങ്ങളെ സന്ദര്‍ശിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വി.ഡി. സതീശനോട് അകല്‍ച്ച പാലിക്കുന്ന സമുദായ സംഘടനകളെ കൂടെനിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുന്നു എന്നത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അതേസമയം, സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കമെന്ന് ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടുന്നു. എന്നാല്‍, പാര്‍ട്ടിയിലെ യുവാക്കളുടെയും വി.ഡി. സതീശന്‍ പക്ഷത്തിന്റെയും എതിര്‍പ്പ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.