- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യ രാജേന്ദ്രന് തിരിച്ചടി; കോര്‍പ്പറേഷനിലെ തോല്‍വിക്ക് ഉത്തരവാദി മുന്‍ മേയറെന്ന് വീണ്ടും സിപിഎമ്മില്‍ വിമര്‍ശനം; നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; തിരുവനന്തപുരത്ത് വിഭാഗീയത ശക്തം; ഗോവിന്ദന്റെ വിമര്‍ശനവും വിരല്‍ ചൂണ്ടുന്നത് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏവരും വിലയിരുത്തിയ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. കോര്‍പ്പറേഷന്‍ പരിധിയിലെ കനത്ത പരാജയത്തിന്റെ പ്രധാന ഉത്തരവാദി ആര്യ രാജേന്ദ്രനാണെന്ന് പാര്‍ട്ടി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തി. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാനുള്ള ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഭരണത്തിലെ വീഴ്ചകളുമാണ് കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടാതെ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചുള്ള നിലപാടുകള്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പരാജയത്തില്‍ അണികളും പ്രവര്‍ത്തകരും വലിയ നിരാശയിലാണെന്നും ഈ സാഹചര്യത്തില്‍ ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അംഗങ്ങള്‍ തുറന്നടിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ചും യോഗത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ കൊടിയ അഴിമതി നടത്തിയെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം വെളിപ്പെടുത്തി. ഈ അഴിമതികളെക്കുറിച്ച് പരാതി നല്‍കിയിട്ടും ജില്ലാ സെക്രട്ടറി വി. ജോയി നടപടിയെടുത്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 'ത്വര' പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറിവരികയാണെന്നും സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ ആശ്വാസം കൊണ്ടവര്‍ പാര്‍ട്ടിയിലുണ്ടെന്നും എം.വി. ഗോവിന്ദന്‍ രൂക്ഷമായി പ്രതികരിച്ചു. കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും പരാജയങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അഴിമതി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെയും യോഗത്തില്‍ മുറുമുറുപ്പുണ്ടായി. ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ സംസ്ഥാന സെന്റര്‍ നേരിട്ട് ഇടപെടും. വിഭാഗീയതയും ഗ്രൂപ്പിസവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് എം.വി. ഗോവിന്ദന്‍ റിപ്പോര്‍ട്ട് നല്‍കും. വീടുകളില്‍ കയറി പ്രചാരണം നടത്തിയില്ലെന്ന പരാതിയില്‍ വീഴ്ച വരുത്തിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. വോട്ട് ചോര്‍ച്ചയുണ്ടായ ബൂത്തുകളിലെ ഭാരവാഹികളില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ ഇവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കും.
ആര്യ രാജേന്ദ്രനെതിരെ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗം അവര്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചു എന്നതിന്റെ തെളിവാണ്. പരാജയത്തിന്റെ പാപഭാരം ആര്യയുടെ തലയില്‍ കെട്ടിവെക്കുന്നതിലൂടെ, പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായും ഒരു വിഭാഗം അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
ഇത് വരും ദിവസങ്ങളില്‍ തിരുവനന്തപുരം സിപിഎമ്മില്‍ വലിയ വിഭാഗീയതയ്ക്ക് വഴിതുറക്കും. ആര്യ രാജേന്ദ്രന് നിയമസഭാ സീറ്റ് നിഷേധിക്കുന്നത് യുവജന പ്രാതിനിധ്യം കുറയ്ക്കുമെന്ന വാദം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ടെങ്കിലും, പരാജയപ്പെട്ടവരെ മാറ്റിനിര്‍ത്തുക എന്ന കര്‍ക്കശ നിലപാടിലായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.




