തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്ന് പറയുന്ന കേരള വോട്ട് വൈബ് സര്‍വേ 2026യിലെ ജനപ്രിയ മുഖ്യമന്ത്രിയാരാകാണമെന്ന ചോദ്യത്തിന് മുമ്പോട്ട് വയ്ക്കുന്ന ഉത്തരവും ചര്‍ച്ചകളില്‍. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എംഎല്‍എയെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് 23 ശതമാനം പേര്‍ മാത്രമാണ്. 2026 മേയില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ വരും എന്നാണ് സര്‍വ്വേ വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ആകുമെന്നാണ് പ്രവചനം.

തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ശശി തരൂരിനെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 28.3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തരൂരിനെ പിന്തുണയ്ക്കുന്നവരില്‍ കൂടുതല്‍ പുരുഷന്മാര്‍ (30%) ആണ്. 27 ശതമാനം സ്ത്രീകളാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരേക്കാള്‍ (20.3%) 55 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ (34.2%) പിന്തുണ വളരെ കൂടുതലാണ്. സ്വകാര്യ ഗവേഷണ സംവിധാനമായ വോട്ട് വൈബ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

ശശി തരൂരിന് 28.3 ശതമാനം പേരുടെ പിന്തുണ കിട്ടുമ്പോള്‍ വിഡി സതീശന് 15.4 ശതമാനം പേരുടെ അനുകൂലതയാണുള്ളത്. കെ സുധാകരന് അഞ്ചു ശതാമാനം പേരുടെ പിന്തുണയുണ്ട്. അതിനും താഴെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപിന്റെ പിന്തുണ. 4.2ശതമാനം പേരാണ് കെസിയെ അനുകൂലിച്ചത്. എകെ ആന്റണിയെ 4 ശതമാനം പേരും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 8.2 ശതമാനം പേരുടെ പിന്തുണയുണ്ട്. കെ മുരളീധരന് ആറു ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തുണ്ട്. അതായത് ശശി തരൂരിനാണ് കൂടുതല്‍ കോണ്‍ഗ്രസുകാരുടെ പിന്തുണയെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസ് ഹൈക്കമാണ്ടുമായി തെറ്റി നില്‍ക്കുകയാണ് തരൂര്‍. അതുകൊണ്ട് തന്നെ സര്‍വ്വേയിലെ തരൂര്‍ അനുകൂലതയെ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും അംഗീകരിക്കില്ല.

അതായത് പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ ജനപിന്തുണ തരൂരിനുണ്ട്. ഇത് കോണ്‍ഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനൊപ്പം ഭരണപക്ഷത്തെ ജനപ്രിയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ലെന്നും സര്‍വ്വേ പറയുന്നു. സിപിഎം നേതാക്കളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ വോട്ട് കിട്ടിയത് കെകെ ശൈലജയ്ക്കാണെന്നതാണ് ശ്രദ്ധേയം. ഇടതു മുന്നണിയെ അനുകൂലിക്കുന്നവരില്‍ കൂടുതലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. 25 ശതമാനം പുരുഷന്മാര്‍ ശൈലജയ്ക്ക് അനുകൂലമാണ്. 24 ശതമാനം സ്ത്രീകളും ശൈലജയെ മുഖ്യമന്ത്രിയായി കാണാന്‍ ഇടതുപക്ഷത്ത് ആഗ്രഹിക്കുന്നുണ്ട്.

പിണറായി വിജയന് പുരുഷന്മാരില്‍ 18 ശതമാനത്തിന്റെ പിന്തുണയുണ്ട്, സ്ത്രീകളില്‍ 17 ശതമാനത്തിന്റേയും. ആകെ 24.2 ശതമാനം പേരാണ് ശൈലജയെ പിന്തുണയ്ക്കുന്നത്. 17.5 ശതമാനം പേര്‍ പിണറായി വിജയനെ അനുകൂലിക്കുന്നു. പിണറായിയുടെ മരുമകന്‍ കൂടിയായ റിയാസിനെ 5.3 ശതമാനം പേരും അനുകൂലിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറിയായ എംഎ ബേബി മുഖ്യമന്ത്രിയാകണമെന്ന് 5.8ശതമാനം പേര്‍ അഗ്രഹിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന് 2 ശതമാനം പേരാണ് അനുകൂലം. കെ രാധാകൃഷ്ണനെ 3.6 ശതമാനം പേര്‍ അനുകൂലിക്കുന്നു. 41.5 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടുമില്ല. കോണ്‍ഗ്രസിന് തരൂര്‍ അനഭിമതനാണ്. അതുപോലെ സിപിഎം നേൃത്വത്തിനും ശൈലജയെ താല്‍പ്പര്യമില്ല. പക്ഷേ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാന നേതാവായി ശൈലജ മാറുകയും ചെയ്യുന്നു.

സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് അഭിപ്രായ സര്‍വെ വിശദീകരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് 48 ശതമാനം പേരാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. എല്‍ഡിഎഫിനെതിരെ അതിശക്ത വികാരമുണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇടതു സര്‍ക്കാരിനെ അനുകൂലിച്ച് 35 ശതമാനം പേരും രംഗത്തെത്തി. വളരെ ശക്തമായ സര്‍ക്കാര്‍ അനുകൂല വികാരമുണ്ടെന്ന് 8.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍വെയില്‍ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. 43 ശതമാനം പേര്‍. പുരുഷന്മാര്‍ 39 ശതമാനവും ഭരണ വിരുദ്ധ വികാരമുണ്ടെന്ന അഭിപ്രായക്കാരാണ്. സര്‍വെയില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ടവരില്‍ 45 ശതമാനവും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ അഭിപ്രായം പ്രകടിപ്പിച്ച 37 ശതമാനം പേര്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്.

നിലവിലെ എംഎല്‍എ തന്നെ വീണ്ടും മത്സരിച്ചാല്‍ അനുകൂലിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, 62.6 ശതമാനം പേരും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. 23.3 ശതമാനം പേര്‍ മാത്രമാണ് നിലവിലെ എംഎല്‍എയെ മത്സരിപ്പിക്കുന്നതിനെ പിന്തുണച്ചത്. അതേ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് 28.3 ശതമാനം പേരും, വേറെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാലും വോട്ടു ചെയ്യില്ലെന്ന് 34.3 ശതമാനം പേരും വ്യക്തമാക്കുന്നു.