- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്‍
കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്ന് സതീശന്‍ വിമര്‍ശിച്ചു.
വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.- വി ഡി സതീശന്‍ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. എംഎംസി കോണ്‍ഗ്രസാണ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു മോദി പറഞ്ഞത്. എംഎംസി എന്നാല്‍ മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് ആണെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിനെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി മാറി. കോണ്‍ഗ്രസിനെ ജനങ്ങള്‍ വളരെ സൂക്ഷിക്കണം. വര്‍ഗീയ പരീക്ഷണശാലയായി കേരളത്തെ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. പവിത്രമായ കേരളത്തെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അജണ്ടയില്‍ നിന്ന് രക്ഷിച്ചെടുക്കണം. ഈ സമയമാണ് ശരിയായ സമയം. ഇതാണ് എന്‍ഡിഎ സര്‍ക്കാറിനുള്ള ശരിയായ സമയം. വികസിത കേരളം സാധ്യമാക്കാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ എത്താതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രുവാണ്. പിഎം ശ്രീ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. പിഎം ശ്രീ പദ്ധതി കേരളം ഉപേക്ഷിച്ചു. പാവപ്പെട്ട കുട്ടികള്‍ ആധുനിക രീതിയിലെ സ്‌കൂളില്‍ പഠിക്കേണ്ടതില്ല എന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ദരിദ്രരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ദരിദ്രര്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പത്തുവര്‍ഷം കേന്ദ്രം ഭരിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടിയും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയും രണ്ട് പാര്‍ട്ടികളും ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പണം നേതാക്കന്മാരുടെ പോക്കറ്റിലേക്കാണ് മുന്‍പ് പോയിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും സിപിഐഎമ്മും വിചാരിച്ചാല്‍ പോലും പണം മോഷ്ടിക്കാന്‍ ആവില്ല. കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വന്നേ തീരൂ. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കേരളത്തിനും പൂര്‍ണമായി ലഭിക്കണം. വിഴിഞ്ഞം പദ്ധതിയിലൂടെ യുവാക്കള്‍ക്ക് ഒട്ടനവധി തൊഴില്‍ ലഭിക്കും. വിഴിഞ്ഞത്ത് നൂറുകണക്കിന് കപ്പലുകളാണ് ആറ് മാസം കൊണ്ട് കൈകാര്യം ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ച സാധാരണക്കാരുടെ പണം കോണ്‍ഗ്രസും സിപിഐഎമ്മും മോഷ്ടിച്ചു. കേരളത്തിന്റെ വികസനത്തിന് തടസമാകുന്നത് അഴിമതിയാണ്. സഹകരണ ബാങ്കുകളിലെ പണം പോലും സുരക്ഷിതമല്ല. മക്കളുടെ വിവാഹത്തിനും പഠനത്തിനും സൂക്ഷിച്ച പണം കൊള്ളയടിക്കപ്പെട്ടു. ബിജെപിക്ക് അവസരം തന്നാല്‍ മോഷ്ടിക്കപ്പെട്ട പണം മോഷ്ടിച്ചവരില്‍ നിന്ന് ഈടാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.


