തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തമാശ പ്രതിപക്ഷ നേതാവിന് ഇഷ്ടപ്പെട്ടില്ല. രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് നോര്‍ക്ക സംഘടിപ്പിച്ച ചടങ്ങില്‍ ആശംസിച്ച സ്വാഗത പ്രസംഗകന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.

താന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തമാശ പറയേണ്ട. വിഎസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോ. തമാശകള്‍ തന്നേക്കൊണ്ട് പറയിപ്പിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രസംഗകനും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. ജി. രാജ്‌മോഹന്‍ രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ചത്. പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രിയും പ്രസംഗിച്ചിരുന്നു.

''നമ്മുടെ സ്വാഗത പ്രസംഗകനെ കുറിച്ച് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശമായിപോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാലോ. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളത്''- എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

പിണറായി വിജയന്റെ വാക്കുകള്‍ കേട്ട് വേദിയിലുള്ള രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.