- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയം
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വാക്‌പോര് കടുക്കുന്നു. തന്നെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്ന വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി. പ്രതിപക്ഷ നേതാവും ബിജെപിയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടെന്നാണ് ശിവന്‍കുട്ടി ഉയര്‍ത്തുന്ന പുതിയ ആക്ഷേപം. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ബിജെപി ഡീലുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്നത്.
നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവന്‍കുട്ടി പറയുന്നത്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ 'ഡീലിന്റെ' അടിസ്ഥാനം എന്നും വി ശിവന്‍കുട്ടി പറയുന്നു. വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേ സമയം താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശന്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചര്‍ച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത് മന്ത്രി ആരോപിക്കുന്നു.
രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാന്‍ കെല്‍പ്പില്ലാത്തവരാണ് വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്. ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാന്‍ നടത്തുന്ന ഈ നാടകങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല. വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും വി ശിവന്‍കുട്ടി പറയുന്നു.
വ്യാഴാഴ്ചയാണ് നേമത്ത് മത്സരിക്കാന്‍ പ്രതിപക്ഷ നേതാവിനെ വി ശിവന്‍കുട്ടി വെല്ലുവിളിച്ചത്. ഇതിന് പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നല്‍കിയത്. മന്ത്രി ശിവന്‍കുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതില്‍ തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാന്‍ ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. അപ്പോള്‍ തര്‍ക്കമില്ലല്ലോ' എന്നും വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വി.ഡി.സതീശന്‍, ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്. 'ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്'- സതീശന്‍ പരിഹസിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണു ശക്തമായ തിരിച്ചടിയുമായി സതീശന്‍ രംഗത്തെത്തിയത്.
സതീശന്‍ അണികളെ ആവേശഭരിതരാക്കന്‍ തരംതാണ പദപ്രയോഗങ്ങളാണു നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ഇതിനോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയില്‍ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. 'ഞാന്‍ പേടിച്ചു പോയി' എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. ഞങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവും. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് 'വിനായക് ദാമോദര്‍ സതീശന്‍' ആണെന്നും മന്ത്രി തിരിച്ചടിച്ചു.
ഇതിനിടെ ശിവന്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് പരാതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എല്‍.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടിസ് നല്‍കുകയും ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടിയെയും മന്ത്രിസഭയെയും അവഹേളിച്ചു എന്ന് കാണിച്ച് വി. ജോയി എം.എല്‍. എയാണ് നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തി എന്നും എത്തിക്‌സ് കമ്മറ്റി ഇടപെടന്നമെന്നുമാണ് നോട്ടിസിലെ ആവശ്യം.
പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രിസഭയെയും അപ്പാടെ അപമാനിച്ചു എന്ന് കാണിച്ചാണ് അവകാശലംഘന നോട്ടിസ്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തിയെന്നും വി.ഡി. സതീശന് ഹുങ്കാണെന്നും വി ജോയി പറഞ്ഞു. ഈ വാക്‌പോരാണ് ഇരുവരും തമ്മില്‍ വീണ്ടും തുടരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നേമം നിയമസഭാ മണ്ഡലം ഇതോടെ ശ്രദ്ധ നേടുകയാണ്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലത്തില്‍ ഇക്കുറി ആര് വിജയിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.


