- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മക്കൾ ജീവിച്ചത് കൂലിപ്പണിയെടുത്ത്; പാർട്ടി കൊടുത്ത കാറിൽ കയറാൻ പോലും കുടുംബത്തെ അനുവദിച്ചില്ല; ഒരു മകന് ദേശാഭിമാനി ഓഫീസിൽ ചെറിയ ജോലി കിട്ടിയതുപോലും ആക്ഷേപം ഭയന്ന് ഉപേക്ഷിച്ചു; ദാരിദ്ര്യത്തോട് പൊരുതിക്കയറിയ ബാല്യം; ഉന്നതങ്ങളിൽ എത്തിയിട്ടും സാധാരണക്കാരനായി ഒരു വിനയാന്വിത ജീവിതം; സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുമ്പോൾ
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിലും സ്വർണ്ണക്കടത്തിലുമായി ചോദ്യം ചെയ്യപ്പെടുന്ന ഇന്ന്, നിസ്വനായി മരിച്ച മറ്റൊരു കമ്യൂണിസ്റ്റ് നേതാവിന്റെ ഓർമ്മ ദിനം കൂടിയാണ്. സാധാരണക്കാരിൽ സാധാരണക്കാരനായി മക്കൾക്കും കടുംബത്തിനും വേണ്ടി ഒന്നും സമ്പാദിക്കാതെ മരിച്ച ചടയൻ ഗോവിന്ദൻ എന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ ജീവിതം ആദ്യം മനസ്സിലാക്കേണ്ടത് ഇക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കൾ തന്നെയാണ്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെ 1998ലാണ് ചടയൻ വിടപറഞ്ഞത്. 1948ൽ പാർട്ടി സെല്ലിൽ അംഗമായ ചടയൻ, '79ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. '85ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. കേരളത്തിലെ സിപിഎമ്മിന്റെ എണ്ണം പറഞ്ഞ നേതാവ് ആയിട്ടും ചടയൻ അധികാരത്തോട് എക്കാലവും വിമുഖത പുലർത്തി. യാതൊരു അഴിമതിക്കേസിലും അക്രമരാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെട്ടില്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മക്കൾ ജീവിച്ചത് കൂലിപ്പണിയെടുത്തായിരുന്നു. മലയാള മനോരമ പത്രം ചടയയൻ ഗോവിന്ദന്റെ മകൻ വാർക്കപ്പണിയെടുക്കുന്നതിന്റെ ചിത്രം പത്തിരുപത് വർഷം മുമ്പ് പ്രസിദ്ധീകരിച്ചത് വലിയ വാർത്തയായിരുന്നു. തന്റെ മക്കൾ അധ്വാനിച്ച് ജീവിച്ചിരുന്നതിൽ എന്നും അഭിമാനിച്ചുന്ന വ്യക്തിയായിരുന്നു ചടയൻ. ഒരു മകന് ദേശാഭിമാനി ഓഫീസിൽ ചെറിയൊരു ജോലി കിട്ടയിതു പോലും ആക്ഷേപം ഭയന്ന് ഉപേക്ഷിച്ചു. അങ്ങനെ ഒരു ആനുകൂല്യവും വേണ ്എന്ന നിലപാടായിരുന്നു ചടയൻ ഉയർത്തിയത്.
പാർട്ടിയുടെ കാർ കുടുംബം ഉപയോഗിക്കരുത്
ഇന്ന് മക്കളെ രവിപിള്ളയുടെയും യൂസഫലിയുടെയും സ്ഥാപനങ്ങളിൽ സിഇഒ മാർ ആക്കാൻ മൽസരിക്കുന്ന സിപിഎം നേതാക്കൾ കണ്ടുപടിക്കേണ്ടതാണ് ചടയന്റെ മാതൃക. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കൽ ഇങ്ങനെ എഴുതുന്നു. 'പാർട്ടി കൊടുത്ത കാറിൽ കയറാൻ നോക്കിയ സ്വന്തം മകനെ ചടയൻ വിലക്കിയിരുന്നു. നീ വീട്ടിലേക്ക്
നടന്നു വന്നാൽ മതി കാറിൽ കയറേണ്ട എന്നു പറഞ്ഞ് കാറിൽ നിന്നിറക്കി. വീട്ടിൽ ചെന്ന് ചടയൻ ചോറുണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യ ചടയനോട് 'സുരേന്ദ്രൻ എന്തിയെ' എന്ന് ചോദിച്ചു. അവൻ നടന്നു വരുന്നുണ്ട് എന്നു ചടയൻ പറഞ്ഞു. ഭാര്യ ചിരിച്ചു. ഭാര്യക്ക് കാര്യം മനസ്സിലായി. പാർട്ടി കൊടുത്ത കാർ പാർട്ടി സെക്രട്ടറി ആയ ചടയന് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു ചടയൻ ഗോവിന്ദൻ.
ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ നായനാർ സർക്കാരിന്റെ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരുന്നു. ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്. ചടയന്റെ മകൻ സുരേന്ദ്രൻ കഴിഞ്ഞ 25 വർഷക്കാലമായി ങഘഅ ക്വാർട്ടേഴ്സിലെ സി പി എം ന്റെ പാർലമെന്ററി പാർട്ടി ഓഫീസിലെ ജീവനക്കാരനാണ്. സുരേന്ദ്രനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഗുരുവായൂർ എംഎൽ ആയിരുന്ന സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദിന്റെ റൂമിൽ വച്ചായിരുന്നു. തൊട്ടപ്പുറത്തു ലോനപ്പൻ നമ്പാടൻ എംഎൽ? യുടെ മുറിയിൽ ആയിരുന്നു അന്ന് എന്റെ താമസം. സെക്രെട്ടറിയേറ്റിൽ നിന്നുംഎ എൽഎ ഹോസ്റ്റലിലേക്ക് സുരേന്ദ്രൻ നടന്നു പോകുന്നത് ഞാൻ കാണാറുണ്ട്. അച്ഛന്റെ ഇഷ്ടം അനുസരിച്ചും മനസ്സറിഞ്ഞും ലളിത ജീവിതം നയിക്കുന്ന സുരേന്ദ്രനെ പോലെയുള്ള നിരവധി പേർ സിപിഎമ്മിലുണ്ട്.'- ജോമോൻ കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റിൽ ഇങ്ങനെ വ്യക്തമാക്കുന്നു.
പുല്ല് പറിച്ചെടുക്കാനുള്ള സമരം തൊട്ട് കലംകെട്ടുസമരംവരെ
കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ കുഞ്ഞപ്പ-കല്യാണി ദമ്പതികളുടെ മകനായി 1929 മെയ് 12-നാണ് ചടയൻ ഗോവിന്ദൻ ജനിച്ചത്. പാവപ്പെട്ട കുടുംബം ആയതിനാൽ അഞ്ചാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു നെയ്ത്ത് വേലയ്ക്കു പോയി. പിതാവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ലായിരുന്നു. ദാരിദ്ര്യം ശരിക്കനുഭവിച്ച ഒരു ബാല്യമായിരുന്നു ചടയൻ ഗോവിന്ദന്റേത്. അതുകൊണ്ടാണ് ഗോവിന്ദൻ ചെറുപ്രായത്തിൽ തന്നെ ഒരു തൊഴിലാളിയായി മാറിയത്.
രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെതിരേ സംഘടിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. അക്കാലത്ത് ഒളിവിൽ നടന്ന ചർച്ചകളിലും, പ്രവർത്തനങ്ങളിലും തന്റെ അമ്മാവന്റെയൊപ്പം ഗോവിന്ദനും പങ്കെടുക്കുമായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ അറിയാൻ ഇത്തരം മീറ്റിംഗുകൾ സഹായമായി. ഇക്കാലത്ത് നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതരായിരുന്ന സി.കണ്ണനും, പി.അനന്തനും ഗോവിന്ദനുമായി സ്ഥിരമായ സമ്പർക്കം പുലർത്തി. ക്രമേണ ഗോവിന്ദൻ നെയ്ത്തു തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി.
കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്. പുരകെട്ടിമേയാനുള്ള പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെ അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമായ മർദനമാണ് അഴിച്ചുവിട്ടത്. പൊലീസ് ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം ചടയനെ ആവേശംകൊള്ളിച്ചിരുന്നു.അതുതന്നെയാണ് ചടയൻ ഗോവിന്ദനെന്ന മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമികവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ചടയൻ സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യശാസ്ത്രജ്ഞനായിമാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റ്ചര്യയിലൂടെയാണ്.
1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമിസമരത്തിന്റെ സംഘാടകനായും ചടയനുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധപ്രകടനത്തിനും കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ ചടയന് അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടതായിവന്നു.
റക്കയുടെ കോലൂരി കൈയിലെടുത്ത് പ്രതിരോധഭടനായി
1948-ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ അംഗമായ ചടയൻ നിരവധി തൊഴിലാളി വർഗ സമരങ്ങൾ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പൊലീസിന്റേയും ശത്രുക്കളുടേയും ആക്രമണത്തിനു പലതവണ വിധേയനായിരുന്നു ഗോവിന്ദൻ. പാർട്ടി നിരോധനം നിലനിന്നിരുന്ന കാലത്ത്, കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളയെ കൊണ്ടു വന്ന് നാറാത്ത് പ്രസംഗിപ്പിച്ചു. ശത്രുക്കൾ ആക്രമിച്ചെങ്കിലും കൃഷ്ണപിള്ളക്ക് യാതൊരാപത്തും സംഭവിക്കാതെ ഗോവിന്ദനുൾപ്പടെയുള്ള പ്രവർത്തകർ സംരക്ഷിക്കുകയായിരുന്നു. കയറളത്തെ കോൺഗ്രസ്സ് നേതാവായിരുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ വീടാക്രമിച്ച കേസിൽ ഗോവിന്ദൻ പ്രതിയായിരുന്നു. പൊലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ ഒളിവിൽപോയെങ്കിലും പിന്നീട് അറസ്റ്റിലായി. ഈ കേസിൽ ഏഴുമാസത്തോളം കണ്ണൂരിൽ തടവുകാരനായി കഴിഞ്ഞു. 1965 ൽ ചൈനാ ചാരനെന്നു മുദ്രകുത്തി പൊലീസ് വേട്ടയാടി, വീണ്ടും ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് മുഴുവനായി ഒളിവിലായിരുന്നു.
കലാസാംസ്കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ അവിടത്തുകാർക്ക് പരിചയപ്പെടുത്തുന്നത് ചടയന്റെ നേതൃത്വത്തിലായിരുന്നു. നല്ല നാടകനടനെന്ന പെരുമകൂടി ചടയന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റ് വേട്ടയുടെ ഘട്ടത്തിൽ റക്കയുടെ കോലൂരി കൈയിലെടുത്ത് പ്രതിരോധഭടനായും അദ്ദേഹം മാറി.പിന്നീട്, അദ്ദേഹമുൾപ്പെടെയുള്ള ആളുകൾക്ക് പൊലീസ് വേട്ടയെ നേരിടേണ്ടതായിവന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീടുകൾ പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു. ഓരോ ഘട്ടത്തിലും സമരമുഖങ്ങളിൽ വ്യത്യസ്തമുഖമായി, കരുത്തുറ്റ സാന്നിധ്യമായി ചടയൻ മാറി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ കൂടെ നിന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (19771979) അഴീക്കോട് നിയമസഭാമണ്ഡലം എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബർ ഒമ്പതിന് തന്റെ 69ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ