- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകര്‍പ്പന്‍ തുടക്കം നല്കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്‍
ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്‍
ബെംഗളൂരു: ജേക്കബ് ബെതേലും വിരാട് കോഹ്ലിയും ചേര്‍ന്ന് നല്‍കിയ ഗംഭീര തുടക്കത്തിന്റെയും റൊമാരിയോ ഷെപേര്‍ഡിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു മുന്നില്‍ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു. മൂന്ന് വിക്കറ്റ് പിഴുത മതീഷ പതിരന ഇടക്ക് റണ്‍നിരക്ക് കുറച്ചെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷെപേര്‍ഡ് ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കുകയായിരുന്നു.നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 213 റണ്‍സ് നേടിയത്.
പവര്‍ പ്ലേയില്‍ അത്യുഗ്രന്‍ പ്രകടനമാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ജേക്കബ് ബെതേലും ബെംഗളൂരുവിന് നല്‍കിയത്. 6 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍സിബി വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് എന്ന നിലയിലായിരുന്നു. 8-ാം ഓവറിന്റെ രണ്ടാം പന്തില്‍ ബെതേല്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 28 പന്തുകളില്‍ നിന്നായിരുന്നു ബെതേല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത്. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ മതീഷ പതിരണയെ പന്തേല്‍പ്പിച്ച നായകന്‍ ധോണിയുടെ തന്ത്രം ഫലിച്ചു. 33 പന്തില്‍ 55 റണ്‍സ് നേടിയ ബെതേലിനെ ഡെവാള്‍ഡ് ബ്രെവിസ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഒന്നാം വിക്കറ്റില്‍ ബെതേലും കോലിയും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
10.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ 29 പന്തില്‍ നിന്ന് കോലി അര്‍ദ്ധ സെഞ്ച്വറിയും തികച്ചതോടെ ചെന്നൈ അപകടം മണത്തു. 12-ാം ഓവറിന്റെ അവസാന പന്തില്‍ സാം കറന്‍ കോലിയെ മടക്കിയയച്ചു.33 പന്തില്‍ 62 റണ്‍സ് നേടിയാണ് കോലി മടങ്ങിയത്. ദേവ്ദത്ത് പടിക്കലിനും (17) ജിതേഷ് ശര്‍മ്മയ്ക്കും (7) നായകന്‍ രജിത് പാട്ടീദാറിനും (11) പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ ആര്‍സിബിയുടെ സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു.18 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍സിബി 5ന് 159 റണ്‍സ് എന്ന നിലയിലായിരുന്നു.
19ാം ഓവറില്‍ ഖലീല്‍ അഹമ്മദിനെ പഞ്ഞിക്കിട്ട് റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ സ്‌കോര്‍ ഉയര്‍ത്തി. നാല് സിക്സറുകളും രണ്ട് സിക്സറുകളും സഹിതം ഈ ഓവറില്‍ 33 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത്.അവസാന ഓവറില്‍ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേര്‍ഡ് 14 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ആര്‍സിബിയുടെ സ്‌കോര്‍ 200 കടന്ന് കുതിക്കുകയായിരുന്നു.
ചെന്നൈയ്ക്കായി മഹേഷ് പതിരണ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റും നൂര്‍ അഹമ്മദ്,സാംകറണ്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.ഇന്നത്തെ മത്സരം ജയിച്ചാല്‍ ബംഗളുരുവിന് പ്ലേ ഓഫ് ഉറപ്പിക്കാം.