- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയൊക്കെ ചെയ്യാമോ..നമ്മള് ബ്രദര്ഹുഡല്ലേ! ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ സല്‍മാന്‍ ആഗയുടെ റണ്ണൗട്ടിനെ ചൊല്ലി വിവാദം; പന്ത് എടുത്തുകൊടുക്കാന്‍ ശ്രമിച്ച സല്‍മാന്‍ ആഗയെ തന്ത്രപൂര്‍വ്വം പുറത്താക്കി ബംഗ്ലദേശ് ബൗളര്‍; ക്രീസില്‍ പൊട്ടിത്തെറിച്ച് പാക് താരം; വീഡിയോയും വൈറല്‍
ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ സല്‍മാന്‍ ആഗയുടെ റണ്ണൗട്ടിനെ ചൊല്ലി വിവാദം

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ആഗയുടെ റണ്ണൗട്ടിനെചൊല്ലി വിവാദം.ബംഗ്ലാ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസ് ആണ് സല്‍മാന്‍ ആഗയെ വിവാദരീതിയില്‍ പുറത്താക്കിയത്.സംഭവത്തില്‍ ക്ഷുഭിതനായ സല്‍മാന്‍ ആഗ, ഹെല്‍മറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.പന്ത് എടുത്തുകൊടുക്കാന്‍ ശ്രമിച്ച സല്‍മാന്‍ ആഗയെ,ബംഗ്ലദേശ് ബോളര്‍ മെഹ്ദി ഹസന്‍ മിറാസ് തന്ത്രപൂര്‍വം പുറത്താക്കിയതാണ് പാക്ക് ടീം ക്യാംപിനെയാകെ ഞെട്ടിച്ചത്.രണ്ടാം പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ താരം ദയനീയമായി പുറത്താകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
സംഭവം ഇങ്ങനെ..മത്സരത്തിന്റെ 39ാം ഓവറിലെ നാലാം പന്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.സല്‍മാന്‍ ആഗയും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 109 റണ്‍സിന്റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയില്‍ എത്തിച്ചിരുന്നു. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്ട്രൈക്കിംഗ് എന്‍ഡിലായിരുന്ന റിസ്വാന്‍ നേരെ മുന്നോട്ട് അടിച്ചു.പന്ത് പിടിക്കാന്‍ ശ്രമിച്ച മെഹ്ദി നോണ്‍
-സ്ട്രൈക്കിംഗ് എന്‍ഡിലായിരുന്ന സല്‍മാന്‍ ആഗയുടെ കാലിന് താഴെവെച്ചാണ് പന്ത് തടുത്തത്.വീണുകിടന്ന മെഹ്ദിക്ക് പന്തെടുത്തുകൊടുക്കാന്‍ സല്‍മാന്‍ ആഗ കുനിയുന്നതിനിടെ പന്ത് കൈക്കലാക്കിയ മെഹ്ദ് സ്റ്റംപ് തെറിപ്പിച്ച് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു.
വിക്കറ്റു പോയപ്പോഴും എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാതെ ഞെട്ടിനില്‍ക്കുകയായിരുന്നു പാക്ക് ബാറ്റര്‍. അപ്രതീക്ഷിതമായ ബംഗ്ലദേശ് നീക്കത്തില്‍ ക്രീസിലേക്കു കയറാന്‍ പോലും പാക്ക് ബാറ്റര്‍ തയാറായില്ല.തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സല്‍മാന്‍ ആഗ ആക്രോശിച്ചുകൊണ്ട് ഹെല്‍മറ്റും ഗ്ലൗസും നിലത്തടിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്.ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഈ പുറത്താക്കലെന്ന വാദം ശക്തമാണ്.ഐസിസി നിയമം അനുസരിച്ച്, ഒരു ഫീല്‍ഡര്‍ മനപ്പൂര്‍വ്വം ബാറ്ററെ തടസ്സപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് കുറ്റകരമാണ്.
മെഹ്ദി ഹസന്‍ പന്ത് ഫീല്‍ഡ് ചെയ്യാനല്ല, മറിച്ച് ആഗയ്ക്ക് തിരികെ ക്രീസില്‍ കയറാനുള്ള വഴി തടസ്സപ്പെടുത്താനാണ് ശ്രമിച്ചതെന്ന് വ്യക്തമായാല്‍ അത് 'ഡെഡ് ബോള്‍' ആയി പ്രഖ്യാപിക്കണമായിരുന്നു.എന്നാല്‍ അമ്പയര്‍ ഔട്ട് വിധിയില്‍ ഉറച്ചുനിന്നു.രോഷത്തോടെ മടങ്ങിയ പാക്ക് താരം ഗ്രൗണ്ടിനു വെളിയിലും ഹെല്‍മറ്റ് വലിച്ചെറിഞ്ഞു.മത്സരത്തില്‍ 62 പന്തുകള്‍ നേരിട്ട സല്‍മാന്‍ ആഗ 64 റണ്‍സടിച്ചാണു പുറത്തായത്.ആഗ പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു.രണ്ട് പന്തുകള്‍ക്ക് ശേഷം റിസ്വാനും പുറത്തായി.230/3 എന്ന നിലയിലായിരുന്ന അവര്‍ വെറും 274 റണ്‍സിന് ഓള്‍ഔട്ടായി. 48 ഓവറില്‍ 274 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
മറുപടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശ് 22 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി പതറുമ്പോള്‍ മഴയെത്തി.മഴ കളി തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് മത്സരം പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 32 ഓവറില്‍ 245 റണ്‍സാക്കി നിശ്ചയിച്ചു. ആദ്യ മത്സരത്തില്‍ ജയിച്ച ബംഗ്ലാദേശ് മൂന്ന് മത്സരപരമ്പരയില്‍ 1-0ന് മുന്നിലാണ്.


