കൊളംബോ: സൂപ്പര്‍ എട്ടിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട്.തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇംഗ്ലണ്ട് നാല് വിക്കറ്റിന് കിവികളെ വീഴ്ത്തിയത്.കിവീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരിക്കെ റെഹാന്‍ അഹമ്മദും വില്‍ ജാക്സും തകര്‍ത്തടിച്ച് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

ഇതോടെ സൂപ്പര്‍ എട്ടിലെ എല്ലാ മത്സരവും വിജയിച്ച് സമ്പൂര്‍ണ്ണ ആധിപത്യത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി.

ജയിച്ചാല്‍ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോല്‍വിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു.അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ശ്രീലങ്കയെ കീഴടക്കിയാല്‍ പാകിസ്താനും സെമിയിലെത്താം.നാളത്തെ മത്സരം ജയിച്ചാല്‍ ന്യൂസിലാന്റിനും പാക്കിസ്ഥാനും 3 പോയന്റ് വീതമാകും.അങ്ങിനെ വരുമ്പോള്‍ നിലവിലെ റണ്‍റേറ്റില്‍ പാക്കിസ്ഥാന് കിവീസിനെ മറികടക്കണമെങ്കില്‍ ശ്രീലങ്കയെ 70 ല്‍ കൂടുതല്‍ റണ്‍സിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിക്കണം.

പതിനേഴാം ഓവറില്‍ 117-6ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.അവസാന 3 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 43 റണ്‍സ്. ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സെടുത്ത റെഹാന്‍ അഹമ്മദും ജാക്സും ചേര്‍ന്ന് മിച്ചല്‍ സാന്റ്നര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ചു.മാറ്റ് ഹെന്റി എറിഞ്ഞ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്ത ജാക്സും അഹമ്മദും മൂന്നാം പന്തില്‍ ലെഗ് ബൈ ബൗണ്ടറിയിലൂടെ ലക്ഷ്യം കണ്ടു.ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും (2) ജോസ് ബട്‌ലറെയും (0)തുടക്കത്തിലെ നഷ്ടമായ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്(26), ജേക്കബ ബെഥേല്‍(21), ടോം ബാന്റണ്‍(33), സാം കറന്‍(24) വില്‍ ജാക്സ്(18 പന്തില്‍ 32*), റെഹാന്‍ അഹമ്മദ്(7 പന്തില്‍ 19*) എന്നിവരുടെ ഇന്നിംഗ്ലുകളാണ് കരുത്തായത്.

സ്പിന്‍ പിച്ചില്‍ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ടിം സൈഫര്‍ട്ട്(35), ഫിന്‍ അലന്‍(29), ഗ്ലെന്‍ ഫിലിപ്സ്(39), മാര്‍ക് ചാപ്മാന്‍ (15)എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിന്‍ഡിന്റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു.അതേസമയം ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെ സെമിയില്‍ നേരിടാം. ഇന്ത്യ-വിന്‍ഡീസ് മത്സര വിജയികളായിരിക്കും ഇംഗ്ലണ്ടിന്റെ സെമിയിലെ എതിരാളികള്‍.