- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ യുവനിരയ്ക്ക് മുന്നില്‍ 58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി മുന്നില്‍ നിന്നും നയിച്ചത് ക്യാപ്ടന് ശുഭ്മാന്‍ ഗില്‍; പത്ത് വിക്കറ്റ് വീഴ്ത്തി താരമായി ആകാശ് ദീപും; ക്യാപ്ടനെന്ന നിലയില്‍ ആദ്യ വിജയത്തിനൊപ്പം കളിയിലെ താരമായി ഗില്‍
ഇന്ത്യന്‍ യുവനിരയ്ക്ക് മുന്നില്‍ 58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ
ബര്‍മിങ്ങാം: എജ്ബാസ്റ്റണില്‍ ചരിത്രം തിരുത്തി ഇന്ത്യയുടെ യുവനിര. 58 വര്‍ഷക്കാലം ഇന്ത്യക്ക് വിജയം അന്യമായിരുന്ന ഗ്രൗണ്ടില്‍ ഉജ്ജ്വല വിജയം നേടി ടീം ഇന്ത്യ. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. സ്‌കോര്‍: ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരമായത്. ക്യപ്ടന്‍ എന്ന നിലയില്‍ ഗില്ലിന്റെ ആദ്യ ടെസ്റ്റ് വിജയമാണ് ഇത്. ഇതോടെ ഈ വിജയം ഗില്ലിന് ഇരട്ടിമധുരമായി മാറി.
1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. കോലിയും രോഹിതും വിരമിച്ച ശേഷം യുവതാരങ്ങളെ ആശ്രയിച്ചാണ് ഇന്ത്യ ടെസ്റ്റ് വേദിയില്‍ ഇറങ്ങിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എജ്ബാസ്റ്റണ്‍.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 6 വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റും ആകാശ് ദീപ് വീഴ്ത്തിയിരുന്നു. ഇതോടെ 1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റര്‍മാരില്‍ നാലു പേരെയും (ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്) പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആകാശിന് സ്വന്തമായി. 1976-ല്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. 49 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി ആകാശ് ദീപ് മാറി.
99 പന്തില്‍ നിന്ന് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്സില്‍ താരം 184 റണ്‍സോടെ പുറത്താകാതെ നിന്നിരുന്നു. അഞ്ചാം ദിനം രാവിലെ പെയ്ത മഴയ്ക്കും എജ്ബാസ്റ്റണിലെ ആകാശത്ത് നിറഞ്ഞ കാര്‍മേഘങ്ങള്‍ക്കും ഇന്ത്യയുടെ വിജയം തടയാനായില്ല. മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.
മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 50 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്. പിന്നാലെ സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 31 പന്തില്‍ നിന്ന് 23 റണ്‍സായിരുന്നു ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ബ്രൂക്കിന്റെ സമ്പാദ്യം.
പിന്നാലെ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് - ജാമി സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ ഇടവേളയ്ക്കു തൊട്ടുമുമ്പ് സ്റ്റോക്ക്‌സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വാഷിങ്ടണ്‍ സുന്ദര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 73 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ ക്രിസ് വോക്സിനെ (7) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. ബെന്‍ ഡെക്കറ്റ് (25), സാക് ക്രോളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.