ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ കരുത്തനായി ന്യൂസിലാന്‍ഡിനെയും വീഴ്ത്തി ഇന്ത്യ സെമിയില്‍. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചാണ് ഇന്ത്യ വിജയം കൊയ്തത്. മാര്‍ച്ച് നാലിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യക്ക് രണ്ട് വിജയം മാത്രം മതി.

120 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ പൊരുതി നോക്കിയത്. പക്ഷേ പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി. കിവീസ് ബാറ്റ് ചെയ്ത 45.3 ഓവറില്‍ ഇന്ത്യയ്ക്കായി 37.3 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്. രചിന്‍ രവീന്ദ്ര (6), വില്‍ യങ് (22), ഡാരില്‍ മിച്ചല്‍ (17), ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്സ് (12), മൈക്കല്‍ ബ്രേസ്വെല്‍ (2) എന്നിവര്‍ക്കൊന്നും തന്നെ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച വില്യംസ് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 31 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ ഇന്നിങ്സ് പരാജയഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 98 പന്തില്‍ 79 റണ്‍സെടുത്തു പുറത്തായ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ബാറ്റിങ്ങില്‍ 'പ്രൊമോഷന്‍' ലഭിച്ച് നേരത്തേയിറങ്ങിയ അക്ഷര്‍ പട്ടേല്‍ 61 പന്തില്‍ 42 റണ്‍സെടുത്തു പുറത്തായി. 45 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 45 റണ്‍സുണ്ട്. എട്ടോവറുകള്‍ പന്തെറിഞ്ഞ മാറ്റ് ഹെന്റി 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.




രോഹിത് ശര്‍മ (17 പന്തില്‍ 15), ശുഭ്മന്‍ ഗില്‍ (രണ്ട്), വിരാട് കോലി (14 പന്തില്‍ 11), കെ.എല്‍. രാഹുല്‍ (29 പന്തില്‍ 23), രവീന്ദ്ര ജഡേജ (20 പന്തില്‍ 16) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. 6.4 ഓവറില്‍ 30 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് ശ്രേയസിന്റെയും അക്ഷറിന്റെയും പ്രതിരോധ തന്ത്രമാണ് ഉപകാരമായത്. 24.4 ഓവറിലാണ് (148 പന്തുകള്‍) ഇന്ത്യ 100 പിന്നിട്ടത്. സ്‌കോര്‍ 15ല്‍ നില്‍ക്കെ രണ്ടു റണ്‍സെടുത്ത ഗില്ലിനെ മാറ്റ് ഹെന്റി എല്‍ബിഡബ്ല്യു ആക്കുകയായിരുന്നു.

തൊട്ടുപിന്നാലെ കൈല്‍ ജാമീസന്റെ പന്തില്‍ വില്‍ യങ് ക്യാച്ചെടുത്ത് രോഹിത് ശര്‍മയെയും മടക്കി. 300ാം മത്സരത്തിനിറങ്ങിയ വിരാട് കോലിക്കും തിളങ്ങാന്‍ സാധിച്ചില്ല. മാറ്റ് ഹെന്റിയുടെ പന്തില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെയായിരുന്നു കോലിയുടെ മടക്കം. ബൗണ്ടറിയാണെന്നു തോന്നിച്ച കോലിയുടെ അതിവേഗത്തിലുള്ള ഷോട്ട് ഡൈവിങ് ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്‌സ് പിടിച്ചെടുക്കുകയായിരുന്നു.

അക്ഷര്‍ പട്ടേലും ശ്രേയസ് അയ്യരും ചേര്‍ന്നുള്ള 98 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചത് കിവീസിന്റെ ഇന്ത്യന്‍ വംശജനായ താരം രചിന്‍ രവീന്ദ്രയാണ്. രചിന്റെ പന്ത് അക്ഷറിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കെയ്ന്‍ വില്യംസന്‍ ഒറ്റക്കൈയില്‍ അതു പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍ 172 ല്‍ നില്‍ക്കെ ശ്രേയസ് അയ്യരെ വില്യം ഒറൂക്ക് വില്‍ യങ്ങിന്റെ കൈകളിലെത്തിച്ചു. ഒറൂക്കിന്റെ ഷോര്‍ട്ട് ബോള്‍ അയ്യര്‍ പുള്‍ ചെയ്തതോടെ യങ് പിടിച്ചെടുക്കുകയായിരുന്നു. രാഹുലിന്റെ പ്രതിരോധവും അധികനേരം നീണ്ടില്ല. മിച്ചല്‍ സാന്റ്‌നറുടെ ബോളില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം ക്യാച്ചെടുത്തു താരത്തെ പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കേണ്ട സമയത്തും മികച്ച രീതിയില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പാടുപെട്ടു.




മാറ്റ് ഹെന്റിയെറിഞ്ഞ 46ാം ഓവറിലെ അവസാന പന്തില്‍ കെയ്ന്‍ വില്യംസന്റെ തകര്‍പ്പനൊരു ക്യാച്ചില്‍ ജഡേജ വീണു. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലേക്കു വലിഞ്ഞു. എന്നാല്‍ കൈല്‍ ജാമീസന്റെ 49ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങിന്റെ ഗിയര്‍ മാറ്റി. ഈ ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറുകളുമാണ് പാണ്ഡ്യ ബൗണ്ടറി കടത്തിയത്. എന്നാല്‍ മാറ്റ് ഹെന്റിയുടെ അവസാന ഓവറില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യയെ രചിന്‍ രവീന്ദ്ര ക്യാച്ചെടുത്തു പുറത്താക്കി.