- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ
ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീമെന്ന ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ.
കരീബിയന്‍ ദ്വീപ് സംഘത്തിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം പരമ്പര വിജയമാണിത്. 2002ലാണ് അവസാനമായി വിന്‍ഡീസ് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയും വിന്‍ഡീസിനെതിരെ തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകള്‍ ജയിച്ചിരുന്നു. 1997 മുതല്‍ 2024 വരെയുള്ള കാലയളലിവായിരുന്നു പ്രോട്ടീസിന്റെ ടെസ്റ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം അഞ്ചാംദിനം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
സ്‌കോര്‍: ഇന്ത്യ -അഞ്ചിന് 518 റണ്‍സ് ഡിക്ലയര്‍. മൂന്നിന് 124. വിന്‍ഡീസ് -248, 390. വിന്‍ഡീസിനെതിരെ അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 108 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 58 റണ്‍സെടുത്തു. ആറു റണ്‍സുമായി ധ്രുവ് ജുറല്‍ പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ചത്. 25 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ 76 പന്തില്‍ 39 റണ്‍സുമായി സായ് സുദര്‍ശന്റെ വിക്കറ്റ് നഷ്ടമായി.
റോസ്റ്റണ്‍ ചേസിന്റെ പന്തിലാണ് പുറത്തായത്. പിന്നാലെ നായകന്‍ ഗില്ലുമൊത്ത് രാഹുല്‍ ടീമിനെ നൂറുകടത്തി. സ്‌കോര്‍ 108ല്‍ നില്‍ക്കേ ഗില്ലിനെയും നഷ്ടമായി. 13 റണ്‍സെടുത്ത താരത്തെ ചേസാണ് പുറത്താക്കിയത്. നാലാംദിനം ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നായക പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ ഹോം പരമ്പരയാണ് ഗില്‍ തൂത്തുവാരിയത്, നായകനായുള്ള ആദ്യ ജയവും. ഇംഗ്ലണ്ട് പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്. 2011നുശേഷം ആദ്യമായാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം അഞ്ചാം ദിനത്തിലേക്ക് പോകുന്നതും.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സുമായി നാലാം നാളില്‍ ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിനായി മൂന്നാം വിക്കറ്റില്‍ കാംപ്‌ബെലും ഷായ് ഹോപും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 177 റണ്‍സ് ചേര്‍ത്ത് സന്ദര്‍ശക ഇന്നിങ്‌സിന് ഊര്‍ജം പകര്‍ന്നു. അതിനിടെ 174 പന്തില്‍ കാംപ്‌ബെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 61ാം ഓവറില്‍ 200 റണ്‍സ് തൊട്ട വിന്‍ഡീസിനായി ബാറ്റര്‍മാര്‍ മികച്ച പ്രകടനം തുടരുമെന്ന് തോന്നിച്ച ഘട്ടത്തില്‍ കാംപ്‌ബെല്‍ വീണു. ജഡേജയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി മടങ്ങുമ്പോള്‍ താരം 199 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സുമടക്കം 115 റണ്‍സ് നേടിയിരുന്നു. റോസ്റ്റണ്‍ ചേസിനെ കൂട്ടി കളി തുടര്‍ന്ന ഷായ് ഹോപും വൈകാതെ സെഞ്ച്വറി പിന്നിട്ടു. കളിക്ക് അല്‍പം വേഗം കുറച്ച താരം 214 പന്തിലാണ് 103 റണ്‍സ് കുറിച്ചത്. 12 ഫോറും രണ്ട് സിക്‌സും ചേര്‍ന്നതായിരുന്നു ഇന്നിങ്‌സ്.
മധ്യനിരയില്‍ ചേസ് 40ഉം ജസ്റ്റിന്‍ ഗ്രീവ്‌സ് 50ഉം റണ്‍സെടുത്തതായിരുന്നു പറയത്തക്ക മറ്റു വ്യക്തിഗത സ്‌കോറുകള്‍. സ്പിന്നും പേസും മാറിമാറി ബൗളിങ്ങിന് മൂര്‍ച്ച കൂട്ടിയ ആതിഥേയനിരക്ക് മുന്നില്‍ മുട്ടിടിച്ച് വിന്‍ഡീസ് നാലാം നാള്‍ എതിരാളികള്‍ക്ക് വമ്പന്‍ ജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സും (32 റണ്‍സ്) അര്‍ധ സെഞ്ച്വറിയുമായി ജസ്റ്റിന്‍ ഗ്രീവ്‌സും ചേര്‍ന്ന് 79 റണ്‍സ് നേടിയത് കളി മാറ്റി. എന്നാലും, ഒരു നാള്‍ മൊത്തം ബാക്കിനില്‍ക്കെ ഇന്ത്യ വമ്പന്‍ ജയത്തിനരികെയാണ്. ജയിച്ചാല്‍ പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ (3/44), കുല്‍ദീപ് യാദവ് (3/104), മുഹമ്മദ് സിറാജ് (2/43), രവീന്ദ്ര ജഡേജ (1/102), വാഷിങ്ടണ്‍ സുന്ദര്‍ (1/80) എന്നിങ്ങനെ എല്ലാവരും മികച്ചുനിന്നു.