ദുബായ്: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി ഒരു കിരീടം... ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്റെ ചോരയ്ക്കായി മുറവിളി കൂട്ടിയവര്‍ക്ക് മറുപടിയായി ചാമ്പ്യന്‍സ് ട്രോഫി നേടണമെന്ന് ആഗ്രഹിച്ച ഹിറ്റ് മാന്‍ ആരാധകര്‍ക്ക് ഇന്ന് ആഘോഷരാവാണ്. അങ്ങ് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മയും സംഘവും ന്യൂസിലന്‍ഡിനെ കലാശപ്പോരില്‍ കീഴടക്കി കീരീടം ഉയര്‍ത്തുമ്പോള്‍ ഇന്ത്യയിലെ ആരാധകര്‍ മനം നിറഞ്ഞ് സന്തോഷിക്കുകയാണ്. അതും തന്റെ മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന് കലാശപ്പോരിലേക്ക് കാത്തുവച്ച രോഹിതിന്റെ അര്‍ധ സെഞ്ചുറി നേട്ടം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായതും ആരാധകരെ സന്തോഷിപ്പിക്കുന്നു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയതിന്റെ അഭിമാനത്തിലാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ അജയ്യരായിട്ടാണ് ഇന്ത്യയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ സാക്ഷാല്‍ ഓസ്ട്രേലിയയെ മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യക്ക് ഈ ടൂര്‍ണമെന്റില്‍ വെല്ലുവിളി ഉയര്‍ത്താന്‍ എന്തെങ്കിലും സാദ്ധ്യതയുള്ള ന്യൂസിലാന്‍ഡിനെ തന്നെ കിട്ടിയതോടെ ഫൈനല്‍ ആവേശകരമാകുകയും ചെയ്തു.

2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയ ശേഷം ഇതാദ്യമായിട്ടാണ് ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു കിരീടം സ്വന്തമാകുന്നത്. കപ്പുയര്‍ത്തിയതില്‍ ടീമിലെ ഓരോ താരങ്ങളുടേയും പ്രകടനം നിര്‍ണായകമായി. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് എന്നതും ശ്രദ്ധേയമാണ്. ദുബായിലെ വേഗത കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച് നിന്നതും നിര്‍ണായകമായി.

പാകിസ്ഥാന്‍ ആതിഥേയരായ ടൂര്‍ണമെന്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവിടേക്ക് പോകില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇതോടെ ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ വിമര്‍ശകര്‍ പറയുന്നത് പോലെ കിരീട നേട്ടത്തില്‍ ഒരിക്കലും അത് ഒരു ഘടകമേ ആയിരുന്നില്ല.

ഇന്ത്യയുടെ ലോകോത്തര സ്പിന്നര്‍മാര്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നതാണ് ഇന്ത്യക്ക് തുണയായി മാറിയത്.ഒരു കളിയില്‍ പോലും വ്യക്തിഗത മികവിലായിരുന്നില്ല ഇന്ത്യയുടെ ജയമെന്നതും ശ്രദ്ധേയമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒന്നിലധികം താരങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി.

കാത്തിരിപ്പിനൊടുവില്‍ കിരീടം

11 വര്‍ഷക്കാലവും 10 ഐസിസി ടൂര്‍ണമെന്റുകളും കാത്തിരുന്നാണ് 2013-ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷം മറ്റൊരു ഐ.സി.സി. കിരീടത്തില്‍ ഇന്ത്യയ്ക്ക് മുത്തമിടാന്‍ സാധിച്ചത്. 2024-ല്‍ കരീബിയന്‍ മണ്ണില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു അത്. 2024 ജൂണ്‍ 29-ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് കീഴടക്കിയായിരുന്നു ടീം ഇന്ത്യയുടെ കിരീടധാരണം. അവിടെ നിന്നും വെറും ഒന്‍പത് മാസത്തിനിടെ തുടര്‍ച്ചയായ രണ്ടാം ഐ.സി.സി. ടൂര്‍ണമെന്റും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. കലാശപ്പോരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ ഇന്നിങ്സ് മികവിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

10 ഐസിസി ടൂര്‍ണമെന്റുകള്‍ കാത്തിരുന്ന് ഒടുവില്‍ 11-ാമത്തെയും 12-ാമത്തെയും ടൂര്‍ണമെന്റുകള്‍ വിജയിക്കാനായിരിക്കുന്നു ഇന്ത്യയ്ക്ക്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഐ.സി.സി. ടൂര്‍ണമെന്റ് വിജയം. 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന കിരീടമാണിത്. 2013-ല്‍ ഇംഗ്ലണ്ടിനെ കീഴടക്കി എം.എസ്. ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഒരു ഏകദിന കിരീടം നേടിയത്. 2017-ല്‍ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരില്‍ പാകിസ്താനോട് തോല്‍ക്കാനായിരുന്നു വിധി.

സുവര്‍ണ നിര മോഹിച്ച ആ കിരീടം രോഹിതിന്റെ കയ്യില്‍

സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം അടങ്ങിയ ഇന്ത്യയുടെ സുവര്‍ണ നിരയ്ക്കും ഐ.സി.സി. ട്രോഫി എന്നത് ദീര്‍ഘനാള്‍ കിട്ടാക്കനിയായിരുന്നു. സച്ചിന് 2011-ല്‍ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായെങ്കിലും ഗാഗുലിക്കും ദ്രാവിഡിനും ഓര്‍ക്കാനുള്ളത് 2002-ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി കിരീടം ശ്രീലങ്കയ്ക്കൊപ്പം പങ്കുവെച്ചത് മാത്രമാണ്. പിന്നീട് 2007-ല്‍ ധോനിയുടെ നേതൃത്വത്തിലുള്ള യുവനിര പ്രഥമ ടി20 കിരീടത്തില്‍ മുത്തമിട്ടു. പിന്നാലെ 2011-ല്‍ ഏകദിന ലോകകപ്പും, 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീം നേടിയതും ധോനിക്ക് കീഴില്‍ തന്നെ.

എന്നാല്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകര്‍ക്കും സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോനിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് പിന്നീട് ഒരു ഐ.സി.സി. ട്രോഫി ഇന്ത്യയ്ക്ക് കിട്ടാക്കനിയായിരുന്നു. ഒടുവില്‍ കപില്‍ ദേവിനും ധോനിക്കും ശേഷം ലോകകപ്പുയര്‍ത്തുന്ന (2024) നായകനായി മാറിയ രോഹിത്, ധോനിക്ക് ശേഷം ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി സമ്മാനിക്കുന്ന നായകനുമായിരിക്കുന്നു.

കപ്പിനും ചുണ്ടിനും ഇടയില്‍

2014 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ - ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2014-ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടവുമായി മടങ്ങി. 2015 ഏകദിന ലോകകപ്പ് സെമി - ഇന്ത്യയെ ഓസ്ട്രേലിയ 95 റണ്‍സിന് പരാജയപ്പെടുത്തി. 2016 ട്വന്റി 20 ലോകകപ്പ് സെമി - വെസ്റ്റിന്‍ഡീസിനോട് ഏഴു വിക്കറ്റിന് തോറ്റു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ - പാകിസ്താനോട് 180 റണ്‍സിന് തോറ്റു. 2019 ഏകദിന ലോകകപ്പ് സെമി - ന്യൂസീലന്‍ഡിനോട് 18 റണ്‍സ് തോല്‍വി. 2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ - ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിന്റെ തോല്‍വി.

2021 ടി20 ലോകകപ്പ് - ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്താനോടും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും തോറ്റതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി. 2022 ടി20 ലോകകപ്പ് സെമി - ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റു. 2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ - ഓസ്ട്രേലിയയോട് 209 റണ്‍സിന് തോറ്റു. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ - ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റു.

ഏറെ മോഹിച്ച കിരീടനേട്ടം

2024 ടി20 ലോകകപ്പ് ഫൈനല്‍ - ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി കിരീടം, 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ - ന്യൂസീലന്‍ഡിനെ നാലു വിക്കറ്റിന് കീഴടക്കി കിരീടം.