ദുബായ്: അനായാസ വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങിയതെങ്കിലും ഒമാന് മുന്നില്‍ ഇന്ത്യന്‍ ടീം വിറച്ചു ജയിച്ചു. ഇന്ത്യയുടെ വിജയം 21 റണ്‍സിനാണ്. ഈ ഏഷ്യാകപ്പിലെ ഉയര്‍ന്ന ടോട്ടലായ 188 റണ്‍സ് പിന്തുടര്‍ന്ന ഒമാന്‍ ഇരുപത് ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സുമായി കളി അവസാനിച്ചു. ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറിയത്. 21-ാം തീയതി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ, പാകിസ്താനെ നേരിടും.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിച്ചില്ലെങ്കിലും ഒമാന് അഭിമാനത്തോടെ തിരികെ വണ്ടി കയറാം. 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഒമാന്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഇന്ത്യയ്ക്കെതിരേ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാന്‍ അവര്‍ക്കായി. ഒമാനായി ആമിര്‍ കലീമും (46 പന്തില്‍ 64) ഹമ്മദ് മിര്‍സയും (33 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. എട്ടുപേരാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. എങ്കിലും ഒമാന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

വിജയത്തോടെ ഗ്രൂപ്പ് എയില്‍ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഒമാന്‍ പട്ടികയില്‍ അവസാനവും. 21നു പാകിസ്ഥനെതിരെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരം. 188 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ ബൗളിങ്ങിലും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു.

ക്യാപ്റ്റന്‍ ജതീന്ദര്‍ സീങ്ങും, ആമിര്‍ കലീമും ചേര്‍ന്ന് മികച്ച തുടക്കമാണ് ഒമാനു നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഒമാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് ഒന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ജതീന്ദര്‍ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.എന്നാല്‍ മൂന്നാമനായി ഹമ്മദ് മിര്‍സ എത്തിയതോടെ ഒമാന്‍ സ്‌കോര്‍ ബോര്‍ഡ് കുറച്ചുകൂടി വേഗത്തില്‍ ചലിച്ചു. ഇരുവരും ചേര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സിക്സറുകളും ബൗണ്ടറികളും കണ്ടെത്തിയതോടെ ഒരു സമയത്ത് വന്‍ അട്ടിമറി വരെയുണ്ടാകുമെന്ന തോന്നലുമുണ്ടായി.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിനെ വിനായക് ശുക്ലയെ പുറത്താക്കി അര്‍ഷ്ദീപ് ട്വന്റി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അര്‍ഷ്ദീപ് സീങ്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മലയാളിത്താരം സഞ്ജു സാംസണ്‍ന്റെ അര്‍ധ സെഞ്ച്വറിയും അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും ബാറ്റിങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്.