മുല്ലന്‍പൂര്‍:കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 180 മുകളില്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ലെന്ന നാണക്കേടില്‍ നിന്ന് ഇത്തവണയും ചെന്നൈയ്ക്ക് രക്ഷയില്ല.പഞ്ചാബ് കിങ്ങ്സിനെതിരെ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ നേരിട്ടത്.220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളു.49 പന്തില്‍ 69 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ്സ്‌കോറര്‍.

27 പന്തുകള്‍ നേരിട്ട ശിവം ദുബെ 42 റണ്‍സെടുത്ത് പുറത്തായി.അവസാന ഓവറുകളില്‍ 12 പന്തില്‍ 27 റണ്‍സെടുത്തു ധോണി തകര്‍ത്തടിച്ചെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല.കൂറ്റന്‍ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും പവര്‍ പ്ലേയില്‍ പതിവുപോലെ സാവധാനമാണ് ചെന്നൈ തുടങ്ങിയത്. ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും വിക്കറ്റ് വലിച്ചെറിയാതെ ടീം സ്‌കോര്‍ ഉയര്‍ത്താനായിരുന്നു ശ്രമം. ആദ്യ മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ വെറും 22 റണ്‍സ്. നാലാം ഓവറില്‍ യാഷ് താക്കൂറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച് കോണ്‍വെ തുടക്കമിട്ട ആക്രമണം അവസാന മൂന്ന് പന്തുകളിലും ബൗണ്ടറി നേടിയ രചിന്‍ പൂര്‍ത്തിയാക്കി. ഈ ഓവറില്‍ മാത്രം 17 റണ്‍സ് പിറന്നു.

പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് എന്ന നിലയിലെത്തിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും പിന്നീട് കഥ മാറി.പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടുമെത്തിയ മാക്സ്വെല്ലിന്റെ പന്തിന് മുന്നില്‍ രചിന്‍ രവീന്ദ്രയ്ക്ക് പിഴച്ചു. സ്റ്റെപ്പൗട്ട് ചെയ്ത് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച രചിനെ വിക്കറ്റിന് പിന്നില്‍ നിന്ന പ്രഭ്സിമ്രാന്‍ സിംഗ് സ്റ്റംപിംഗിലൂടെ പുറത്താക്കി. 23 പന്തില്‍ 36 റണ്‍സ് നേടി രചിന്‍ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ നായകന്‍ റിതുരാജ് ഗെയ്ക്വാദും (1) പുറത്തായി.ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ നിലയുറപ്പിച്ച ശശാങ്ക് സിംഗ് മനോഹരമായ ക്യാച്ചിലൂടെയാണ് ഗെയ്ക്വാദിനെ മടക്കിയയച്ചത്.

ചെന്നൈ ഇന്നിംഗ്സിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ടീം സ്‌കോര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലായിരുന്നു. 10.5 ഓവറില്‍ ടീം സ്‌കോര്‍ 100ല്‍ എത്തി. ഇതിനിടെ കോണ്‍വെയെ പുറത്താക്കാനുള്ള അവസരം തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ പഞ്ചാബ് ഫീല്‍ഡര്‍മാര്‍ കൈവിട്ടു കളഞ്ഞു. 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈ 2ന് 110. 13-ാം ഓവറില്‍ 10 റണ്‍സും 14-ാം ഓവറില്‍ 19 റണ്‍സും പിറന്നതോടെ ചെന്നൈ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ അര്‍ഷ്ദീപ് എറിഞ്ഞ 15-ാം ഓവറില്‍ വെറും 6 സിംഗിളുകള്‍ മാത്രമാണ് പിറന്നത്. ശിവം ദുബെയുടെ ക്യാച്ച് ലോക്കി ഫെര്‍ഗൂസണ്‍ കൈവിടുകയും ചെയ്തു.

16-ാം ഓവറില്‍ പന്തെറിയാനെത്തിയ ഫെര്‍ഗൂസണ്‍ തന്നെ ദുബെയെ പുറത്താക്കി.തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയത്.16 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈ 3ന് 152 റണ്‍സ് എന്ന നിലയില്‍.ചഹല്‍ എറിഞ്ഞ 17-ാം ഓവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ കോണ്‍വെയ്ക്കും ധോണിയ്ക്കും കഴിഞ്ഞില്ല.ഇതോടെ 3 ഓവറില്‍ വിജയലക്ഷ്യം 59 റണ്‍സായി. 18-ാം ഓവറില്‍ ഡെവോണ്‍ കോണ്‍വെ റിട്ടയേഡ് ഔട്ട് ആകുകയും പകരം ജഡേജ ക്രീസിലെത്തുകയും ചെയ്തു.അവസാന രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തി ധോണി ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

തൊട്ടടുത്ത ഓവറിലും ധോണിയുടെ ബാറ്റില്‍ നിന്ന് സിക്സറും ഫോറും പറന്നതോടെ ചെന്നൈ വിജയപ്രതീക്ഷയിലായി.അവസാന ഓവറില്‍ 28 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ധോണി ആദ്യ പന്തില്‍ തന്നെ പുറത്തായി.രണ്ടാം പന്തില്‍ വിജയ് ശങ്കര്‍ സിംഗിള്‍ നേടിയതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു.പഞ്ചാബിനായി ഫെര്‍ഗൂസന്‍ 2ഉം മാക്സ്വെല്‍,താക്കൂര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വിതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെ 39 പന്തിലെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് 219 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്.തുടക്കത്തിലെ വിക്കറ്റുകള്‍ കൂട്ടത്തോടെ നഷ്ടമാകുമ്പോഴും ഒരറ്റത്ത് പതറാതെ നിന്ന് പൊരുതിയാണ് പ്രിയാന്‍ഷ് തന്റെ കന്നി ഐപിഎല്‍ ശതകം പൂര്‍ത്തിയാക്കിയത്.13-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 150 തികച്ചപ്പോള്‍ പ്രിയാന്‍ഷ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.മതീഷ പതിരാണയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയാണ് പ്രിയാന്‍ഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.വെറും 39 പന്തില്‍ നിന്നാണ് പ്രിയാന്‍ഷ് മൂന്നക്കം കടന്നത്.

ആദ്യ 19 പന്തില്‍ അര്‍ധ സെഞ്ചറി പിന്നിട്ട പ്രിയാന്‍ഷ് 39 പന്തില്‍ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചറി തികച്ചു.ചെറിയ സ്‌കോറിന് പഞ്ചാബ് വീണു പോകുമെന്നു ഭയന്നിരിക്കെയാണ് പ്രിയാന്‍ഷിനു കൂട്ടായി ശശാങ്ക് സിങ്ങുമെത്തിയത്. നൂര്‍ അഹമ്മദിന്റെ 14ാം ഓവറില്‍ വിജയ് ശങ്കര്‍ ക്യാച്ചെടുത്ത് താരം പുറത്താകുമ്പോഴേക്കും, പഞ്ചാബ് 154 റണ്‍സെന്ന സുരക്ഷിതമായ നിലയിലെത്തിയിരുന്നു.

പിന്നാലെയെത്തിയ മാര്‍കോ യാന്‍സനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് പഞ്ചാബിനെ 200 കടത്തി.36 പന്തുകള്‍ നേരിട്ട ശശാങ്ക് സിങ് 52 റണ്‍സെടുത്തു.മാര്‍കോ യാന്‍സന്‍ 19 പന്തില്‍ 34 റണ്‍സും എടുത്തു പുറത്താകാതെനിന്നു.ദയനീയമായ തുടക്കമായിരുന്നു പഞ്ചാബ് കിങ്സിനു ലഭിച്ചത്.ഒരു ഭാഗത്ത് പ്രിയാന്‍ഷ് തകര്‍ത്തടിച്ചപ്പോഴും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് തുടര്‍ച്ചയായി വീണത്. പ്രബ്സിമ്രന്‍ സിങ് (0), ശ്രേയസ് അയ്യര്‍ (9), മാര്‍കസ് സ്റ്റോയ്നിസ് (4), നേഹല്‍ വധേര (9), ഗ്ലെന്‍ മാക്സ്വെല്‍ (1) എന്നിവരാണ് അതിവേഗം പുറത്തായ പഞ്ചാബ് ബാറ്റര്‍മാര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിനായി ആര്‍. അശ്വിനും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ചേസിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ജയത്തോടെ 4 കളികളില്‍ നിന്ന് 3 ജയവുമായി പോയിന്റ് പട്ടികയില്‍ പഞ്ചാബ് കിംഗ്സ് നാലാം സ്ഥാനത്തെത്തി.5 കളിയില്‍ 1 ജയം മാത്രമുള്ള ചെന്നൈ 9-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്.