മുംബൈ: ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ കുതിപ്പിന് കരുത്തേകുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. സഞ്ജുവിന്റെ മാനസികാവസ്ഥയിലുണ്ടായ പക്വതയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രി നിരീക്ഷിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റിവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിന്റെ പ്രതിഭയിൽ ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്മയായിരുന്നു മുൻപ് വില്ലനായിരുന്നത്. എന്നാൽ ഇപ്പോൾ ഷോട്ട് സെലക്ഷനിൽ സഞ്ജു കൂടുതൽ വിവേകം കാണിക്കുന്നുണ്ടെന്ന് ശാസ്ത്രി പറഞ്ഞു. "ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും സഞ്ജുവിന്റെ പക്കലുണ്ട്. മുൻപ് ഏകാഗ്രതയിൽ ചെറിയ പിഴവുകൾ സംഭവിക്കുമായിരുന്നു. എന്നാൽ തനിക്ക് കൂടുതൽ സ്ഥിരത ആവശ്യമാണെന്ന സത്യം സഞ്ജു തിരിച്ചറിഞ്ഞു കഴിഞ്ഞു. 31-ാം വയസ്സിൽ അദ്ദേഹം ഒരു പൂർണ്ണ താരമായി മാറിയിരിക്കുന്നു," ശാസ്ത്രി ചൂണ്ടിക്കാട്ടി.

ടൂർണമെന്റിന്റെ തുടക്കത്തിൽ നമീബിയയ്ക്കും സിംബാബ്‌വെയ്ക്കുമെതിരായ മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതിരുന്ന സഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സമ്മർദ്ദഘട്ടത്തിൽ താരം തന്റെ വിശ്വരൂപം പുറത്തെടുത്തു. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ സെമിയിലെത്തിക്കുന്നതിൽ നിർണ്ണായകമായി.

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത് സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തായിരുന്നു. കേവലം 42 പന്തിൽ നിന്ന് 7 സിക്സറുകളടക്കം 89 റൺസാണ് താരം അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സഞ്ജു, ഫൈനലിലും ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്. സഞ്ജുവിന്റെ ബാറ്റിംഗിലെ ക്ലാസ്സും കരുത്തും ഒത്തുചേരുന്നത് കാണാൻ അതിമനോഹരമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.