മുംബൈ: വാംഖഡെ സ്റ്റേഡിയില്‍ സഞ്ജു സാംസണ്‍ ഷോ. ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തലങ്ങും വിലങ്ങും സിക്‌സറുകളുമായി സഞ്ജു കളം നിറഞ്ഞു. 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന് ഒപ്പം മറ്റു ബാറ്റര്‍മാരും അറിഞ്ഞു കളിച്ചപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടാനായി. താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് ഫൈനലില്‍ എത്തണമെങ്കില്‍ 254 റണ്‍സെടുക്കണം.

വെറും 26 പന്തില്‍ അര്‍ധസെഞ്ചറി തികച്ച മലയാളി താരം സഞ്ജു സാംസണ് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായെങ്കിലും, ക്രീസിലൊന്നിച്ച സഞ്ജു സാംസണും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.18 ബാളില്‍ 35 റണ്‍സുമായി ഇഷാന്‍ കിഷന്‍ സഞ്ജുവിന് മികച്ച കൂട്ടുകെട്ട് നല്‍കിയാണ് മടങ്ങിയത്. നേരത്തെ, സഞ്ജു നല്‍കിയ അനായാസ ക്യാച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക് കൈവിട്ടിരുന്നു. ഈ ജീവന്‍ദാനമാണ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി മാറിയത്. 42 പന്തുകളില്‍നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്.

കോലിയുടെ റെക്കോര്‍ഡിനൊപ്പം സഞ്ജു

ഇന്നത്തെ ഇന്നിംഗ്‌സോടെ സഞ്ജു സാംസണ് അപൂര്‍വ്വ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് സഞ്ജു മംബൈയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കോലി നേടിയ 89 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്.

ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരത്തിലെ നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്റെ ഫിന്‍ അലന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 2009ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ നേടിയ 96 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 89 റണ്‍സുമായി വിരാട് കോലിയും സഞ്ജു സാംസണുമുണ്ട്. 2022ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ് നേടിയ 86 റണ്‍സാണ് സഞ്ജുവിന് പിന്നില്‍ അഞ്ചാമത്.

കോഹ്ലിയും സഞ്ജുവും തങ്ങളുടെ റെക്കോര്‍ഡ് സ്‌കോറുകള്‍ കണ്ടെത്തിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. 26 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ സഞ്ജു 42 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് കൈയകലത്തില്‍ സെഞ്ചുറി നഷ്ടമായി.

വെടിക്കെട്ടുമായി ശിവം ദുബെയും ഇഷാന്‍ കിഷനും, ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം


ടി20 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം പുതിയ റെക്കോര്‍ഡായി. സഞ്ജുവിനെ കൂടാതെ ശിവം ദുബെ 25 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39ഉം ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 27ഉം തിലക് വര്‍മ 7 പന്തില്‍ 21ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും(6 പന്തില്‍ 11), അഭിഷേക് ശര്‍മയും(7 പന്തില്‍ 9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയാവുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാന്‍ അഹമ്മദിനു പകരം ജെയ്മി ഓവര്‍ടന്‍ പ്ലേയിങ് ഇലവനിലെത്തി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ രണ്ട് തവണയും ഈ സെമി പോരാട്ടത്തില്‍ വിജയിച്ചവര്‍ തന്നെയാണ് ലോകകപ്പ് കിരീടം ചൂടിയത് എന്നത് ഇന്നത്തെ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ നേരിടും.