ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായി ഉദിച്ചുയര്‍ന്ന തിലക് വര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യക്ക് വിജയം. അവസാന ഓവര്‍ വരെ നീണ്ട ത്രല്ലറില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ വിജയിച്ചത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ തിലക് വര്‍മയുടെ തകര്‍പ്പന്‍ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.

55 പന്തില്‍ അഞ്ചു സിസ്‌കും നാലു ഫോറുമുള്‍പ്പെടെ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സഞ്ജു അടക്കമുള്ളവര്‍ തോറ്റിടത്താണ് തിലക് കത്തിക്കയറിയത്. 19 പന്തില്‍ 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് തിലകിന് കൂട്ടായി അല്‍പമെങ്കിലും പിടിച്ച് നിന്നത്.

166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്താടിയ അഭിഷേക് ശര്‍മ 12 റണ്‍സെടുത്ത് മാര്‍ക്ക് വുഡിന്റെ പന്തില്‍ എല്‍.ബിയില്‍ കുരുങ്ങി. അഞ്ച് റണ്‍സെടുത്ത മലയാളി താരം സഞ്ജു സാസണ്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ബ്രൈഡന്‍ കാര്‍സ് പിടിച്ചാണ് പുറത്തായത്. തുടര്‍ന്ന ക്രീസിലെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സെടുത്ത് പുറത്തായി.

നാല് റണ്‍സെടുത്ത് ധ്രുവ് ജുറേലും ഏഴ് റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയും വീണതോടെ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലായി. വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് തിലക് വര്‍മ സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 116 നില്‍ക്കെ 26 റണ്‍സെടുത്ത് സുന്ദറിനെ നഷ്ടമായി. രണ്ടു റണ്‍സെടുത്ത് അക്‌സര്‍ പട്ടേലും ആറ് റണ്‍സെടുത്ത് അര്‍ഷ്ദീപ് സിങ്ങും പുറത്തായി. എന്നാല്‍ രവി ബിഷ്‌ണോയി (9*) കൂട്ടുനിര്‍ത്തി തിലക് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.

നേരത്തെ, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 45 റണ്‍സെടുത്ത നായകന്‍ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിലയുറപ്പിക്കും മുന്‍പ് ഓപണര്‍ ഫില്‍ സാള്‍ട്ടിനെ (4) പുറത്താക്കി അര്‍ഷ്ദീപ് സിങ്ങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചു. ബെന്‍ ഡെക്കറ്റിനെ (3) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. മൂന്നാമനായെത്തിയ നായകന്‍ ജോസ് ബട്ട്‌ലര്‍ സ്വതസിദ്ധമായ ശൈലിയില്‍ കളം നിറഞ്ഞതോടെ സ്‌കോര്‍ ഉയര്‍ന്നു. ടീം സ്‌കോര്‍ 59 ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ നഷ്ടമായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

30 പന്തില്‍ മൂന്ന് സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 45 റണ്‍സെടുത്ത ബട്ട്‌ലറിനെ അക്‌സര്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും അപകടം മണത്തു. ലിയാം ലിവിങ്സ്റ്റണെ (13) മടക്കി അക്‌സര്‍ പട്ടേല്‍ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി. 22 റണ്‍സെടുത്ത് ജാമി സ്മിത്തിനെ അഭിഷേക് ശര്‍മയും അഞ്ച് റണ്‍സെടുത്ത ജാമീ ഓവര്‍ടനെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി. 17 പന്തില്‍ 31 റണ്‍സെടുത്ത ബ്രൈഡന്‍ കാര്‍സ് റണ്ണൗട്ടായി. 10 റണ്‍സെുടുത്ത ആദില്‍ റാഷിദ് ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് നല്‍കി മടങ്ങി. 12 റണ്‍സെടുത്ത ജോഫ്ര ആര്‍ചറും അഞ്ച് റണ്‍സെടുത്ത മാര്‍ക്ക് വുഡും പുറത്താകാതെ നിന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി.