കാബുൾ: അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗനി സർക്കാരിനെ അട്ടിമറിച്ച് താലിബാൻ അധികാരത്തിലെത്തുന്നതോടെ 'സൗഹൃദ'ത്തിന് സന്നദ്ധത അറിയിച്ചും താലിബാൻ ഭരണത്തെ അംഗീകരിക്കുന്നതായി വെളിപ്പെടുത്തിയും ചൈന. താലിബാൻ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങ് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

മറ്റാരുടേയും പ്രേരണ കൂടാതെ തങ്ങളുടെ വിധി തിരഞ്ഞെടുക്കുവാനുള്ള അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യത്തെ ചൈന അംഗീകരിക്കുന്നുവെന്നും പുതിയ ഭരണനേതാക്കന്മാരുമായി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും ഹുവാ ചുന്യാങ്ങ് പറഞ്ഞു. തുടർന്നും അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിലെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ചൈനയ്ക്കു സന്തോഷം മാത്രമേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവർത്തനം ഉടൻതന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി.

ചൈനയുമായി നല്ല ബന്ധം പുലർത്തുന്നതിനുള്ള താൽപര്യം താലിബാൻ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നെന്നും വക്താവ് പറഞ്ഞു. കാബൂളിലെ ചൈനീസ് എംബസിയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു മുസ്ലിം സർക്കാർ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ കടന്നുകയറ്റം അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തുമ്പോഴാണ് 'സൗഹാർദ്ദ'ത്തിന് വഴിതുറന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്.

ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിനിധികളേയും പൗരന്മാരേയും അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. സുരക്ഷിതമായി അഫ്ഗാൻ വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 60 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാരേയും നയതന്ത്ര പ്രതിനിധികളേയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഇന്ത്യ സംബന്ധിച്ച് പ്രാഥമിക നടപടി. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കൽ തുടരുകയാണ്. നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് 48 മണിക്കൂറിനുള്ളിൽ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയർ ഇന്ത്യ വിമാനം സർവീസ് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. കാബൂളിലേക്ക് താലിബാൻ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അഫ്ഗാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയിരുന്നു.

മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ ഭാരണകാലം മുതൽ കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ-അഫ്ഗാൻ സൗഹൃദ പദ്ധതിയായ സൽമ ഡാം, സരഞ്ച് ഡെലാറാം ഹൈവേ, പാർലമെന്റ് കെട്ടിടം, ഊർജം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ വലിയ നിക്ഷേപം ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലുണ്ട്.

ഇവ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്. താലിബാൻ ഭരണത്തിനുകീഴിൽ അഫ്ഗാനിസ്ഥാനിലൂടെയുള്ള വ്യാപാരം കറാച്ചി, ഗ്വാദർ എന്നിവയിലൂടെ നടത്തേണ്ടിവരും. പാക്കിസ്ഥാനെ മറികടക്കാൻ ഉദ്ദേശിച്ച് ഇറാനുമായും അഫ്ഗാനുമായി സഹകരിച്ച് ചബഹാർ തുറമുഖത്ത് ഇന്ത്യ നടത്താൻ ഉദ്ദേശിച്ച നിക്ഷേപ പദ്ധതി ഇനി നടന്നേക്കില്ല

അതിർത്തി പ്രശ്നങ്ങൾ, സുരക്ഷ തുടങ്ങി പാക്കിസ്ഥാന്റെയും ചൈനയുടേയും ഭീഷണി ഇന്ത്യക്ക് മുന്നിലുണ്ട്. ഈ രണ്ട് രാജ്യങ്ങൾക്കും വലിയ സ്വാധീനം താലിബാനിൽ ഉണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനിൽ അധികാരത്തിലേറുന്ന താലിബാനുമായി എങ്ങനെ മുന്നോട്ട് നീങ്ങണം എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകവുമാണ്.

ദശകങ്ങളായി അഫ്ഗാൻ താലിബാനു പാക്കിസ്ഥാൻ സുരക്ഷിതമായ താവളമാണ്. താലിബാൻ ഭീകരരിൽ പലർക്കും പാക്കിസ്ഥാനിൽ വീടും കുടുംബവുമുണ്ടെന്ന് പാക്ക് അധികൃതർതന്നെ സമ്മതിച്ചിട്ടുണ്ട്. സഖ്യസേന അഫ്ഗാനിൽനിന്നു കുടിയൊഴിഞ്ഞു തുടങ്ങിയതോടെ 10,000 ഭീകരർ പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിലെത്തി താലിബാനിൽ ചേർന്നെന്നാണ് അധികാരം വിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ മാസം പറഞ്ഞത്. ഇത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി നിഷേധിക്കുകയും ചെയ്തു.

അഫ്ഗാനിലെ സമാധാന ദൗത്യങ്ങൾക്കായി രാജ്യാന്തര തലത്തിൽ ഇടപെടുമ്പോഴും ഇമ്രാൻ ഖാൻ സ്വന്തം നാട്ടിൽ വാ തുറക്കാറില്ല. താലിബാൻ അതിക്രമങ്ങളെ അപലപിക്കാറുമില്ല. കാരണം പാക്ക് സൈന്യത്തിലും സർക്കാരിലും വലിയൊരു വിഭാഗം അഫ്ഗാനിൽ താലിബാൻ വിജയം അനിവാര്യമാണെന്നു കരുതുന്നു. 

താലിബാൻ അധികാരത്തിലേറുമ്പോൾ പാക്കിസ്ഥാൻ-ചൈന-താലിബാൻ അച്ചുതണ്ടിനെയാണ് ഇന്ത്യ ഭാവിയിൽ നേരിടേണ്ടി വരിക. അതേസമയം അധികാരത്തിലേറുന്ന താലിബാൻ സർക്കാരുമായി ഇന്ത്യ എന്ത് നിലപാടിലെത്തുമെന്ന് വ്യക്തമല്ല

പാക്കിസ്ഥാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന ദക്ഷിണ പ്രവിശ്യകളിൽ താവളങ്ങളും പരിശീലന സ്ഥലങ്ങളും സ്ഥാപിച്ചിട്ടുള്ള ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-മുഹമ്മദ് തുടങ്ങിയ ഭീകര ഗ്രൂപ്പുകൾക്ക് ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്താൻ താലിബാന്റെ പിന്തുണ കൂടി അവർക്ക് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.

താലിബാൻ അധികാരത്തിലെത്തിയതോടെ ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി മുന്നറിയിപ്പ് നൽകി. ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് ഇതിന് നേതൃത്വം നൽകുമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

 

ഒരു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാക്കിസ്ഥാനും ചൈനയും ചേർന്ന് ഇന്ത്യയെ ആക്രമിക്കും. സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാന് പിന്തുണ നൽകുന്നത് ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളാണെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നിരുന്നു. അഫ്ഗാനിസ്ഥാൻ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാൻ വിരുദ്ധ ശക്തികൾക്കും ഇന്ത്യ വാതിൽ തുറക്കണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി ഞായറാഴ്ച പറഞ്ഞിരുന്നു.

അതേസമയം രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനിക്കെതിരെ അഫ്ഗാനിസ്ഥാനിൽ അമർഷം പുകയുകയാണ്. തങ്ങളെ ദുരിതാവസ്ഥയിലേക്ക് തള്ളിയിട്ടിട്ട് പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന പൊതുവികാരമാണ് അഫ്ഗാനിസ്ഥാനിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട ഗനി അമേരിക്കയിൽ അഭയം തേടിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. പലായനം ചെയ്ത ഗനിക്ക് താജിക്കിസ്ഥാൻ പ്രവേശനാനുമതി നൽകാത്തതിനെ തുടർന്നാണ് ഘനി അമേരിക്കയിലേക്ക് പോകുന്നത്. എന്നാൽ ഇതിന് ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല. ഗനി ഇപ്പോൾ ഒമാനിലാണ്.