ഇന്ത്യ നിരോധിക്കുകയും അമേരിക്ക അതിനുള്ള വഴി തേടുകയും ചെയ്തപ്പോൾ ടിക് ടോക്കിനു യുകെയിൽ നല്ലകാലം; യുകെയിലും നിരോധനം ഉണ്ടായേക്കും എന്ന സൂചന കാറ്റിൽപറത്തി 8.5 മില്യൺ വരിക്കാരുമായി ആപ്പിന് പുത്തൻ കുതിപ്പ്; രാഷ്ട്രീയ അടവുകളിൽ ഒന്നും യുകെയിലെ ചെറുപ്പക്കാർക്ക് ഒരു താൽപര്യവുമില്ല; ചൈനയെ ചൊറിയാൻ യുകെ തയ്യാറല്ലെന്ന് സൂചനകൾ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: മൂന്നു മാസം മുൻപ് ഇന്ത്യ നിരോധിക്കുകയും അമേരിക്ക നിരോധന വഴിയിലൂടെ നീങ്ങുകയും ചെയ്തപ്പോൾ ടിക് ടോക് എന്ന സാമൂഹ്യ മാധ്യമത്തിന്റെ യുകെയിലെ ഭാവിയും പരുങ്ങലിൽ ആയിരുന്നു. ലോക രാജ്യങ്ങൾ കോവിഡ് വ്യാപനത്തിന്റെ പേരിൽ ചൈനയെ കുറ്റപ്പെടുത്തിയപ്പോൾ അവരെ രാഷ്ട്രീയമായും സാമ്പത്തികമായും വരിഞ്ഞു കെട്ടേണ്ടതു ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യമാണെന്ന പുതിയ ചിന്ത ഉരുത്തിരിഞ്ഞു വന്നതോടെയാണ് ചൈനീസ് ആഗോള കമ്പനിയായ ടിക് ടോക്കിന്റെ ചിറകരിയാൻ ഇന്ത്യയും പിന്നാലെ അമേരിക്കയും തീരുമാനിച്ചത്.
ഇതോടെ ചൈനയ്ക്കെതിരെ ആഗോള തലത്തിൽ തന്നെ വൻശക്തി രാഷ്ട്രങ്ങൾ ഒന്നിക്കുന്നുവെന്ന തോന്നൽ ബലപ്പെടുകയും ചെയ്തതാണ്. എന്നാൽ ബ്രക്‌സിറ്റിൽ പുതിയ വ്യാപാര പങ്കാളിയെ ഉന്നം വയ്ക്കുന്ന ബ്രിട്ടൻ തൽക്കാലം ചൈനയെ ചൊറിയുന്ന നിലപാടിലേക്ക് നീങ്ങുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് നിലംപരിശാകുന്ന സാഹചര്യം ഉണ്ടായാൽ ലോക രാഷ്ട്രീയം വീണ്ടും കറങ്ങി തിരിയും എന്ന ചിന്തയിലാകാം ബ്രിട്ടൻ ചൈനയിൽ നിന്നും അകലം പാലിക്കാതെ നോക്കുന്നത് എന്ന വിശകലനവും ഇപ്പോൾ എത്തുന്നുണ്ട്. ബ്രക്‌സിറ്റ് വഴി ഉണ്ടായ നഷ്ടം നികത്താൻ ചൈനയുടെ സൗഹൃദം നിലനിർത്തേണ്ടത് ബ്രിട്ടന്റെ ആവശ്യമാണെന്ന് അമേരിക്കയെ ബോധ്യപ്പെടുത്താൻ ഉള്ള ശ്രമവും ഇതിനിടയിൽ സജീവമായിട്ടുണ്ട്.
എന്നാൽ എന്തു വില നൽകിയും ചൈനയെ ഒതുക്കണം എന്ന ട്രംപിന്റെ നയത്തിന് അതേവിധം പ്രതികരിക്കേണ്ട എന്ന ബുദ്ധിപരമായ തീരുമാനവും ബോറിസ് പങ്കു വയ്ക്കുന്നുണ്ട് എന്ന് വിദേശ നയ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുകെയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ അഞ്ചിൽ ഒരാൾ എങ്കിലും ടിക് ടോക് ഉടമയാണ് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം നാലു മില്യൺ വരിക്കാർ ഉണ്ടായിരുന്ന ടിക് ടോക് ഒരു വർഷം കൊണ്ട് ഇരട്ടിയിലധികം ഉപയോക്താക്കളെയാണ് ബ്രിട്ടനിൽ നേടിയെടുത്തത്. ഈ ട്രെന്റ് തുടർന്നാൽ അടുത്ത വർഷം ഒരു കോടിയിലധികം വരിക്കാരുമായാകും ആപ്പിന്റെ ജൈത്രയാത്ര. കോവിഡ് കാലത്തെ ലോക് ഡൗൺ സമയമാണ് ടിക് ടോക്കിനു വമ്പിച്ച ജനശ്രദ്ധ കിട്ടാൻ കാരണമായത്. വെറുതെ വീട്ടിൽ ഇരുന്ന സമയത്തു ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ എത്തിയത്.
കുട്ടികളും ചെറുപ്പക്കാരും കൂട്ടമായി എത്തിയതോടെ ടിക് ടോക് സമാനമായ മറ്റേതു സോഷ്യൽ മീഡിയ ഫോറത്തെക്കാളും ജനകീയമായി മാറുക ആയിരുന്നു. യുകെയിൽ മുഖ്യമായും 18നും 24നും പ്രായമുള്ളവരാണ് ടിക് ടോകിൽ സമയം ചെലവിടുന്നത്. ഇക്കൂട്ടത്തിൽ മലയാളികളായ ചെറുപ്പക്കാരും അടുത്തിടെയായി സജീവമായിട്ടുണ്ട്. ചിലർക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെന്നതും ചെറിയ കാര്യമല്ല.
വെറും രണ്ടു വർഷം കൊണ്ടാണ് ടിക് ടോക് യുകെയിൽ തരംഗമായി മാറിയത് എന്നതാണ് ഏറെ ശ്രദ്ധേയം. മാത്രമല്ല, വിവര ചോർച്ച ആരോപണങ്ങൾ ഒന്നും ടിക് ടോക് ഉപയോക്താക്കളായ ചെറുപ്പക്കാരെ തെല്ലും ബാധിക്കുന്നുമില്ല. ടിക് ടോക്കിന്റെ പിന്നിലെ രാഷ്ട്രീയവും അവർക്കു വലിയ ഗൗരവം അല്ല. യുഎസ് സർക്കാർ നിർദ്ദേശിക്കും വിധം ടിക് ടോക് പ്രവർത്തിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് നൽകിയ അന്ത്യശാസനം ഉടൻ അവസാനിക്കുകയാണ്. ഇതിനു ടിക് ടോക് വഴങ്ങുന്നില്ലെങ്കിൽ കമ്പനിയുടെ അമേരിക്കയിലെ ഭാവി ഉടൻ അസ്തമിക്കും എന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന സൂചനയും. ഈ സാഹചര്യത്തിലാണ് ടിക് ടോക് ബ്രിട്ടനിൽ വേര് ആഴ്‌ത്തുന്ന വാർത്ത പുറത്തു വരുന്നത്.
ടിക് ടോകിൽ എത്തുന്ന ഏതു വിവരവും ചൈനീസ് സർക്കാരിന് കൈമാറാൻ ആ രാജ്യത്തെ നിയമം വഴി ഒരുക്കുന്നു എന്നതാണ് ലോകമൊട്ടാകെ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ ഉയരുന്ന പ്രധാന വിവാദം. എന്നാൽ ഇത് അപ്പാടെ തള്ളിക്കളയുകയാണ് ടിക് ടോക് അധികൃതർ. എന്നാൽ കമ്പനി പറയുന്നത് അതേപടി വിശ്വാസത്തിൽ എടുക്കണ്ട എന്നാണ് ബ്രിട്ടനിലെ ഒരു പറ്റം കൺസർവേറ്റിവ് എംപിമാർ ബോറിസ് ജോൺസണിനു നൽകിയ ഉപദേശം.
പ്രത്യേകിച്ചും കമ്പനി ലണ്ടനിൽ പ്രധാന ആസ്ഥാനം പറിച്ചു നടാൻ ഒരുങ്ങുന്നുവെന്ന വാർത്തയും ഇതിനൊപ്പം കൂട്ടിവായിക്കണം എന്നാണ് എംപിമാരുടെ നിലപാട്. ടിക് ടോക് ആസ്ഥാനം ലണ്ടനിൽ അനുവദിച്ചാൽ അതിനേക്കാൾ വലിയ ആന മണ്ടത്തരം ബ്രിട്ടന് സംഭവയ്ക്കാൻ വേറെയില്ല എന്നാണ് മുതിർന്ന മുൻ നേതാവായ ഇയാൻ ഡങ്കൻ സ്മിത്ത് പറയുന്നത്.