പുലരി വിരിയണ നേരത്തെ ആവി പറക്കുന്ന ചായ; ഒപ്പം പത്രപാരായണവും, രാഷ്ട്രീയം പറച്ചിലും അല്‍പ്പസ്വല്‍പ്പം പരദൂഷണവും; മലയാളിക്ക് നൊസ്റ്റാള്‍ജിയ ആയ പഴയ ഗ്രാമീണ കാലത്തിലേക്ക് ഒരു ചായപ്പാട്ട്

മലയാളിക്ക് നൊസ്റ്റാള്‍ജിയ ആയ പഴയ ഗ്രാമീണ കാലത്തിലേക്ക് ഒരു ചായപ്പാട്ട്

Update: 2024-12-17 09:41 GMT

കൊച്ചി: ലോകത്ത് ഏറ്റവും അധികം പേര്‍ കഴിക്കുന്ന പാനീയത്തിന്റെ കാര്യത്തില്‍ വെള്ളം കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് ചായയ്ക്ക്. വെളുപ്പിന് ചായക്കടയില്‍ നിന്നും ആവിപറക്കുന്നൊരു ചായ ശരാശരി മലയാളിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു. ഇളകിയാടുന്ന മരബെഞ്ചും ഓലക്കീറിനുള്ളിലൂടെ അരിച്ചെത്തുന്ന വെളിച്ചവും സമോവാറിന്റെ ചൂടും, ആവി പറക്കണ പുട്ടും, ചായയ്ക്കൊപ്പമുള്ള പത്രപാരായണവും, രാഷ്ട്രീയം പറച്ചിലും അല്‍പ്പസ്വല്‍പ്പം പരദൂഷണവും, മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. പക്ഷേ ആധുനികതയുടെ തിരക്കില്‍ നമുക്ക് അവ നഷ്ടമായി.

അത്തരം നൊസ്റ്റാള്‍ജിയ നിറഞ്ഞ ഒരു ചായക്കടയും അവിടെത്തെ രസകരമായ നിമിഷങ്ങളും കോര്‍ത്തിണക്കിയ ഒരു അല്‍ബം മലയാളത്തില്‍ ഇറങ്ങിയിരിക്കയാണ്. സ്വിസ് സഞ്ചാരി എന്ന യുട്യൂബ് ട്രാവലോഗിലൂടെ പ്രശസ്തനായ ടോം കുളങ്ങര വരികള്‍ എഴുതി, നിര്‍മ്മിച്ച 'കുട്ടേട്ടന്റെ ചായക്കട' എന്ന വീഡിയോ അല്‍ബം നമ്മെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.


Full View

അങ്കമാലിയുടെ പ്രാന്തപ്രേദശത്തുള്ള ഒരു ഗ്രാമത്തിലാണ് ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിനായി പൂട്ടിപ്പോയ ചായക്കട പുനര്‍ ക്രമീകരിക്കുകയായിരുന്നു. മ്യൂസിക് ചെയ്ത ബിജു മൂക്കന്നൂര്‍ തന്നെയാണ് സംവിധാനവും. ബോബിത്ത് അങ്കമാലി, ഷാജി വട്ടേലി, അന്‍ജു ഷിന്‍േറാ എന്നിവരാണ് പാടിയിരിക്കുന്നത്. ശ്രീരാജ് അങ്കമാലിയാണ് ക്യാമറ. കഴിഞ്ഞ ആഴ്ച യുട്യൂബില്‍ റിലീസായ 'കുട്ടേട്ടന്റെ ചായക്കട' സോഷ്യല്‍ മീഡിയയിലുടെ നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

Tags:    

Similar News