'വിസില്‍ പറക്കട്ടുമെ..'; ആ ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടി..; 'കൂലി'യിൽ ലോകേഷ് കുക്ക് ചെയ്യുന്നതെന്ത്?; വീണ്ടും തിയറികൾ എഴുതി ആരാധകർ!
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന വരാനിരിക്കുന്ന ചിത്രമാണ് 'കൂലി'. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൂലിയുടെ തിരക്കിട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. സിനിമയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിന് പുറമേ നാഗാര്‍ജുന, സൗബിന്, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്, പൂജ ഹെഗ്ഡേ എന്നിവര്‍ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, നാഗാര്‍ജുനയുടെ വാക്കുകൾ ആണ് വൈറലായിരിക്കുന്നത്. എന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടിയെന്നാണ് നടൻ നാഗാര്‍ജുന പറയുന്നത്.
നടന്റെ വാക്കുകൾ..
'വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കുബേരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്. എന്നെ തന്നെ അവിശ്വസനീയമായ രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ലോകേഷിന് വളരെയധികം നന്ദി. ഞാന്‍ ചിത്രത്തിലെ എന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ, ഞാൻ ശരിക്കും ചിന്തിച്ചു "അത് ശരിക്കും ഞാന്‍ തന്നെയാണോ എന്ന്?' നാഗാര്‍ജുന പറഞ്ഞു.
വിസിൽ മുഴങ്ങുന്ന ഏറെ സീനുകള്‍ നിറഞ്ഞ ഒരു സിനിമയാണിത്. രജനി സാറിനെ കൂടാതെ, കന്നഡയിൽ നിന്ന് ഉപേന്ദ്രയും ഹിന്ദി സിനിമയിൽ നിന്ന് ആമിർ ഖാനും, പിന്നെ തെലുങ്കില്‍ നിന്നും ഞാനും ഉണ്ട് - ഓരോ കഥാപാത്രത്തിനും പ്രധാന്യവും തിളങ്ങാനുള്ള സംഭവവും ഉണ്ട്. അതാണ് കൂലിയുടെ കരുത്തും, വിജയത്തിലേക്കുള്ള തുറുപ്പുചീട്ടും എന്നാണ് ഞാന്‍ കരുതുന്നത്' നാഗാര്‍ജുന പറഞ്ഞു.