'ബുക്ക് മൈ ഷോ'യിലൂടെയുള്ള ആദ്യ മണിക്കൂറിലെ ബുക്കിങ്ങില്‍ ഏറ്റവും അധികം വിറ്റുപോയ ഇന്ത്യന്‍ സിനിമയായി 'എമ്പുരാന്‍'; വിറ്റുപോയത് ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' റിലീസിന് മുന്നേ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ'യിലൂടെയുള്ള ആദ്യ മണിക്കൂറിലെ ബുക്കിങ്ങില്‍ ഏറ്റവും അധികം വിറ്റുപോയ ഇന്ത്യന്‍ സിനിമയായി 'എമ്പുരാന്‍' മാറി. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന ചിത്രത്തിന് ഇന്നാണ് ബുക്കിങ് ആരംഭിച്ചത്.
ലിയോ, പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡാണ് എമ്പുരാന്‍ തകര്‍ത്തത്. റിലീസിങ് ദിവസത്തെ ടിക്കറ്റുകളെല്ലാം ഇതിനകം തീര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ബുക്ക് മൈഷോയില്‍ പല തീയറ്ററുകളുടേയും ബുക്കിങ് ഹാങ് ആവുന്ന സ്ഥിതിവന്നു.
ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 961400-ല്‍ ഏറെ ആളുകള്‍ ബുക്ക് ചെയ്തായി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചു. ഇത് ബുക്ക് മൈ ഷോയിലെ മാത്രം ബുക്കിങ് ആണെന്നും ഓര്‍ക്കണം. റിലീസിന് ശേഷം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകരാനാണ് സാധ്യതയെന്ന് ഇത് വ്യക്തമാക്കുന്നു. റിലീസിങ് ദിവസം ആറ് മണിക്ക് ആരാധകര്‍ക്കായുള്ള ടിക്കറ്റ് വില്‍പന നേരത്തെതന്നെ ആരംഭിച്ചിരുന്നു.