ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ്, അന്യ ഭാഷകളിൽ നിന്നും മികച്ച പ്രതികരണം; ബോക്സ്ഓഫിസിലും ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യുടെ കുതിപ്പ്; രണ്ടാം ദിനം നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ
കൊച്ചി: ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കല്യാണി പ്രിയദർശൻ ടൈറ്റിൽ വേഷത്തിലെത്തിയ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രം, പ്രദർശനത്തിനെത്തിയ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടുകയും വാണിജ്യപരമായി വൻവിജയമായി മാറുകയുമാണ്. കല്യാണി പ്രിയദർശന് പുറമെ നസ്ലെൻ, സാൻഡി, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആദ്യ ദിനം മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ കളക്ഷന് പിന്നിലായിരുന്നു ‘ലോക’ രണ്ടാം ദിനം വൻ മുന്നേറ്റം നടത്തുകയായിരുന്നു. രണ്ടാം ദിവസം മാത്രം കേരളത്തിൽ നിന്ന് ചിത്രം 3.75 കോടി രൂപയാണ് നേടിയത്. ആഗോളതലത്തിൽ ഏകദേശം 15 കോടി രൂപ കളക്ഷൻ നേടിയതായാണ് കണക്കാക്കപ്പെടുന്നത്. തെലുങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് തമിഴ് പതിപ്പ് റിലീസ് ആകുന്നതോടെ ചിത്രം ഒരു പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗിൽ മറ്റ് സിനിമകളെ പിന്നിലാക്കിയതും ചിത്രത്തിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. 24 മണിക്കൂറിനുള്ളിൽ 265,000 ടിക്കറ്റുകളാണ് ചിത്രത്തിന് വിറ്റഴിഞ്ഞത്. ഇത് താരതമ്യേന റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളെക്കാൾ വളരെ മുന്നിലാണ്. കല്യാണി പ്രിയദർശൻ-നസ്ലെൻ കൂട്ടുകെട്ട് മോഹൻലാൽ-സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ-അൽത്താഫ് സലീം കൂട്ടുകെട്ടുകളെയാണ് ബോക്സ് ഓഫീസിൽ പിന്നിലാക്കിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ, നിമിഷ് രവിയുടെ ഛായാഗ്രഹണം, ജേക്സ് ബിജോയിയുടെ സംഗീതം എന്നിവയും പ്രേക്ഷക പ്രശംസ നേടുന്നു. മികച്ച തിരക്കഥയും സംവിധാനവും ചിത്രത്തിന്റെ വിജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.