ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വെബ്സീരീസ് സുഴല്‍ 2 ഹിറ്റാകുമ്പോള്‍ പിന്നില്‍ മലയാളി തിളക്കവും; കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്

Update: 2025-03-09 07:48 GMT

തിരുവനന്തപുരം : ആമസോണ്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വെബ്സീരീസ് സുഴല്‍ 2 ഹിറ്റാകുമ്പോള്‍ പിന്നില്‍ മലയാളി തിളക്കവും. സുഴല്‍ 2വിനൊപ്പം സീരീസിന്റ്റെ പ്രൊഡക്ഷന്‍ ഡിസൈനറായ അരുണ്‍ വെഞ്ഞാറമൂടും ശ്രദ്ധേയനായി മാറുകയാണ്. പ്രശസ്തനായ ഒരു അഭിഭാഷകന്റെ മരണവും അതിന്റെ അന്വേഷണവും അതിലെ ആകാംക്ഷാഭരിതമായ രംഗങ്ങളുമാണ് സുഴല്‍ 2വിന്റെ പശ്ചാത്തലം. ഉത്സവാന്തരീക്ഷത്തിലൂടെയാണ് സുഴല്‍2വും കടന്നുപോകുന്നത്. കൈയ്യടക്കത്തോടെയുള്ള കലാസംവിധാനത്തിലൂടെ കഥയ്ക്ക് അനുയോജ്യമായ രംഗങ്ങളൊരുക്കിയത് അരുണ്‍ വെഞ്ഞാറമൂടിന്റെ സംഘമാണ്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സീരീസിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അരുണ്‍ വെഞ്ഞാറമൂട് വളരെ അനായാസം കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് നിരൂപകരും പറയുന്നു. ലാല്‍, ഐശ്വര്യ രാജേഷ്, കതിര്‍ എന്നിവര്‍ക്കൊപ്പം ഗൗരി.ജി.കിഷന്‍,മഞ്ജിമ മോഹന്‍ എന്നിവരാണ് സുഴല്‍ 2വിലെ അഭിനേതാക്കള്‍. കതിറും ഐശ്വര്യ രാജേഷും ക്രൂരമായ കൊലപാതകം അന്വേഷിക്കുന്നതാണ് ഈ സീസണിലെ കഥ. തമിഴ്‌നാട്ടിലെ കാളിപട്ടണം എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ വാര്‍ഷിക അഷ്ടകാളി ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സീസണ്‍. മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ചെല്ലപ്പ (ലാല്‍) ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. കുറ്റകൃത്യം ഗ്രാമത്തിനും അതിലെ ആളുകളിലും ഭയം ജനിപ്പിക്കുന്നു.

അസ്വാസ്ഥ്യകരമായ കേസ് പരിഹരിക്കാന്‍ സബ്-ഇന്‍സ്പെക്ടര്‍ സക്കര (കതിര്‍) നിയോഗിക്കുന്നു, നന്ദിനി (ഐശ്വര്യ രാജേഷ്) ഒപ്പം ചേരുന്നു. വേട്ടയാടുന്ന ഒരു പാശ്ചത്തലം ഉള്ള വ്യക്തിയാണ് നന്ദിനി. അന്വേഷണം വികസിക്കുമ്പോള്‍ പല രഹസ്യങ്ങളും വഞ്ചനയുടെയും വ്യക്തിവൈരാഗ്യത്തിന്റെയും കഥ ചുരുളഴിയുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആമസോണ്‍ പ്രൈം വീഡിയോയില്‍ 2022ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗമായ സുഴല്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം ഭാഗമെത്തിയിരിക്കുന്നത്ത്. പ്രശസ്ത സംവിധായകരായ പുഷ്‌കര്‍-ഗായത്രിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. സുഴല്‍ ഹിറ്റ് ആയതോടെ തമിഴില്‍നിന്ന് നിരവധി വലിയ അവസരങ്ങളാണ് അരുണ്‍ വെഞ്ഞാറമൂടിനെ തേടിയെത്തിയത്. ശിവ കാര്‍ത്തികേയന്‍ ചിത്രം മാവീരന്‍, ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 , ശിവ കാര്‍ത്തികേയനും ഏ.ആര്‍ മുരുകദോസും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മദിരാശി എന്നിങ്ങനെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കാണ് അരുണിന്റെ യാത്ര.

മലയാള സീരിയലുകളിലൂടെയാണ് അരുണ്‍ വെഞ്ഞാറമൂട് കരിയര്‍ ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ അലമാരയിലൂടെയാണ് സ്വതന്ത്ര ആര്‍ട്ട് ഡയറക്ടറായ അരുണ്‍ ആട് 2 , ഞാന്‍ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് , ജനമൈത്രി , തൃശൂര്‍ പൂരം,വാലാട്ടി എന്നിങ്ങനെ നിരവധി സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ ആയി വന്ന ദിലീപ് മാസ്റ്റര്‍ വഴിയാണ് പുഷ്‌കര്‍ - ഗായത്രിയുടെ ആമസോണ്‍ പ്രൈമില്‍ സംപ്രേക്ഷണം ചെയ്ത 'സുഴല്‍' എന്ന ബിഗ് ബഡ്ജറ്റ് സീരീസില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ അരുണിന് അവസരം ലഭിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായതും, പുരോഗമിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറാണ് അരുണ്‍ വെഞ്ഞാറമൂട് ഇപ്പോള്‍.

Tags:    

Similar News