ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസം; ഫോട്ടോ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി; ജെസ്സി ചേച്ചിയെ എനിക്കറിയാം;ഒരു നിമിഷം ഇരുന്നുപോയി; വാഹനാപകടത്തിൽ മരിച്ച നാടകനടിമാർക്ക് അനുശോചനവുമായി നടി സീമ ജി നായർ
തിരുവനന്തപുരം: നിരവധി സീരിയലിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഏറെ ശ്രദ്ധേയമായ നടിയാണ് സീമ ജി നായർ. മലയാള സിനിമയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സീമ ജി.നായർ. 50 ൽ അധികം നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ന് വാഹനാപകടത്തിൽ മരിച്ച നാടകനടിമാർക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസമെന്നും. ഫോട്ടോ വന്നപ്പോൾ തന്നെ താൻ ഞെട്ടിപ്പോയെന്നും താരം പോസ്റ്റിൽ കുറിക്കുന്നു. അപകടത്തിൽ മരിച്ച ജെസ്സിയെ അറിയാമെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്..,
''ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസം ആയല്ലോ ഈശ്വരാ.. കണ്ണൂരിനടുത്തു നാടക വണ്ടി അപകടത്തിൽ പെട്ട വാർത്ത രാവിലെ കേട്ടപ്പോൾ അത് സത്യം ആകരുതേ എന്ന് പ്രാർത്ഥിച്ചു.. അതിൽ 2 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കേട്ടത്.. ഫോട്ടോ വന്നപ്പോൾ ഞെട്ടിപ്പോയി.. അതിൽ ജെസ്സി ചേച്ചിയെ എനിക്കറിയാമായിരുന്നു.. എന്താണ് എഴുതേണ്ടത് എന്നറിയാതെ ഒരു നിമിഷം ഇരുന്ന് പോയി.. കാരണം നാടകക്കാരുടെ ജീവിതം കൂടുതൽ സമയവും നാടക വണ്ടിയിൽ ആണ്.. ഞാനും എത്രയോ വർഷം ഇതുപോലെ നാടകവണ്ടിയിൽ ആയിരുന്നു.. അതിനിടക്ക് മൂന്ന് നാല് അപകടങ്ങൾ.. ഒരിക്കൽ വടകരയിൽ റെയിൽവേ ക്രോസിനടുത്തുണ്ടായ അപകടത്തിൽ എന്റെ വലത്തേ കണ്ണ് നഷ്ടപ്പെട്ടെന്ന് കരുതിയതാണ്.. ഇപ്പോഴും വലത്തു വശത്തെ കണ്ണിന്റെ തൊട്ടു താഴെ 13 സ്റ്റിച്ചിന്റെ പാടുണ്ട്.. പിന്നീട് ആലപ്പുഴ പുറക്കാട് വെച്ചുണ്ടായ അപകടം.
കഷ്ടപ്പാടും,അപകടവും,തൊട്ടുകൂടായ്മയും, തീണ്ടായ്മയും അനുഭവിച്ച കാലം.. ഉഷഉദയൻ ചേച്ചിയുടെ ഉദയേട്ടൻ ഇതുപൊലെ നാടകവണ്ടി അപകടത്തിൽ മരിച്ചപ്പോൾ കൊല്ലത്തു വെച്ച് ഓടി പോയി കണ്ടതു ഇപ്പോളും കണ്മുന്നിൽ.. ഈ അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനല്ലേ കഴിയു.. ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ്.. ഷൂട്ടിനിടയിൽ ഈ വരികൾ കുറിക്കുമ്പോൾ കണ്ണുകൾ നിറയുന്നു.. അന്നന്നത്തെ അഷ്ടിക്കു വക തേടുന്നവർ ആണ് നാടകക്കാർ.. അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞിരുന്നെങ്കിലും അത് മനസിലാക്കാൻ ഉള്ള പ്രായം അന്നുണ്ടായിരുന്നില്ല.. സ്റ്റേജിന്റെ അടിയിൽ തൊട്ടിൽ കെട്ടിയാണ് എന്നെ വളർത്തിയത്.. പിന്നീട് നാടക രംഗത്തേക്ക് ഞാൻ വന്നപ്പോൾ ആണ് ഒരു നാടക കലാകാരന്റെയും, കലാകാരിയുടെയും കഷ്ടപ്പാട് ശരിക്കും അറിഞ്ഞത്, അനുഭവിച്ചത്.. ഒരു തീചൂളയിലെ ചൂടാണ് അന്നനുഭവിച്ചിട്ടുള്ളത്.. കഷ്ടപാടിന്റെയും,ദുരിതത്തിന്റെയും നിലയില്ലാ കയത്തിലൂടെ കടന്നു പോയ ഓർമ്മകൾ മനസ്സിൽ നിറയുന്നു''.