തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു; വിടപറഞ്ഞത് നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമകളുടെ സംവിധായകൻ
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. സംവിധായകൻ എന്നതിനു പുറമെ നടനായും ഛായാഗ്രാഹകാനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം.
1980-ൽ ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്റെ സിനിമ അരങ്ങേറ്റം. സംവിധായകൻ മൗലിയുടെ കീഴിൽ അവർകൾ വിധിയസമാനവർ, മാത്രവൈ നേരിൽ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. 1989-ല്‍ സ്വതന്ത്രസംവിധായകനായി. പ്രഭു, അജയ് രത്‌നം, അമല, ജയശങ്കർ എന്നിവർ അഭിനയിച്ച നാളൈ മനിതൻ എന്ന ചിത്രമായിരുന്നു ആദ്യം സംവിധാനം ചെയ്തത്. തുടർന്ന് അടുത്ത വർഷം അതിശയ മനിതൻ എന്ന പേരിൽ ചിത്രത്തിന്റെ തുടർഭാഗവും ചെയ്തു.
2009ൽ കാതൽ കഥൈ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. പതിനൊന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സരിയാന ജോഡി, പിക് പോക്കറ്റ്, ഉത്തമ രാസ, കടവുൾ, പതിനാറ്, വികടൻ എന്നിവ പ്രധാന ചിത്രങ്ങളാണ്. 1995-ൽ വേലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അസുരനൻ എന്ന ചിത്രത്തിലെ ‘ചക്കു ചക്കു വത്തിക്കുച്ചി’ എന്ന ഗാനം കമൽഹാസനെ നായകനാക്കി 2022ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്നു.
ഗാങ്‌സ് ഓഫ് മദ്രാസ്, ജാംഗോ, കഡാവർ, വെപ്പൺ, പിസ 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വേദിക-യോഗി ബാബു അഭിനയിച്ച ഗജാന എന്ന ചിത്രത്തിലാണ് അവസാനമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2017ൽ പുറത്തിറങ്ങിയ ഒരു ഇയക്കുനറിൻ കാതൽ ഡയറിയാണ് വേലു സംവിധാനം ചെയ്ത അവസാന ചിത്രം. 20 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു.