പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ സൂര്യയും ദേവയും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി രജനികാന്ത്-മമ്മൂട്ടി ചിത്രം 'ദളപതി'; ഡിസംബർ 12 ന് ചിത്രം തീയേറ്ററുകളിൽ
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് മണി രത്നം. രജനികാന്തും മണി രത്നവും ആദ്യമായി ഒന്നിച്ചപ്പോൾ തമിഴ് സിനിമക്ക് ലഭിച്ചത് ഒരു ക്ലാസ്സിക് ചിത്രമായിരുന്നു. രജനികാന്തിന്റെ തന്നെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു അത്. റിലീസ് ചെയ്ത് 25 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ് 'ദളപതി'.
രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തന്നത്. രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12 ആണ് തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്.
തമിഴിൽ മാത്രമല്ല ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. സൂര്യ എന്ന കഥാപാത്രമായി രജിനിയോടൊപ്പം മമ്മൂട്ടിയുടെ ദേവ എന്ന കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടി. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
2022 ൽ രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബാ' റീ റിലീസ് ചെയ്തിരുന്നു.മികച്ച പ്രതികരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 'ബാബ'യെ പോലെ വലിയ രീതിയിലുള്ള റിലീസ് ആണ് 'ദളപതി'ക്കും പദ്ധതിയിടുന്നത്.