ചിത്രത്തിന്റെ പോസ്റ്ററുകൾ ഹർജിയിലെ വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്നത്; 'ദ താജ് സ്റ്റോറി' നിരോധിക്കണം; പരാതിയുമായി ബിജെപി നേതാവ്

Update: 2025-10-29 13:23 GMT

ന്യൂഡൽഹി: 'ദ താജ് സ്റ്റോറി' എന്ന ബോളിവുഡ് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻസർ ബോർഡിനും (സിബിഎഫ്സി) പരാതി നൽകി ബിജെപി നേതാവ് രജനീഷ് സിങ്. ചിത്രത്തിന്റെ ആശയം തന്റെ ഹൈക്കോടതിയിലെ ഹർജിയിൽ നിന്ന് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

താജ്മഹൽ യഥാർത്ഥത്തിൽ ഒരു ക്ഷേത്രമായിരുന്നുവെന്നും അതിനുള്ളിലെ അടച്ചിട്ട 22 മുറികൾ തുറന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അയോധ്യയിൽ നിന്നുള്ള ബിജെപി വക്താവായ രജനീഷ് സിങ് 2022-ൽ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണ് 'ദ താജ് സ്റ്റോറി' ഒരുക്കിയതെന്ന് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രചരിക്കുന്ന കഥയും തന്റെ ഹർജിയിലെ വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നുവെന്നും രജനീഷ് സിങ് ചൂണ്ടിക്കാട്ടി.

എന്നാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്താനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. 'ചരിത്രപരമായ വസ്തുതകൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഹർജി സമർപ്പിച്ചത്. 'ദ താജ് സ്റ്റോറി' എന്ന ചിത്രം എന്റെ ഹർജിയിലെ വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കുന്നു. എന്നിൽ നിന്ന് അനുമതി വാങ്ങാതെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും പ്രചരിക്കുന്ന കഥകളും എന്റെ ഹർജിയുമായി ബന്ധപ്പെട്ട വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരാമർശിക്കുന്നു', രജനീഷ് പരാതിയിൽ വിശദീകരിക്കുന്നു.

എന്നാൽ, 'ദ താജ് സ്റ്റോറി' സിനിമയിൽ ഏതെങ്കിലും മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നും താജ്മഹലിനുള്ളിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണിം ഗ്ലോബൽ സർവീസസിന്റെ ബാനറിൽ സി.എ. സുരേഷ് ഝായാണ് ചിത്രം നിർമ്മിക്കുന്നത്. തുഷാർ അമരീഷ് ഗോയൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പരേഷ് റാവലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വികാസ് രാധേശ്യാം ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

Tags:    

Similar News