എത്തുന്നത് മാധ്യമപ്രവർത്തകരുടെ റോളിൽ; ജനനായകനിൽ ഇനി ആ മൂന്നുപേർ കൂടി; ദളപതി വിജയ് യുടെ അവസാന ചിത്രം ഞെട്ടിക്കുമോ?; ആകാംക്ഷയിൽ ആരാധകർ

Update: 2025-08-25 12:28 GMT

ചെന്നൈ: തമിഴകത്തിന്റെ സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ മൂന്ന് പ്രമുഖ സംവിധായകർ അതിഥിവേഷത്തിലെത്തുമെന്ന വാർത്തകൾ സിനിമാ ലോകത്ത് ചർച്ചയാകുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയുടെ 69-ാമത്തെ ചിത്രമായ 'ജനനായകനി'ൽ ലോകേഷ് കനഗരാജ്, നെൽസൺ ദിലീപ്കുമാർ, ആറ്റ്‌ലി എന്നിവരാണ് കാമിയോ റോളിലെത്തുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമീപകാല ഇന്ത്യൻ സിനിമകളിൽ പ്രമുഖ താരങ്ങളെ കാമിയോ റോളുകളിൽ അവതരിപ്പിക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. എന്നാൽ 'ജനനായകനി'ൽ താരങ്ങൾക്ക് പകരം സൂപ്പർ സംവിധായകരെ ഉൾക്കൊള്ളാൻ വിജയ് തീരുമാനിച്ചതായാണ് സൂചന. ഈ മൂന്ന് സംവിധായകരും മാധ്യമപ്രവർത്തകരുടെ വേഷത്തിലാകും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

വിജയും ലോകേഷ് കനഗരാജും ഒന്നിച്ച 'മാസ്റ്റർ', 'ലിയോ' എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ബീസ്റ്റ്' ആണ് വിജയുടെ മറ്റൊരു ചിത്രം. 'ബിഗിൽ', 'തെരി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആറ്റ്‌ലിയാണ് സംവിധാനം ചെയ്തത്. ഇവർക്ക് പുറമെ പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും ചിത്രത്തിൽ ഒരു കാമിയോ റോളിൽ എത്തുമെന്നും സൂചനയുണ്ട്.

'ജനനായകനി'ൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൊളിറ്റിക്കൽ-ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം ആദ്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News