ഒരു ചായ കുടിച്ചാല്‍ പോലും അത് വിലയിരുത്തുന്ന കാലമാണ് ഇന്ന്; ചില ആളുകള്‍ക്ക് വൈകാരികപരമായ പക്വത ഇല്ല, അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നത്: ജയം രവി

Update: 2024-10-26 10:02 GMT

ഭാര്യ ആര്‍തിയുമായുള്ള ഡിവോഴ്‌സ് പ്രഖ്യാപനത്തിന് പിന്നാലെ നടന്‍ ജയം രവിക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തില്‍ അപവാദ പ്രചാരണങ്ങള്‍ നടന് നേരെയുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ജയം രവി. അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നവര്‍ പക്വതയില്ലാത്തവരാണെന്നും ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ലെന്നും ജയം രവി പറഞ്ഞു. 'ബ്രദര്‍' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'നമ്മള്‍ പൊതുമാധ്യമങ്ങള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്. ഒരു ചായ കുടിച്ചാല്‍ പോലും വിലയിരുത്തപ്പെടുന്ന കാലമാണ് ഇന്ന്. അത് നല്ല രീതിയിലും മോശം രീതിയിലും വിലയിരുത്തപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യധാരയിലേക്ക് എത്തും. നമുക്ക് ഒരിക്കലും ആ സാഹചര്യം ഒഴിവാക്കാന്‍ കഴിയില്ല. ആളുകള്‍ക്ക് സിനിമ ഇഷ്ടമാണ്, അതുപോലെ സിനിമാ താരങ്ങളെയും. അതുകൊണ്ട് ഞാനവരെ വിലയിരുത്താന്‍ പോകാറില്ല.

കുറച്ച് ആളുകള്‍ക്കാണ് വൈകാരികപരമായ പക്വത ഇല്ലാത്തത്. അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നതും. ചെയ്യുന്ന ജോലി മികച്ചതാക്കാന്‍ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാന്‍ തനിക്കാവില്ല. പക്വതയുള്ളവര്‍ അപവാദം പ്രചരിപ്പിക്കില്ല. മറ്റു ചിലരാകട്ടെ ഇത്തരം ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കില്‍ എന്തിന് മറ്റുള്ളവരുടെ വാക്കുകള്‍ കണക്കിലെടുക്കണം?' ജയം രവി പറഞ്ഞത് ഇങ്ങനെ.

Tags:    

Similar News