'ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്; ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട്; ഏത് രീതിയില്‍ സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്ന് ഒരു കഥാപാത്രം തന്നെ കാട്ടിത്തരുന്നു'; അഖില്‍ മാരാര്‍

Update: 2025-04-05 11:32 GMT

ചലച്ചിത്രം സമൂഹത്തിൽ സജീവമായ പ്രതികരണങ്ങൾ ഉണ്ടാക്കുമ്പോൾ, സംവിധായകരും നിരൂപകരും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് അപൂർവമല്ല. അങ്ങനെ തന്നെ, ‘എമ്പുരാൻ’ എന്ന പുതിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം വലിയ പ്രതീക്ഷകളോടെയെത്തിയപ്പോഴും അതിന്റെ ഉള്ളടക്കത്തിലും പ്രമേയത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.

മുരളി ഗോപിയുടെ തിരക്കഥയെ വിമർശനഭരിതമായി വിലയിരുത്തിയ അഖിൽ, ഇതിനെ "വികലമായ എഴുത്ത്" എന്നും പൃഥ്വിരാജിന്റെ കോടികളുടേതായ നിക്ഷേപം വിവരക്കേടായി മാറിയെന്നും പറയുന്നു. "മനുഷ്യരെ തമ്മിലടിപ്പിച്ച് പണം ഉണ്ടാക്കാനാണ് സിനിമ ശ്രമിച്ചത്, അതുകൊണ്ടാണ് പ്രേക്ഷകരുടെ വലിയ ആകർഷണവും", അഖിൽ വ്യക്തമാക്കുന്നു.

സിനിമയുടെ പ്രമേയം സാമൂഹിക ചർച്ചയാകേണ്ടതാണെന്നും അതിനെ കുറിച്ച് സംവാദിക്കുമ്പോൾ ആളുകളെ രണ്ടായി പിരിക്കാനായിരിക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. തന്റെ അഭിപ്രായം ഒരു യൂട്യൂബ് അഭിമുഖത്തിലാണ് അഖിൽ വ്യക്തമാക്കിയത്.

അഖില്‍ മാരാരുടെ വാക്കുകള്‍:

എമ്പുരാന്‍ സിനിമ ഞാന്‍ ആദ്യ ദിവസം കണ്ടില്ല. കണ്ടത് രണ്ട് ദിവസം മുമ്പാണ്. ഒരു സിനിമ ഇറങ്ങി കഴിയുമ്പോള്‍ ആദ്യ ദിനങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുമല്ലോ. സമൂഹം എങ്ങനെയാണ് ആ സിനിമ ഏറ്റെടുക്കുന്നത്. അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ മതപരമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അടിയായിരുന്നു. സംഘികളെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം പേര്‍ ആഘോഷിക്കുമ്പോള്‍ സംഘികളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് നമ്മള്‍ കാണുന്നു. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതികരിക്കുന്നു.

സിനിമ കണ്ടപ്പോള്‍ ഒറ്റ വരിയിലാണ് ഈ സിനിമയെ കുറിച്ചുള്ള എന്റെ ഒരു വിലയിരുത്തല്‍. മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട് എന്നാണ് ഞാന്‍ എഴുതിയത്. പുതിയ സിനിമയുടെ അഭിപ്രായങ്ങള്‍ ഒന്നും പറയാറില്ല, പക്ഷേ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്, സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാവുന്നതും സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഒക്കെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന്. അദ്ദേഹം അങ്ങനെ സംസാരിക്കുന്ന ഒരാളാണ്. അപ്പോള്‍ നമുക്ക് പറയാമല്ലോ.

ഈ സിനിമയ്ക്കുള്ളില്‍ കാണിക്കുന്ന മറ്റൊരു കാര്യം, മഞ്ജു വാര്യരുടെ കഥാപാത്രം തനിക്ക് ജനങ്ങള്‍ക്കിടയില്‍ ജനപ്രീതി കിട്ടാന്‍ വേണ്ടി നേതാവായി ഇറങ്ങുന്ന നിമിഷം അവരുടെ ഒരു പ്രീ പ്ലാനിങ് ഉണ്ട്. ആ പ്രീ പ്ലാനിങ്ങിലൂടെ നാളെ വന്ന് തന്നെ എന്‍ഐഎ അറസ്റ്റ് ചെയ്യുമ്പോള്‍ എങ്ങനെ അറസ്റ്റ് ചെയ്യപ്പെടണം, എങ്ങനെ കയ്യില്‍ വിലങ്ങ് വയ്ക്കണം, അങ്ങനെ വിലങ്ങ് വച്ച് ഇറങ്ങുമ്പോള്‍ ആണ് താനൊരു നേതാവായി മാറുന്നത് എന്നുള്ള ഒരു തിരക്കഥാകൃത്തിന്റെ ഒരു പ്ലാനിങ് കാണുന്നുണ്ട്. അപ്പൊ ഏത് രീതിയില്‍ സമൂഹത്തില്‍ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്നുള്ള കൃത്യമായ പ്ലാനിങ് ഈ സിനിമയില്‍ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ വിഡ്ഢിയാക്കി ഒരു നേതാവായി മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നുണ്ട്.

സിനിമയില്‍ ആദ്യം ഒരു പെട്രോള്‍ കുപ്പി വന്നു വീഴുന്നത് കാണിക്കുന്നുണ്ട്. അതാരും ശ്രദ്ധിക്കാത്തത് കൊണ്ടാകാം കാണാത്തത്. ട്രെയിനില്‍ തീ പിടിച്ചതല്ല എന്നും ആരോ പെട്രോള്‍ ബോംബ് അല്ലെങ്കില്‍ പെട്രോള്‍ എറിഞ്ഞ് തീ പിടിപ്പിച്ചതാണെന്നും തന്നെയാണ് സിനിമ കാണിക്കുന്നത്. അത് ആര് എറിഞ്ഞു എന്നുള്ളതിനെ കുറിച്ച് കാണിക്കുന്നില്ല. പക്ഷേ പിന്നീട് ബില്‍ക്കിസ് ബാനു വിഷയവും പണ്ട് ഗുജറാത്തില്‍ സംഭവിച്ച വളരെ ദൗര്‍ഭാഗ്യകരമായ കാര്യവും വളരെ വൈകാരികമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് കാണുന്ന എല്ലാ മനുഷ്യര്‍ക്കിടയിലും വലിയ വേദന ഉണ്ടാകുന്ന ഒരു കാര്യമാണ്.

പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്. ഇവിടെ ഹിന്ദുത്വ ഭീകരവാദികളെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം പേര് അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സമാനമായ ആയ രണ്ട് ക്യാരക്ടറൈസേഷന്‍ കൊടുത്തു കൊണ്ട് കോണ്‍ഗ്രസിനെയും അല്ലെങ്കില്‍ യുഡിഎഫിനെയും ആണ് പ്രതിനിധീകരിക്കുന്നത് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു മോശം മുഖ്യമന്ത്രി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അധികാര സ്ഥാനത്ത് ഇരുന്നുകൊണ്ട് വളരെ മോശപ്പെട്ടവനാണെന്നും അയാള്‍ അധികാരത്തിന് വേണ്ടിയിട്ട് ഹിന്ദുത്വവാദികളോട് കൈകോര്‍ക്കുന്നവനാണെന്നുമാണ് ഈ സിനിമ കാണിക്കുന്നത്.

ഒരു സുപ്രഭാതത്തില്‍ പറയുന്നു ഞാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞാല്‍ ഏതെങ്കിലും പത്ത് പേരെങ്കിലും എതിര്‍ക്കേണ്ടേ. ഇത്രയും വിവരം കെട്ടവരും വിഡ്ഢികളും ആയിട്ടുള്ള മനുഷ്യരാണ് കോണ്‍ഗ്രസില്‍ ഉള്ളത് എന്നാണോ മുരളി ഗോപി ഉദ്ദേശിക്കുന്നത്? കോണ്‍ഗ്രസിന് മതേതരത്വ മൂല്യം കാത്തുസൂക്ഷിക്കുന്ന ഒരാളും ഇല്ലെന്നും രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ വന്ന് നാളെ ഇങ്ങനെ പറഞ്ഞാല്‍ അല്ലെങ്കില്‍ ഒരു നേതാവ് വന്ന് ഇത് പോലത്തെ ഒരു കാര്യം ഒരു അവതരിപ്പിച്ചാല്‍ ആ മുഖ്യമന്ത്രി പറയുന്നത് കേട്ട് പഞ്ചപുച്ചമടക്കി പോകുന്ന അനുയായികളാണ് എന്നല്ലേ നമ്മള്‍ ആ രംഗം കൊണ്ട് മനസിലാക്കേണ്ടത്. പുള്ളിയുടെ കൂടെ വല്ല എംഎല്‍എമാരെയും കണ്ടോ? എത്ര മന്ത്രിമാര്‍ ഇദ്ദേഹത്തിന് പിന്തുണ കൊടുത്തു? ഇതൊന്നും നമുക്ക് ഈ സിനിമയില്‍ കാണിക്കാനില്ല. അപ്പൊ ആരുടെ പിന്തുണയിലാണ് ഇയാള്‍ മുഖ്യമന്ത്രിയായി തുടരുന്നത്? അപ്പൊ അതായത് യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ വ്യതിചലിക്കുന്ന ഒരു രംഗം.

മറ്റൊരു കാര്യം അബ്രാം ഖുറേഷിക്ക് ലോകത്തെ മൊത്തം നിയന്ത്രിക്കാന്‍ ശേഷിയുണ്ട്. പക്ഷേ ഈ പാവം പിടിച്ച സയീദ് മസൂദിന്റെ വീട്ടുകാരെ മൊത്തം തട്ടിയവര്‍ക്കു വേണ്ടി 23 വര്‍ഷമാണ് പുള്ളി കാത്തിരുന്നത്. ഇതിന്റെ ആവശ്യമില്ലല്ലോ. ഇവിടുത്തെ മുല്ലപ്പെരിയാറിനെ എടുത്തു വച്ച് ബന്ധപ്പെടുത്തരുത്. പച്ചയായ രാഷ്ട്രീയം പറഞ്ഞ മഹത്തായ കലാസൃഷ്ടി എന്ന് പറഞ്ഞുകൊണ്ട് വരരുത്. ഇത് പച്ചയായ രാഷ്ട്രീയമല്ല പറഞ്ഞത്. രാജ്യത്ത് നടന്ന ഒരു സംഭവത്തെ ഓര്‍മപ്പെടുത്തി ഇവര്‍ ഇവരുടെ നിലപാട് പ്രഖ്യാപിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല.

മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണം ഉണ്ടാക്കാം. അതാണ് ഈ കണ്ടതും അതാണ് ആള് കേറിയതും. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ നോമ്പ് കഴിഞ്ഞ് പടം പോയി കണ്ട് അവര്‍ എന്നെ വിളിച്ചു പറഞ്ഞു എവിടെയെങ്കിലും കുറച്ച് ക്യാമറന്മാരെ ആള്‍ക്കാരെ പറഞ്ഞുവിട് അളിയാ ഞങ്ങളുടെ അഭിപ്രായം പറയാമെന്ന്. അവര്‍ക്ക് പടം ഇഷ്ടപ്പെട്ടില്ല. പടം ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ ഇവിടെ ഉണ്ട്. പക്ഷേ മതേതരത്വത്തിന്റെ പേരില്‍ ബിജെപിയെ എതിര്‍ക്കുക എന്നതിന്റെ പേരില്‍ ഈ സിനിമയെ കുറിച്ചിട്ടുള്ള സത്യസന്ധമായ അഭിപ്രായം പോലും പറയാന്‍ പറ്റാതെ നിശബ്ദരാക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ഉള്ളത്. ഈ സിനിമയില്‍ ഇപ്പൊ അബ്രാം ഖുറേഷിയുടെ കഥാപാത്രത്തിന് സ്റ്റീഫന്‍ ആയിട്ടുള്ള കണക്ഷനോ ബന്ധങ്ങളോ ഒന്നും കാണിക്കാതെ പത്ര മാധ്യമങ്ങള്‍ അബ്രാം ഖുറേഷി കൊല്ലപ്പെടുന്ന സമയത്ത് ആഘോഷിക്കുകയാണ്. ഈ സിനിമയുടെ വിലയിരുത്തലിനെ കുറിച്ച് ചിന്തിച്ചാല്‍ സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടത് മതമായിപ്പോയി, ഒരു സിനിമ ഇറങ്ങിയാല്‍ മതമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സിനിമയുടെ കഥ ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

കശ്മീരി ഫയല്‍സിനെ കുറിച്ച് പറഞ്ഞാലോ കേരള സ്റ്റോറിയെ കുറിച്ച് പറഞ്ഞാലോ ഒന്നും ന്യായീകരിക്കാന്‍ പറ്റില്ല. ഈ കേരള സ്റ്റോറി ഇവിടെ ആര് കണ്ടു, ഇവിടെ സംഘപരിവാര്‍കാര്‍ പോലും കണ്ടിട്ടില്ല. ഇവിടെ ‘പുഴ മുതല്‍ പുഴ വരെ’ എന്ന് പറയുന്ന ഒരു പടം എടുത്തു, രാമസിംഹന്‍ അതോട് കൂടി പാര്‍ട്ടി വിട്ടു. കാരണം സംഘികള്‍ പോലും കണ്ടിട്ടില്ല. ഞാന്‍ ‘ഛാവ’ എന്ന പടം കാണാന്‍ പോയി, ഇന്റര്‍വെല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോയി. ഞാന്‍ എന്റെ സിനിമയില്‍ കെ. സുരേന്ദ്രന്‍ എന്ന് പറയുന്ന നേതാവിനെ പരിഹസിച്ചു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ശത്രുത കാണിച്ചു എന്ന് സന്ദീപ് വാരിയര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോള്‍ ആ സിനിമയുടെ പ്രമേയം ചര്‍ച്ച ചെയ്യപ്പെടണം. അത് പുറത്ത് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന രീതിയില്‍ ആയി മാറാന്‍ പാടില്ല.

Tags:    

Similar News