പുഷ്പരാജിന്റെ തേരോട്ടത്തിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം; കേരളത്തിൽ 500 സ്‌ക്രീനുകളിൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും വൻ നേട്ടം; ആദ്യ ദിനം തന്നെ കളക്ഷൻ റെക്കോഡുകൾ തകർക്കുമോ ?

Update: 2024-12-03 09:12 GMT

കൊച്ചി: വൻ ഹൈപ്പോടെ റിലീസിനൊരുങ്ങുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ചിത്രമാണ് 'പുഷ്പ 2'. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പുഷ്പ 2 റിലീസ് ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രീ സെയിൽ ബിസിനസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലും താരത്തിന് വലിയ ആരാധക പിന്തുണയാണുള്ളത്. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ചിത്രം കേരളത്തിലും വൻ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

നിലവിലെ കണക്കുകൾ പ്രകാരം 500 സ്ക്രീനുകളിലാണ് 'പുഷ്പ 2' കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ നേട്ടം. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കും.

ചിത്രം ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെ ആയിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായിരിക്കും പുഷ്പ 2 എന്ന കണക്ക് കൂട്ടലിലാണ് അണിയറ പ്രവർത്തകരും ആരാധകരും.

പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിങ്സും ചേർന്നാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

Tags:    

Similar News