സ്ത്രീക്ക് മുന്നില്‍ അടിതെറ്റി ഷാറൂഖ് ഖാനും; ഇന്ത്യയില്‍ ഏറ്റവും കളക്ഷനുള്ള രണ്ടാമത്തെ ചിത്രമായി സ്ത്രീ 2; ആഗോള ബോക്സ് ഓഫീസില്‍ ഇതുവരെ സ്വന്തമാക്കിയത് 600 കോടിയിലേറെ

2018 ല്‍ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗമായ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിക്കും മുകളിലാണ് ഇതുവരെ സ്വന്തമാക്കിയത്.

Update: 2024-09-11 12:00 GMT

മുംബൈ: ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹൊറര്‍ കോമഡി ചിത്രം'സ്ത്രീ 2' റെക്കോര്‍ഡ് കലക്ഷനുമായി മുന്നേറുന്നു.2018 ല്‍ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗമായ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിക്കും മുകളിലാണ് ഇതുവരെ സ്വന്തമാക്കിയത്.ആഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

523.50 കോടി നേടിയ 'സ്ത്രീ 2' ഷാരൂഖ് ഖാന്‍ ചിത്രമായ 'പത്താന്‍',സണ്ണി ഡിയോള്‍ ചിത്രം 'ഗദ്ദര്‍ 2' എന്നിവയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.'പത്താന്‍' 513 കോടിയും 'ഗദ്ദര്‍' 2 515 കോടിയുമാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഷാരൂഖ് ഖാന്റെ തന്നെ ചിത്രമായ 'ജവാന്‍' ആണ് ഇനി 'സ്ത്രീ 2' വിന്റെ മുന്നിലുള്ള ചിത്രം.555.50 കോടിയാണ് ജവാന്‍ ഇന്ത്യയില്‍ നിന്ന് നേടിയത്.

റിലീസ് ചെയ്തു നാലാം വാരാന്ത്യത്തിലും 23.00 മുതല്‍ 23.50 കോടി രൂപ കളക്ഷന്‍ നേടാന്‍ 'സ്ത്രീ 2' വിനായിട്ടുണ്ട്.ചിത്രം ജവാനെ മറികടന്ന് ഒന്നാമതെത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.ആദ്യ ദിനം മാത്രം 55 കോടിയാണ് 'സ്ത്രീ 2' നേടിയത്. സിനിമയുടെ പെയ്ഡ് പ്രീമിയര്‍ ഷോയില്‍ നിന്നുള്ള കളക്ഷന്‍ കൂടി കണക്കാക്കുമ്പോള്‍ അത് 64 കോടിയാകും.2024 ല്‍ ഒരു ബോളിവുഡ് സിനിമക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപണിങ് കൂടിയാണ് 'സ്ത്രീ'യുടേത്.

റിലീസ് ചെയ്ത് 10 ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ 500 കോടി ക്ലബില്‍ ഇടം നേടിയത്.അമര്‍ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. 'സ്ത്രീ '2. 'സ്ത്രീ', 'ഭേടിയാ', 'മുഞ്ജ്യ' എന്നിവയാണ് മറ്റു സിനിമകള്‍. രാജ്കുമാര്‍ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനര്‍ജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

Tags:    

Similar News