'ഞങ്ങള്‍ നിസ്സഹായരാണ്; നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാകുക; ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ; അപേക്ഷയാണ്'; അഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്
തിയറ്ററില്‍ നിറസദസ്സില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോയുടെ എച്ച്ഡി പതിപ്പ് ലീക്കായതില്‍ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ തങ്ങള്‍ നിസ്സഹായരാണ് എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇത് തടയാന്‍ പ്രേക്ഷകര്‍ സഹായിക്കണം എന്നും താരം അഭ്യര്‍ത്ഥിച്ചു.
'ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് നിസ്സഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്'- ഉണ്ണി മുകുന്ദന് കുറിച്ചു. പൃഥ്വിരാജ്, ബേസില്‍ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പ് പങ്കുവച്ച് മാര്‍ക്കോ ടീമിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേര്‍ഷന്റെ എച്ച്ഡി പതിപ്പാണ് ഓണ്‍ലൈനിലൂടെ പുറത്തുവന്നത്. ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ വിവിധ രംഗങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ അന്യ ഭാഷകളിലടക്കം ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു. മുന്നൂറ് തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് റിലീസിനെത്തിയത് ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുന്നുണ്ട്.